കൊളംബോ വഴിയുള്ള ചരക്കുനീക്കം ദുർബലമാകും, ഇനി കളി ഇവിടെ: വിഴിഞ്ഞം തുറമുഖം ഹബ്ബാക്കാന്‍ ഷിപ്പിംഗ് കമ്പനികള്‍

ട്രയല്‍ റണ്ണിന് സജ്ജമായി വിഴിഞ്ഞം, വലിയ കപ്പലുകളെത്തുമെന്ന് മന്ത്രി വി.എന്‍ വാസവന്‍

Update:2024-07-09 16:45 IST

image credit : www.facebook.com/VizhinjamSeaportOfficial

വെള്ളിയാഴ്ചത്തെ ട്രയല്‍ റണ്ണിന് സജ്ജമായി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. ഇതിനായി ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ കപ്പല്‍ കമ്പനിയായ മെര്‍സ്‌കിന്റെ സാന്‍ ഫെര്‍ണാണ്ടോ മദര്‍ഷിപ്പ് 11ന് വിഴിഞ്ഞം തീരത്തെത്തും. ചൈനയിലെ സിയാമെന്‍ തുറമുഖത്ത് നിന്ന് പുറപ്പെട്ട8,000മുതല്‍9,000ടിഇയു വരെ ശേഷിയുള്ള സാന്‍ ഫെര്‍ണാണ്ടോ കപ്പലില്‍ നിന്നുള്ള2,000കണ്ടെയ്‌നറുകള്‍ ട്രയല്‍ ഓപ്പറേഷന്റെ ഭാഗമായി വിഴിഞ്ഞത്ത് ഇറക്കുമെന്ന് മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു. വെള്ളിയാഴ്ച രാവിലെ10ന് തുറമുഖത്ത് നടക്കുന്ന ചടങ്ങില്‍ കപ്പലിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിക്കും. മന്ത്രി വി എന്‍ വാസവന്‍, കേന്ദ്ര ഷിപ്പിങ്ങ് മന്ത്രി സര്‍ബാനന്ദ സോനേവാല്‍ തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിക്കും. ഇതിന് പുറമെ ലോകത്തെ ഏറ്റവും വലിയ കപ്പല്‍ കമ്പനിയായ എം.എസ്.സിയുടെ മദര്‍ഷിപ്പും ഈ മാസം തന്നെ വിഴിഞ്ഞത്തെത്തും.
ഇതിന്റെ തുടര്‍ച്ചയായി വാണിജ്യ കപ്പലുകള്‍,കണ്ടെയ്‌നര്‍ കപ്പലുകള്‍ എന്നിവയും വരും. ട്രയല്‍ ഓപ്പറേഷന്‍ രണ്ടു മുതല്‍ മൂന്നു മാസം വരെ തുടരും. ഈ സമയത്ത്,തുറമുഖം വലിയ കപ്പലുകളുടെ പ്രവേശനത്തിന് സാക്ഷ്യം വഹിക്കും. കമ്മീഷനിങ് കഴിയുന്നതോടെ ലോകത്തെ മുന്‍നിര ഷിപ്പിങ് കമ്പനികള്‍ തുറമുഖത്ത് എത്തും. വലിയകപ്പലുകള്‍ തുറമുഖത്ത് കണ്ടയര്‍ ഇറക്കിയശേഷം തുറമുഖം വിട്ടുപോകും. പിന്നീട് ചെറിയ കപ്പലുകള്‍ വിഴിഞ്ഞത്ത് എത്തി ഈ കണ്ടെയ്‌നറുകള്‍ വിദേശത്തേക്കും രാജ്യത്തിന്റെ വിവിധ തുറമുഖങ്ങളിലേക്കും കൊണ്ടു പോകും. ഇതോടെ വിഴിഞ്ഞം തുറമുഖത്ത് ട്രാന്‍സ്ഷിപ്മെന്റ് പൂര്‍ണതോതില്‍ നടക്കുമെന്നും മന്ത്രി പറഞ്ഞു.

