പാക്ക് ഭീകര ക്യാംപുകളില്‍ ഭീതി വിതച്ച് ഇസ്രായേലി 'കില്ലര്‍' ഡ്രോണ്‍ വരും

Update: 2019-11-20 06:36 GMT

അതിര്‍ത്തി കടന്ന് ആക്രമണം നടത്തി തിരിച്ചുവരാന്‍ ശേഷിയുള്ള 'ഹെറോണ്‍' കില്ലര്‍ ഡ്രോണുകള്‍ ഇസ്രായേലില്‍ നിന്ന് വാങ്ങാനുള്ള കരാര്‍ പ്രതിരോധ മന്ത്രാലയം അംഗീകരിച്ചതായി റിപ്പോര്‍ട്ട്. ആയുധം വഹിക്കാന്‍ കഴിയുന്ന 10 ഹെറോണുകളാണ് ഇസ്രായേലില്‍ നിന്ന് വരുന്നത്. 40 കോടി ഡോളര്‍ കണക്കാക്കപ്പെടുന്ന ഇടപാടിന് അന്തിമ രൂപം നല്‍കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതായി പ്രതിരോധ മന്ത്രാലയ വക്താവ് വെളിപ്പെടുത്തി.

ഇരുട്ടിലും മനുഷ്യന്റെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ ശേഷിയുള്ളതാണ് ഹെറോണ്‍ ആളില്ലാ വിമാനങ്ങള്‍. ഇസ്രായേലിന്റെ ഏറ്റവും ശക്തിയേറിയ ആയുധമായി മാറിക്കഴിഞ്ഞു ഈ കില്ലര്‍ ഡ്രോണുകള്‍. 1 ടണ്‍ പേലോഡ് വഹിക്കാന്‍ കഴിയുന്ന 85 അടി ചിറകുള്ള ഹെറോണിന് വായുവില്‍ നിന്ന് ഉപരിതലത്തിലേക്ക് മിസൈലുകള്‍ വിക്ഷേപിക്കാന്‍ കഴിയും. 35,000 അടി ഉയരത്തില്‍ വരെ പറന്ന് ആക്രമണം നടത്താനും ഹെറോണിന് കഴിയും. ഇസ്രായേല്‍ എയ്‌റോസ്‌പേസ് ഇന്‍ഡസ്ട്രീസാണ് ഈ ഡ്രോണുകള്‍ നിര്‍മ്മിക്കുന്നത്.

470 കിലോഗ്രാം ആയുധങ്ങള്‍ വരെ വഹിക്കുന്ന ഡ്രോണ്‍ 350 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കും. ശത്രുവിന്റെ നീക്കങ്ങള്‍ മുന്‍കൂട്ടി തിരിച്ചറിയാനും പ്രതിരോധിക്കാനും ഇതിനു കഴിയും. സ്ഥല വിവരവും പ്രദേശത്തെ സംഭവ വികാസങ്ങളും എല്ലാം തല്‍സമയം പകര്‍ത്തി കമാന്‍ഡോകളുടെ കേന്ദ്രത്തിലേക്കെത്തിക്കും. 8.5 മീറ്ററാണ് ഇതിന്റെ നീളം.

ഇസ്രായേലിനെ കൂടാതെ തുര്‍ക്കി,കാനഡ,ആസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ ഭീകരരെ നേരിടുന്നതിന് ഫലപ്രദമായി ഹെറോണ്‍ ഉപയോഗിക്കുന്നുണ്ട്. മെയ് മാസത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രയേല്‍ സന്ദര്‍ശിച്ച ശേഷമാണ് ഇതു വാങ്ങുന്നതിനായുള്ള കരാര്‍ ഒപ്പിട്ടത്.പാക്കിസ്ഥാന്‍, ചൈന വെല്ലുവിളികളെ നേരിടുന്നതിനായി അത്യാധുനിക ശേഷിയുള്ള ഡ്രോണുകള്‍ ഇന്ത്യക്ക് നല്‍കാന്‍ സജ്ജമാണെന്ന് നേരത്തെ തന്നെ ഇസ്രയേല്‍ അറിയിച്ചിരുന്നു.

ഇതിനിടെ, 200 ഹെലികോപ്റ്ററുകള്‍ വാങ്ങാനുള്ള കരാര്‍ ഒപ്പിടാന്‍ ഇന്ത്യ വൈകുകയാണെന്ന് റഷ്യന്‍ വക്താവ് ആന്‍ഡ്രി ബോഗിന്‍സ്‌കി അറിയിച്ചു. തങ്ങള്‍ എല്ലാ വിവരങ്ങളും ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയത്തിന് നല്‍കിയെങ്കിലും ആ ഭാഗത്തുനിന്ന് കാര്യക്ഷമവും വേഗത്തിലുള്ളതുമായ നീക്കം കാണുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

200 റഷ്യന്‍ കെഎ 226 ടി ഹെലികോപ്റ്ററുകള്‍ വാങ്ങുന്നതിനായി മോദിയുടെ 'മെയ്ക്ക് ഇന്‍ ഇന്ത്യ' പരിപാടിയില്‍ 2015 ല്‍ ഇരു രാജ്യങ്ങളും കരാര്‍ ഒപ്പിട്ടിരുന്നു.ഇതില്‍  60 എണ്ണം റഷ്യയില്‍ നിര്‍മിച്ചു നല്‍കും. ബാക്കിയുള്ളവ ഇന്ത്യയില്‍  ഉല്‍പ്പാദിപ്പിക്കുമെന്നും ബോഗിന്‍സ്‌കി പറഞ്ഞു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News