വന്ദേ ഭാരതിന്റെ വേഗത കുറഞ്ഞു കുറഞ്ഞു വരുന്നു, കാരണം?
2020-21 കാലഘട്ടത്തില്‍ ശരാശരി 84.48 കിലോമീറ്റര്‍ വേഗത്തിലായിരുന്നു വന്ദേഭാരത് സഞ്ചരിച്ചിരുന്നത്
യാത്രക്കാര്‍ രണ്ടു കൈയുംനീട്ടി സ്വീകരിച്ച വന്ദേഭാരത് ട്രെയിനുകളുടെ വേഗത മൂന്നുവര്‍ഷം കൊണ്ട് കുറഞ്ഞതായി റെയില്‍വേ. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് മറുപടിയായിട്ടാണ് റെയില്‍വേ ഇക്കാര്യം വ്യക്തമാക്കിയത്.
2020-21 കാലഘട്ടത്തില്‍ ശരാശരി 84.48 കിലോമീറ്റര്‍ വേഗത്തിലായിരുന്നു വന്ദേഭാരത് സഞ്ചരിച്ചിരുന്നത്. എന്നാല്‍ 2023-24 എത്തുമ്പോള്‍ 76.25 കിലോമീറ്ററിലേക്ക് വേഗത താഴ്ന്നു. വന്ദേഭാരത് മാത്രമല്ല മറ്റ് പല ട്രെയിനുകളുടെയും വേഗതയില്‍ കുറവു വന്നതായി റെയില്‍വേ അധികൃതര്‍ പറയുന്നു. ഇതിന് കാരണങ്ങള്‍ പലതാണ്.
ദുര്‍ഘടമായ റൂട്ടും നവീകരണ പ്രവര്‍ത്തനങ്ങളും
രാജ്യത്തിന്റെ പലയിടത്തും റെയില്‍വേ പാളങ്ങളില്‍ വലിയതോതിലുള്ള നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. ഇതുമൂലം പലപ്പോഴും കൂടുതല്‍ വേഗത്തില്‍ പോകാന്‍ സാധിക്കില്ല. പുതിയ വന്ദേഭാരത് ട്രെയിനുകള്‍ കൂടുതല്‍ ദുഷ്‌കരമായ റെയില്‍വേ ലൈനുകളുള്ള റൂട്ടുകളില്‍ ഓടാന്‍ തുടങ്ങിയതും ശരാശരി വേഗതയില്‍ കുറവുണ്ടാകാന്‍ കാരണമായതായി റെയില്‍വേ വിശദീകരിക്കുന്നു.
കൊങ്കണ്‍ മേഖലകളില്‍ കൂടി ഓടുന്ന ട്രെയിനുകള്‍ സുരക്ഷിതത്വത്തിന്റെ ഭാഗമായി വേഗത കുറച്ചു പോകേണ്ടിവരും. കുന്നുകളും മലകളും കാരണമാണിത്. മണ്‍സൂണ്‍ കാലത്ത് ശരാശരി 75 കിലോമീറ്റര്‍ വേഗത്തിലേക്ക് ഈ റൂട്ടിലെ വന്ദേഭാരത് സര്‍വീസുകളുടെ വേഗപരിധി നിജപ്പെടുത്തേണ്ടി വരുമെന്നും റെയില്‍വേ നല്‍കിയ മറുപടിയില്‍ പറയുന്നു.