17 വയസില്‍ ഡ്രൈവിംഗ് ലൈസന്‍സ്; കാല്‍ നടക്കാര്‍ക്ക് നിയന്ത്രണം; യു.എ.ഇയില്‍ ട്രാഫിക് നിയമം പുതുക്കുന്നു

പ്രളയസമയങ്ങളില്‍ സ്വകാര്യ വാഹനങ്ങള്‍ ഓടിക്കാന്‍ അനുമതിയില്ല

Update:2024-12-06 16:21 IST

DUBAI

ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കാന്‍ യു.എ.ഇയില്‍ ഇനി 18 വയസ് വരെ കാത്തിരിക്കേണ്ട. 17 വയസ് പൂര്‍ത്തിയാക്കിയവര്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കാന്‍ യു.എ.ഇ സര്‍ക്കാരിന്റെ തീരുമാനം. അടുത്ത വര്‍ഷം മാര്‍ച്ച് 29 മുതലാണ് ഇത് പ്രാബല്യത്തിലാകുക. എമിറേറ്റുകളിലെ വാഹനഗതാഗത രംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് പുതിയ നിയമം ഇടവരുത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. വാഹനങ്ങളുടെ വില്‍പ്പന വര്‍ധിക്കുന്നതിനും പുതിയ തീരുമാനം ഇടയാക്കും. അതേസമയം, പ്രധാന നഗരങ്ങളില്‍ ഗതാഗത കുരുക്ക് വര്‍ധിപ്പിക്കുന്നതിന് ഈ നീക്കം കാരണമാകുമെന്ന ആശങ്കയും ഉയരുന്നുണ്ട്. ഗതാഗത മേഖലയില്‍ നിരവധി പുതിയ ചട്ടങ്ങളാണ് പുതുവര്‍ഷത്തോടനുബന്ധിച്ച് യു.എ.ഇ സര്‍ക്കാര്‍ നടപ്പാക്കുന്നത്.

റോഡ് മുറിച്ചു കടക്കുന്നതിന് നിയന്ത്രണം

മണിക്കൂറില്‍ 80 കിലോമീറ്ററിന് മുകളില്‍ വേഗത അനുവദനീയമായ റോഡുകള്‍ കാല്‍നടക്കാര്‍ മുറിച്ചു കടക്കുന്നത് കര്‍ശനമായി നിരോധിക്കും. ഈ നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ കുറ്റത്തിന് കേസെടുക്കും. വാഹനങ്ങളുടെ ശബ്ദനിയന്ത്രണവും അടുത്ത വര്‍ഷം മുതല്‍ കര്‍ശനമാക്കും. പരിധിയില്‍ കവിഞ്ഞ ശബ്ദത്തിലുള്ള  ഹോണുകള്‍ക്ക് അനുമതിയുണ്ടാവില്ല. അത്യാവശ്യ സമയങ്ങളില്‍ അല്ലാതെ നഗരങ്ങളില്‍ കാറുകള്‍ ഹോണ്‍ മുഴക്കുന്നതും വിലക്കിയിട്ടുണ്ട്.

പ്രളയ സമയത്ത് നിരോധനം

ശക്തമായ മഴ മൂലം പ്രളയസാധ്യതയുണ്ടാകുന്ന സമയങ്ങളില്‍ സ്വകാര്യ വാഹനങ്ങള്‍ ഓടിക്കുന്നതിനും വിലക്ക് ഏര്‍പ്പെടുത്തും. മദ്യം, മയക്ക് മരുന്ന് എന്നിവ ഉപയോഗിച്ച് വാഹനം ഓടിക്കുന്നതും അപകടകരമായ ഡ്രൈവിംഗും കടുത്ത ശിക്ഷ ലഭിക്കുന്ന കുറ്റമാക്കി മാറ്റാനും യു.എ.ഇ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. നിയമപ്രകാരം അനുവദിക്കപ്പെടാത്ത വസ്തുക്കള്‍ വാഹനങ്ങളില്‍ കൊണ്ടു പോകുന്നതും അമിത ഭാരം കയറ്റുന്നതും ഗുരുതരമായ കുറ്റമായി കണക്കാക്കാനും ഗതാഗതവുമായി ബന്ധപ്പെട്ട പുതിയ ഫെഡറല്‍ ചട്ടങ്ങളില്‍ വ്യവസ്ഥ ചെയ്തു. 

Tags:    

Similar News