ഓൺലൈൻ ടാക്‌സി ₹100 അധികം ഈടാക്കിയതിനെതിരെ പരാതിപ്പെട്ടയാൾക്ക് ഒടുവിൽ നഷ്ടം ലക്ഷങ്ങൾ!

പൊല്ലാപ്പായത് തട്ടിപ്പുകാര്‍ പറ‌ഞ്ഞ ആപ്പ് ഡൗൺലോഡ് ചെയ്തത്

Update: 2023-11-21 15:31 GMT

Image courtesy: canva

ഊബര്‍ യാത്രയ്ക്ക് 100 രൂപ അധികമായി ഈടാക്കിയ തുക വീണ്ടെടുക്കാന്‍ പരാതിപ്പെട്ട ഡല്‍ഹി സ്വദേശിക്ക് ഒടുവിൽ നഷ്ടമായത് അഞ്ച് ലക്ഷം രൂപ. തട്ടിപ്പിനിരയായ പ്രദീപ് ചൗധരി എന്നയാൾ അധിക തുക ഈടാക്കിയത് പരാതിപ്പെടാനായി ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത് കണ്ടെത്തിയ യൂബര്‍ കസ്റ്റമര്‍ കെയര്‍ നമ്പറിലേക്ക് വിളിച്ചതിന് പിന്നാലെയാണ് പണം നഷ്ടമായത്.

ഗൂഗിളിലെ കെണി

പ്രദീപ് ചൗധരിക്ക് ഊബര്‍ ക്യാബിലെ യാത്രാക്കൂലി 205 രൂപയാണ് കാണിച്ചത്. എന്നാല്‍ യാത്ര അവസാനിച്ചതിന് ശേഷം 318 രൂപ ഈടാക്കി. കസ്റ്റമര്‍ കെയറില്‍ വിളിച്ചാല്‍ പണം തിരികെ ലഭിക്കുമെന്ന് ഡ്രൈവര്‍ നിര്‍ദ്ദേശിച്ചു. ഇതേതുടര്‍ന്നാണ് പരാതിപ്പെടാനായി ഗൂഗിളില്‍ നിന്ന് കസ്റ്റമര്‍ കെയര്‍ നമ്പറെടുത്തത്. ഗൂഗിളില്‍ നിന്ന് ലഭിച്ച 6289339056 എന്ന നമ്പറിലാണ് പ്രദീപ് വിളിച്ചത്. ഇത് പിന്നീട് 6294613240 എന്ന നമ്പറിലേക്കും ശേഷം രാകേഷ് മിശ്ര എന്ന പേരിലേക്കുള്ള 9832459993 എന്ന നമ്പറിലേക്കും റീഡയറക്ട് ചെയ്യുകയായിരുന്നു.

കോള്‍ എടുത്ത വ്യക്തി പ്രദീപ് ചൗധരിയോട് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് 'റസ്റ്റ് ഡെസ്‌ക് ആപ്പ്' (Rust Desk app) ഡൗണ്‍ലോഡ് ചെയ്യാന്‍ ആവശ്യപ്പെട്ടു. ശേഷം പേയ്റ്റീഎം ആപ്പില്‍ നിന്ന് റീഫണ്ട് തുകയ്ക്കായി 'rfnd 112' എന്ന് മെസ്സേജ് ചെയ്യാനും ആവശ്യപ്പെട്ടു. വെരിഫിക്കേഷനായി ഫോണ്‍ നമ്പര്‍ നല്‍കാനും പറഞ്ഞു. ഇതോടെയാണ് ഊബര്‍ ഉപയോക്താക്കളെ കബളിപ്പിക്കാന്‍ തട്ടിപ്പുകാര്‍ സൃഷ്ടിച്ച വ്യാജ നമ്പറില്‍ പ്രദീപ് ചൗധരി കുടുങ്ങിയത്. തട്ടിപ്പുകാര്‍ക്ക് ഏത് സ്ഥലത്തു നിന്നും തട്ടിപ്പിനിരയാകുന്നവരുടെ ഉപകരണങ്ങള്‍ നിയന്ത്രിക്കാന്‍ അനുവദിക്കുന്ന ഒരു ആപ്ലിക്കേഷനാണ് റസ്റ്റ് ഡെസ്‌ക്.

തട്ടിപ്പിനിരയാകാതെ ശ്രദ്ധിക്കാം

ഊബര്‍ യാത്രയില്‍ ഇത്തരത്തിലൊരു പ്രശ്‌നം നേരിട്ടാല്‍ പരാതിപ്പെടുന്നതിനും പരിഹാരത്തിനുമായി ഊബര്‍ ആപ്പ് തന്നെ ഉപയോഗിച്ചാൽ മതി. ഊബര്‍ ആപ്പിലെ 'ഹെല്‍പ്പ്' (help) ഓപ്ഷനിലെ 'ഗ്രീവന്‍സ് റിഡ്രസ്സല്‍' (grievance redressal) ക്ലിക്ക് ചെയ്ത ശേഷം പരാതികള്‍ അറിയിക്കാം. തട്ടിപ്പിനിരയാകാതെയിരിക്കാന്‍ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം സുരക്ഷിതമല്ലാത്ത ആപ്പുകള്‍ ആപ്പ് സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാതിരിക്കുക എന്നതാണ്.

Tags:    

Similar News