 

ട്രയല്‍ റണ്‍ എന്തിന്
വാണിജ്യാടിസ്ഥാനത്തിലുള്ള ട്രാന്‍സ്ഷിപ്പ്‌മെന്റ് കണ്ടെയ്നര്‍ പ്രവര്‍ത്തനത്തിന് ഉയര്‍ന്ന കൃത്യതയും പ്രവര്‍ത്തന മാനദണ്ഡങ്ങളും ആവശ്യമാണ്. ഡ്വെല്‍ ടൈംസ്,വെസല്‍ ടേണ്‍റൗണ്ട്,ബെര്‍ത്ത് പ്രൊഡക്ടിവിറ്റി,വെഹിക്കിള്‍ സര്‍വീസ് ടൈം,ഷിപ്പ് ഹാന്‍ഡ്ലിംഗ് പ്രൊഡക്ടിവിറ്റി,ക്രെയിന്‍ പ്രൊഡക്ടിവിറ്റി തുടങ്ങിയ പ്രധാന പാരാമീറ്ററുകളില്‍ ആഗോള നിലവാരം പുലര്‍ത്തേണ്ടത് അത്യാവശ്യമാണ്. ആവശ്യമായ പരിശോധനകള്‍ പൂര്‍ത്തിയാക്കുന്നതിനും പ്രവര്‍ത്തനവൈദഗ്ധ്യം തെളിയിക്കുന്നതിനും ഡമ്മി കണ്ടെയ്‌നറുകള്‍ ഘടിപ്പിച്ച ബാര്‍ജുകള്‍ മതിയാകില്ല. യഥാര്‍ത്ഥ കണ്ടെയ്‌നറുകള്‍ (ചരക്കുകള്‍ നിറച്ച കണ്ടെയ്‌നര്‍) വിന്യസിക്കുന്ന ട്രയല്‍ റണ്‍ നടത്തി വിജയിക്കണം. അതിനുവേണ്ടിയാണ് കമ്മീഷനിങ്ങിന് മുമ്പ് ട്രയല്‍ റണ്‍ നടത്തുന്നത്.

 

ഇനി കളികള്‍ വിഴിഞ്ഞത്ത്
ആഗോള ഷിപ്പിംഗ് കമ്പനികള്‍ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കേന്ദ്രമാക്കി പ്രവര്‍ത്തിക്കാനുള്ള ശ്രമങ്ങള്‍ ഇതിനോടകം തുടങ്ങിയിട്ടുണ്ട്. മദര്‍ഷിപ്പുകള്‍ക്ക് അടുക്കാനാവുന്ന ഇന്ത്യയിലെ ഏക ട്രാന്‍സ്ഷിപ്പ്‌മെന്റ് തുറമുഖമെന്ന പ്രത്യേകതയാണ് വിഴിഞ്ഞത്തിന് തുണയാകുന്നത്. നിലവില്‍ കൊളംബോ വഴി ഇന്ത്യയിലേക്ക് നടത്തിക്കൊണ്ടിരിക്കുന്ന ചരക്ക് നീക്കം ഇനി വിഴിഞ്ഞം വഴി ആക്കാനാണ് മെര്‍സ്‌ക്കിന്റെ തീരുമാനം. മറ്റ് രാജ്യങ്ങളിലേക്കുള്ള ചരക്ക് നീക്കത്തിനും ഭാവിയില്‍ വിഴിഞ്ഞം തുറമുഖത്തെ ഉപയോഗിക്കാനും ആലോചനയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ ആഗോള ട്രാന്‍സ്ഷിപ്പ്‌മെന്റ് ഹബ്ബായി വളരാന്‍ വിഴിഞ്ഞത്തിന് കഴിയും.
മദര്‍ഷിപ്പുകള്‍ക്ക് അടുക്കാവുന്ന കൊളംബോ തുറമുഖം ഇന്ന് സ്ഥലപരിമിതി കൊണ്ട് കഷ്ടപ്പെടുകയാണ്. ചെങ്കടലിലെ പ്രതിസന്ധി രൂക്ഷമാകുമ്പോള്‍ വഴി തിരിച്ച് വിടുന്ന കണ്ടെയ്‌നറുകള്‍ കൂടി ഇവിടേക്കെത്തുന്നത് കമ്പനികളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കും. ഇതിനൊരു ബദലെന്ന നിലയിലാണ് വിഴിഞ്ഞത്തെ പരിഗണിക്കുന്നത്. രാജ്യാന്തര കപ്പല്‍ പാതയില്‍ നിന്നും 10 നോട്ടിക്കല്‍ മൈല്‍ അടുത്ത് സ്ഥിതി ചെയ്യുന്നതും വിഴിഞ്ഞത്തിന് തുണയായി.
Tags:    

Similar News