'പ്രതിഫലമില്ലാതെ സ്ത്രീകള്‍ ചെയ്യുന്ന ജോലിയുടെ മൂല്യം ആപ്പിളിന്റെ വരുമാനത്തിന്റെ 43 ഇരട്ടി'

Update: 2019-01-22 06:14 GMT

ലോകത്താകമാനമുള്ള സ്ത്രീകൾ പ്രതിഫലമില്ലാതെ ചെയ്യുന്ന ജോലിയുടെ മൂല്യം കണക്കാക്കിയാൽ 10 ട്രില്യൺ ഡോളർ (713 ലക്ഷം കോടി രൂപ) വരുമെന്ന് പഠനം. ഇത് ലോകത്തിലെ ഏറ്റവും വലിയ കമ്പനിയായ ആപ്പിളിന്റെ വാർഷിക വിറ്റുവരവിന്റെ 43 ഇരട്ടിയോളമാണെന്ന് ഓക്സ്ഫാമിന്റെ റിപ്പോർട്ടിൽ പറയുന്നു.

ഇന്ത്യയിൽ വീട്ടുകാര്യങ്ങളും കുട്ടികളെ നോക്കിവളർത്തുന്നതും ഉൾപ്പെടെ സ്ത്രീകൾ ചെയ്യുന്ന പ്രതിഫലമില്ലാത്ത സേവനങ്ങളുടെ മൂല്യം രാജ്യത്തിൻറെ ജിഡിപിയുടെ 3.1 ശതമാനമാണ്. പ്രതിഫലമില്ലാത്ത ജോലികൾക്കായി ഗ്രാമീണ മേഖലയിലെ സ്ത്രീകൾ ദിവസത്തിൽ 291 മിനിറ്റും നഗരങ്ങളിലെ സ്ത്രീകൾ 312 മിനിറ്റുമാണ് നീക്കിവെക്കുന്നത്.

അതേസമയം, പുരുഷന്മാരാണെങ്കിൽ ഗ്രാമങ്ങളിൽ 29 മിനിറ്റും നഗരങ്ങളിൽ 32 മിനിറ്റുമാണ് പ്രതിഫലമില്ലാത്ത ജോലികൾക്കായി മാറ്റി വെക്കുന്നത്.

സ്വിറ്റ്സർലണ്ടിൽ നടക്കാനിരിക്കുന്ന വേൾഡ് ഇക്കണോമിക് ഫോറത്തിന് മുന്നോടിയായാണ് റിപ്പോർട്ട് പുറത്തുവിട്ടത്.

ഇന്ത്യയിലെ സാമ്പത്തിക അസമത്വം മൂലം ഏറ്റവുമധികം കഷ്ടതയനുഭവിക്കുന്നത് സ്ത്രീകളും പെൺകുട്ടികളുമാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സാമ്പത്തിക അസമത്വത്തിന് ഇന്ത്യയിൽ 'സ്ത്രീ മുഖ'മാണെന്നാണ് ഓക്സ്ഫാം റിപ്പോർട്ടിൽ പറയുന്നത്.

രാജ്യത്തെ 119 കോടിപതികളുടെ പട്ടികയിൽ 9 സ്ത്രീകൾ മാത്രമേയുള്ളൂ എന്നും പഠനം വ്യക്തമാക്കുന്നു.

2018 ലെ വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ ഗ്ലോബൽ ജെൻഡർ ഗാപ് ഇൻഡക്സിൽ ഇന്ത്യയുടെ റാങ്കിങ് 108 ആണ്. 2006 നേക്കാളും വളരെ താഴെയാണിത്. മാത്രമല്ല, അയൽരാജ്യങ്ങളായ ചൈന, ബംഗ്ലാദേശ് എന്നിവർക്ക് പിന്നിലാണ് ഇന്ത്യ.

ധനം ഓൺലൈനിന്റെ പുതിയ സൗജന്യ വാട്സ്ആപ് ന്യൂസ് സേവനം സബ്‌സ്‌ക്രൈബ് ചെയ്യാൻ https://bit.ly/2sGjKNQ

Similar News