വന്ദേഭാരതിനോട് കേരളത്തില്‍ പ്രിയം ഈ പ്രായത്തിലുള്ളവര്‍ക്ക്; പുതിയ കണക്കുകള്‍ പറയുന്നത് ഇങ്ങനെ

വന്ദേഭാരത് ട്രെയിനുകളെല്ലാം കൂടി ഇതുവരെ സഞ്ചരിച്ചത് 1.24 കോടി കിലോമീറ്ററാണ്‌

Update:2024-06-06 16:04 IST
ഇന്ത്യന്‍ റെയില്‍വേയ്ക്ക് പുതിയ വേഗം സമ്മാനിച്ചാണ് വന്ദേ ഭാരത് ട്രെയിന്‍ സര്‍വീസ് ആരംഭിച്ചത്. 2019 ഫെബ്രുവരി 15ന് തുടക്കം കുറിച്ച വന്ദേ ഭാരത് സര്‍വീസുകള്‍ അതിവേഗം യാത്രക്കാര്‍ ഏറ്റെടുത്തു. ഇപ്പോള്‍ 102 ട്രെയിനുകളാണ് വിവിധ റൂട്ടുകളില്‍ സര്‍വീസ് നടത്തുന്നത്.
വന്ദേഭാരത് കൂടുതല്‍ ജനകീയമായ സംസ്ഥാനങ്ങളിലൊന്ന് കേരളമാണ്. ഓരോ റൂട്ടിലും കപ്പാസിറ്റിയോട് അടുത്തു നില്‍ക്കുന്ന യാത്രക്കാര്‍ വന്ദേ ഭാരതില്‍ യാത്ര ചെയ്യുന്നുണ്ട്. ഏറ്റവും കൂടുതല്‍ സീനിയര്‍ സിറ്റിസണ്‍സ് ഈ ന്യൂജന്‍ സര്‍വീസിനെ ആശ്രയിക്കുന്നതും കേരളത്തിലാണ്.
ദേശീയ ശരാശരിയുടെ 15.7 ശതമാനമാണ് മുതിര്‍ന്ന പൗരന്മാരില്‍ കേരളത്തിന്റെ സംഭാവന. സുരക്ഷിതത്വവും കൂടുതല്‍ യാത്രസുഖവുമാണ് വന്ദേഭാരതിലേക്ക് മുതിര്‍ന്ന പൗരന്മാരെ ആകര്‍ഷിക്കുന്ന ഘടകങ്ങള്‍.
കൂടുതല്‍ റൂട്ടുകളിലേക്ക് സര്‍വീസ്
വന്ദേഭാരത് ട്രെയിനുകള്‍ ഇതുവരെ 18,423 സര്‍വീസുകള്‍ നടത്തിയതായി റെയില്‍വേ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ ട്രെയിനുകളെല്ലാം കൂടി ഇതുവരെ സഞ്ചരിച്ചത് 1.24 കോടി കിലോമീറ്ററാണ്. കൂടുതല്‍ റൂട്ടുകളിലേക്ക് സര്‍വീസ് വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് റെയില്‍വേ. ഇതിനൊപ്പം വന്ദേ മെട്രോയും അടുത്തു തന്നെ ട്രാക്കിലിറങ്ങും.
26-45 പ്രായത്തിലുള്ളവരാണ് വന്ദേഭാരതില്‍ യാത്ര ചെയ്യുന്നവരിലേറെയും. മൊത്തം യാത്രക്കാരുടെ 45.9 ശതമാനം വരുമിത്. യാത്രക്കാരില്‍ 61.7 ശതമാനവും പുരുഷന്മാരാണ്. ജാര്‍ഖണ്ഡിലാണ് കൂടുതല്‍ പുരുഷന്മാര്‍ യാത്ര ചെയ്തത്. സ്ത്രീ യാത്രക്കാരുടെ ശതമാനത്തില്‍ മുന്നിലുള്ളത് ഗോവയാണ്, 42 ശതമാനം.
പുതിയ ആപ്പ് വൈകില്ല
റെയില്‍വേയുടെ എല്ലാ സേവനങ്ങളും ഒരൊറ്റ പ്ലാറ്റ്ഫോമില്‍ ലഭിക്കുന്ന സൂപ്പര്‍ ആപ്പ് ഈ മാസം പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ട്. യാത്രക്കാര്‍ക്ക് എല്ലാ ട്രെയിന്‍ സേവനങ്ങളും ഒരു ആപ്പില്‍ നിന്ന് തന്നെ ലഭിക്കുമെന്നതാണ് സൂപ്പര്‍ ആപ്പിന്റെ പ്രത്യേകത. രാജ്യത്ത് ഓടുന്ന എല്ലാ ട്രെയിനുകളുടെയും ട്രാക്കിംഗ്, ടിക്കറ്റ് ബുക്കിംഗ്, ഫുഡ് ഓര്‍ഡര്‍, റീഫണ്ടിംഗ് ഉള്‍പ്പെടെ എല്ലാ തരത്തിലുള്ള സേവനങ്ങളും ഉള്‍പ്പെടുത്തിയുള്ളതാകും പുതിയ ആപ്പ്.
ഈ സേവനം അവതരിപ്പിക്കാനുള്ള ഒരുക്കങ്ങളിലായിരുന്നു കഴിഞ്ഞ കുറെ മാസങ്ങളായി റെയില്‍വേ. യാത്രക്കാരുടെ ഏറെക്കാലമായുള്ള ആവശ്യമായിരുന്നു റെയില്‍വേയുടെ എല്ലാ സേവനങ്ങളും ഒറ്റ മൊബൈല്‍ ആപ്പില്‍ ലഭിക്കണമെന്നത്. പുതിയ ആപ്പ് വരുന്നതോടെ ടിക്കറ്റ് റീഫണ്ട് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വേഗത്തിലാകും.
Tags:    

Similar News