തത്കാൽ സമയങ്ങളില്‍ ട്രെയിന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ സാധിക്കുന്നില്ല, പോര്‍ട്ടലും ആപ്പും ഹാംഗ് !

80 ശതമാനത്തിലധികം ട്രെയിൻ ടിക്കറ്റുകളും ഓൺലൈൻ വഴിയാണ് ബുക്ക് ചെയ്യുന്നത്

Update:2024-11-12 10:33 IST
തത്കാൽ ടിക്കറ്റ് ബുക്കിംഗ് സമയത്ത് ഐ.ആർ.സി.ടി.സി പോർട്ടൽ ഹാംഗ് ആകുന്നതായി വ്യാപക പരാതി. തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കയറുമ്പോള്‍ നാലോ അഞ്ചോ മിനിറ്റുകൾക്ക് ശേഷം മാത്രമാണ് സൈറ്റ് ലോഡാകുന്നത്. അപ്പോഴേക്കും ടിക്കറ്റുകൾ ലഭ്യമല്ലാത്ത അവസ്ഥയിലേക്കോ വെയിറ്റ്‌ലിസ്റ്റിലേക്കോ മാറിയിട്ടുണ്ടാകുമെന്നും ഉപയോക്താക്കള്‍ പറയുന്നു.
എ.സി ക്ലാസുകൾക്ക് രാവിലെ 10 മണിക്കും നോൺ എ.സി ക്ലാസുകൾക്ക് (സ്ലീപ്പറും സെക്കൻഡ് സിറ്റിംഗും) രാവിലെ 11 മണിക്കും തത്കാൽ ബുക്കിംഗ് ആരംഭിക്കും. തത്കാൽ ബുക്കിംഗ് സമയത്തെ ഉയർന്ന ട്രാഫിക് ഡിമാൻഡ് കൈകാര്യം ചെയ്യുന്നതിനായി സെർവർ ഐ.ആർ.സി.ടി.സി അപ്ഗ്രേഡ് ചെയ്തിരുന്നു.
ഐ.ആർ.സി.ടി.സി റെയിൽ കണക്ട് മൊബൈൽ ആപ്പും ഇതേ പ്രശ്‌നം നേരിടുന്നുണ്ടെന്ന് യാത്രക്കാർ പറയുന്നു. 80 ശതമാനത്തിലധികം ട്രെയിൻ ടിക്കറ്റുകളും ഓൺലൈൻ വഴിയാണ് ബുക്ക് ചെയ്യുന്നത്.

ട്രാവൽ ഏജൻ്റുമാർക്ക് ടിക്കറ്റുകള്‍ ലഭിക്കുന്നുണ്ട്

ഹൈ-സ്പീഡ് ഇൻ്റർനെറ്റ് ഉപയോഗിച്ചിട്ടും ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയുന്നില്ലെന്ന് ഉപയോക്താക്കള്‍ പറയുന്നു. വെബ്‌സൈറ്റിൽ 'ബുക്ക് നൗ' ക്ലിക്ക് ചെയ്‌ത ഉടന്‍ സിസ്റ്റം ഹാംഗ് ആകുകയും വെബ്സൈറ്റ് ലോഡ് ആകുന്നതില്‍ പരാജയപ്പെടുകയും ചെയ്യുന്നു. അതേസമയം, ഉയർന്ന ഡിമാൻഡുള്ള റൂട്ടുകളിൽ പോലും ട്രാവൽ ഏജൻ്റുമാർക്ക് തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ കഴിയുന്നുണ്ടെന്നും യാത്രക്കാര്‍ പരാതിപ്പെടുന്നു.
ഐ.ആർ.സി.ടി.സി വെബ്‌സൈറ്റുമായും ആപ്പുമായും ഉപയോക്തൃ ഐ.ഡി ആധാറുമായി ബന്ധിപ്പിച്ചാല്‍ ഒരു യാത്രക്കാരന് ഒരു മാസം 24 ട്രെയിൻ ടിക്കറ്റുകള്‍ വരെ ബുക്ക് ചെയ്യാന്‍ റെയിൽവേ അനുവദിക്കുന്നു. ഉപയോക്താക്കള്‍ക്ക് ആധാറുമായി ബന്ധിപ്പിക്കാതെ 12 ടിക്കറ്റുകളും ബുക്ക് ചെയ്യാവുന്നതാണ്.
Tags:    

Similar News