കോടതി ഉത്തരവിട്ടു; പക്ഷെ മല്യ ഉടൻ എത്തുമോ?

Update: 2018-12-11 09:57 GMT

2018 ഡിസംബർ 10നാണ് യു.കെയിലെ വെസ്റ്റ്മിൻസ്റ്റർ കോടതി വിവാദ വ്യവസായി വിജയ് മല്യയെ ഇന്ത്യയ്ക്കു കൈമാറണമെന്ന ഉത്തരവിട്ടത്. മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് പക്ഷെ അവസാനവാക്കല്ല!

ഉത്തരവ് അവിടത്തെ ആഭ്യന്തര സെക്രട്ടറിയുടെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണിപ്പോൾ. ഫലത്തിൽ കോടതിയുടെ സെക്രട്ടറിയോടുള്ള ശുപാർശയാണ് ഈ ഉത്തരവ്.

ഫെബ്രുവരി 2017 നാണ് മല്യയെ വിട്ടുതരണമെന്ന അപേക്ഷ യുകെ ഗവൺമെന്റിന് കേന്ദ്ര സർക്കാർ കൈമാറിയത്. കോടതി വിധി വന്നതോടെ മല്യ ഉടൻ ഇന്ത്യയിലേക്കെത്താതെ നിവൃത്തിയില്ലെന്നാണോ? അല്ല. അതിന് പല നടപടിക്രമങ്ങൾ ഉണ്ട്.

ആഭ്യന്തര സെക്രട്ടറിയുടെ പരിഗണയിൽ

വെസ്റ്റ്മിൻസ്റ്റർ കോടതിയ്ക്ക് നേരിട്ട് ഒരു വ്യക്തിയെ മറ്റൊരു രാജ്യത്തിന് കൈമാറാൻ അധികാരമില്ല. ആഭ്യന്തര സെക്രട്ടറിയാണ് ഇക്കാര്യം തീരുമാനിക്കുക. ഇതിന് രണ്ടുമാസമെങ്കിലും എടുക്കും.

യുകെ എക്സ്ട്രഡിഷൻ 2003 ആക്ട് പ്രകാരം ചില സാഹചര്യങ്ങൾ പരിഗണിച്ച് ഒരാളെ കൈമാറണമെന്ന ആവശ്യം സെക്രട്ടറി നിരാകരിച്ചേക്കാം. കൈമാറുന്ന വ്യക്തി ആ രാജ്യത്ത് വധശിക്ഷക്ക് വിധിക്കപ്പെടാനുള്ള സാധ്യതയും മറ്റൊന്ന് അയാൾക്കുനേരെ മറ്റ് കുറ്റങ്ങൾ ചുമത്തപ്പെടാനുള്ള സാധ്യതയുമാണ് അതിൽ പ്രധാനം.

ഇതുകൂടാതെ സെക്രട്ടറി മല്യയുടെ വാദവും കേൾക്കും. മല്യക്ക് തന്റെ ഭാഗം അവതരിപ്പിക്കാൻ നാലാഴ്ച സമയമുണ്ട്.

അപ്പീൽ

വെസ്റ്റ്മിൻസ്റ്റർ കോടതിയുടെ ഉത്തരവിനെതിരെ യു.കെ ഹൈക്കോടതിൽ മല്യയ്ക്ക് അപ്പീൽ നൽകാം. എന്നാൽ ഈ അപ്പീൽ ഉടനെ പരിഗണിക്കണമെന്നില്ല. ആഭ്യന്തര സെക്രട്ടറിയുടെ തീരുമാനം അറിഞ്ഞതിന് ശേഷമായിരിക്കുമിത്. ആഭ്യന്തര സെക്രട്ടറി മല്യയെ കൈമാറണമെന്ന് തീരുമാനിച്ചാൽ 14 ദിവസത്തിനുള്ളിൽ ഹൈക്കോടതിയിൽ അപ്പീൽ നൽകണം.

ഹൈക്കോടതി മല്യയുടെ വാദവും മജിസ്‌ട്രേറ്റിന്റെ തീരുമാനവും പരിശോധിക്കും. ഹൈക്കോടതിയുടെ ഷെഡ്യൂൾ അനുസരിച്ചായിരിക്കും ഹിയറിങ്.

സുപ്രീം കോടതി

മല്യയെ ഇന്ത്യയ്ക് കൈമാറാനുള്ള ഉത്തരവ് ഹൈക്കോടതി ശരിവക്കുകയാണെങ്കിൽ അദ്ദേഹത്തിന് സുപ്രീം കോടതിയെ സമീപിക്കാം. ഹൈക്കോടതി ഉത്തരവ് വന്ന് 14 ദിവസത്തിനുള്ളിൽ അപ്പീൽ സമർപ്പിക്കണം. ഇതിനും മാസങ്ങൾ എടുക്കും.

വീണ്ടും ആഭ്യന്തര സെക്രട്ടറിയ്ക്ക് മുന്നിൽ

സുപ്രീം കോടതി വിധി വന്നാലും അന്തിമ തീരുമാനം എടുക്കുന്നത് ആഭ്യന്തര സെക്രട്ടറി തന്നെയാണ്. കൈമാറണമെന്നാണ് തീരുമാനമെങ്കിൽ 28 ദിവസത്തിനുള്ളിൽ നടപ്പാക്കണം.

അതേസമയം ആഭ്യന്തര സെക്രട്ടറിയ്ക്ക് ധാരാളം വിവേചനാധികാരങ്ങൾ ഇക്കാര്യത്തിൽ ഉണ്ട്. തീരുമാനത്തിലെത്താൻ എത്ര സമയം വേണമെങ്കിലും എടുക്കാം.

ചുരുക്കിപ്പറഞ്ഞാൽ, എല്ലാ അപ്പീലുകളും കോടതി വിചാരണയും കഴിഞ്ഞു കുറഞ്ഞത് രണ്ട് വർഷമെങ്കിലും എടുക്കും മല്യ ഇന്ത്യയിലെത്താൻ. ഇനി ഹൈക്കോടതിയോ സെക്രട്ടറിയോ മല്യയ്ക്ക് അനുകൂലമായി തീരുമാനമെടുത്താൽ ഇന്ത്യയ്ക്ക് അപ്പീൽ നൽകാനാവും.

കടപ്പാട്: ബ്ലൂംബർഗ്

Similar News