രണ്ട് 'പവര്‍ഫുള്‍' മലയാളി വനിതകള്‍; ഗീത ഗോപിനാഥ് പങ്കുവച്ച ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍
ദാവോസ് 2024 വേദിയില്‍ വച്ച് ഗീത ഗോപിനാഥ്, ലീന നായര്‍ എന്നിവര്‍ ആദ്യമായി കണ്ടുമുട്ടിയപ്പോള്‍
'അവസാനം ലീന നായരെ കണ്ടെത്തി. ദാവോസിന്റെ വേദിയിലെ ഫാഷന്‍ പുലി' അന്താരാഷ്ട്ര നാണ്യ നിധിയുടെ (International Monetary Fund) ഫസ്റ്റ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്റ്റര്‍ ഗീത ഗോപിനാഥ് തന്റെ ട്വിറ്ററില്‍ ഇങ്ങനെ കുറിച്ചു ഒപ്പം സാമ്പത്തിക വിദഗ്ധയും ലോകപ്രശസ്ത ഫാഷന്‍ ഫ്രഞ്ച് ലക്ഷ്വറി ഫാഷന്‍ ഹൗസ് 'ചാനെലിന്റെ' സി.ഇ.ഒയുമായ ലീന നായരുമായുള്ള ചിത്രവും. മലയാളികളായി ജനിച്ച ഇവര്‍ കേരളക്കരയ്ക്ക് സ്വകാര്യ അഹങ്കാരമാണ്. മാത്രമല്ല, ആഗോള തലത്തില 'പവര്‍ഫുള്‍ വനിതകളില്‍' ഇന്ത്യക്കാര്‍ക്ക് അഭിമാനമുയര്‍ത്തുന്ന രണ്ട് പേരുകളാണിവര്‍. ഇരുവരുടെയും നേട്ടങ്ങളും അത്തരത്തില്‍ വേറിട്ടു നില്‍ക്കുന്നു.
ലീന നായരെ ആദ്യമായി കണ്ട സന്തോഷമാണ് ഗീത ഗോപിനാഥ് പങ്കുവച്ചത്. 54-ാമത് ദാവോസ് വാര്‍ഷിക സമ്മേളന വേദിയിലായിരുന്നു ഇരുവരും ഒരുമിച്ചത്.
നിലവിലെ പലിശ നിരക്കുകളെക്കുറിച്ചും ആഗോള സാമ്പത്തിക മേഖലയിലെ വെല്ലുവിളികളെക്കുറിച്ചും സംസാരിച്ച് ദാവോസ് 2024ലെ പാനല്‍ ചര്‍ച്ചകളില്‍ ഗീത ഗോപിനാഥ് സജീവ സാന്നിധ്യമാണ്.
2019 മുതല്‍ 2022 വരെ ഐ.എം.എഫിന്റെ ചീഫ് ഇക്കണോമിസ്റ്റ് ആയിരുന്നു 52 കാരിയായ ഗീത ഗോപിനാഥ്. യുണിലിവറിന്റെ ആദ്യ വനിത എച്ച്.ആര്‍ മേധാവിയായിരുന്ന ലീന 2021ലാണ് ഷനെല്‍ ഗ്ലോബല്‍ സി.ഇ.ഒ ആയി ചുമതലയേല്‍ക്കുന്നത്. ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ വനിത അത്തരമൊരു ആഗോള വമ്പന്റെ തലപ്പത്തെത്തുന്നത്.
കൊല്‍ക്കത്തയിലെ മലയാളി കുടുംബത്തിലാണ് ഗീത ഗോപിനാഥ് ജനിച്ചത്, ലീന നായര്‍ മഹാരാഷ്ട്രയിലെ കോലാപൂരിലും. ഇന്ത്യക്കാരിയെങ്കിലും ബ്രിട്ടീഷ് പൗരത്വമുള്ള വ്യക്തിയാണ് ലീന നായര്‍. ഗീത ഗോപിനാഥ് അമേരിക്കൻ വനിതയും.
ദാവോസ്
വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ നേതൃത്വത്തില്‍ ആഗോളതലത്തിലെ നേതാക്കളെ ഉള്‍ക്കൊള്ളിച്ച് കൊണ്ട് എല്ലാ വര്‍ഷവും നടക്കുന്ന സംഗമമാണ് ദാവോസ്. കഴിഞ്ഞ അര നൂറ്റാണ്ടിലേറെയായി നടക്കുന്ന സമ്മേളനത്തില്‍ ആഗോള സാമ്പത്തിക വിദഗ്ധര്‍, ബിസിനസ് വ്യക്തിത്വങ്ങള്‍, ആഗോള തലത്തില്‍ വ്യത്യസ്തമായ നേട്ടം സമ്മാനിച്ചവര്‍ എന്നിവരെല്ലാം പങ്കെടുക്കുന്നു. ലോക സാമ്പത്തിക സ്ഥിതി വിവരക്കണക്കുകള്‍ വ്യക്തമാക്കുന്ന വേദി കൂടിയാണ് ദാവോസ്.