ഊബറില്‍ ഇനി ബസും വിളിക്കാം, സേവനം ഇനി ഈ നഗരത്തിലും
മറ്റ് സംസ്ഥാനങ്ങളിലേക്കും ഊബര്‍ ബസ് സര്‍വീസുകള്‍ ഉടനെത്തിയേക്കും
ഊബറില്‍ ഓട്ടോയും കാറുമൊക്കെ നമ്മള്‍ ബുക്ക് ചെയ്യാറുണ്ട്. ഇനിയിതാ ബസും ബുക്ക് ചെയ്യാം. ഡല്‍ഹിക്ക് ശേഷം കൊല്‍ക്കത്തയിലേക്കും ബസ് സര്‍വീസ് കൊണ്ടുവന്നിരിക്കുകയാണ് ഊബര്‍. കൊല്‍ക്കത്തയില്‍ മുന്‍കൂട്ടി നിശ്ചയിച്ച റൂട്ടുകളില്‍ അടുത്ത വര്‍ഷം മാര്‍ച്ചോടെ 60 എയര്‍കണ്ടീഷന്‍ 'ഊബര്‍ ഷട്ടില്‍' (Uber Shuttle) ബസുകളിറക്കും. 2025ഓടെ പശ്ചിമ ബംഗാളില്‍ 83 കോടി രൂപ നിക്ഷേപിക്കുമെന്നും അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 50,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും ഊബര്‍ കൂട്ടിച്ചേര്‍ത്തു.
വിവിധ സേവനങ്ങള്‍
യാത്രക്കാര്‍ക്ക് ഊബര്‍ ഷട്ടിലിനായി ഒരാഴ്ച മുമ്പ് സീറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാനും തത്സമയ ലൊക്കേഷനും റൂട്ടും ട്രാക്ക് ചെയ്യാനും ഊബര്‍ ആപ്പ് വഴി സാധിക്കും. മാത്രമല്ല ലക്ഷ്യ സ്ഥാനത്ത് എത്തിച്ചേരുന്ന സമയവും കാണാനാകും. കാഷ്ലെസ്സ് പേയ്മെന്റ് ഓപ്ഷനുകള്‍, മുഴുവന്‍ സമയ സുരക്ഷാ സംവിധാനം, ദിവസവും രാവിലെ 6 മുതല്‍ രാത്രി 10 വരെ യാത്ര സൗകര്യം എന്നീ സേവനങ്ങള്‍ കമ്പനി ഉറപ്പാക്കുന്നു.
ഉടന്‍ മറ്റ് സംസ്ഥാനങ്ങളിലേക്കും
ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിമൊപ്പം കാര്‍ബണ്‍ എമിഷനും കുറയ്ക്കുക എന്ന ആഗോള സുസ്ഥിരത ലക്ഷ്യത്തിലെത്താന്‍ ഊബര്‍ ഷട്ടില്‍ ബസുകള്‍ സഹായിക്കുമെന്ന് ഊബര്‍ ഇന്ത്യ ആന്‍ഡ് സൗത്ത് ഓപ്പറേഷന്‍സ് ഡയറക്ടര്‍ ശിവ ശൈലേന്ദ്രന്‍ പറഞ്ഞു. ഊബര്‍ ഷട്ടില്‍ ബസുകള്‍ നിലവില്‍ ഡല്‍ഹിയില്‍ സര്‍വീസ് നടത്തുന്നുണ്ട്. വൈകാതെ ഈ സംവിധാനം മറ്റ് സംസ്ഥാനങ്ങളിലേക്കും കമ്പനി വ്യാപിപ്പിക്കും.