എസ്.ബി.ഐ സ്‌ട്രോങ് റൂം തകര്‍ത്തു! കവര്‍ന്നത് 13.61 കോടിയുടെ 19 കിലോ പണയ സ്വര്‍ണം; പിന്നില്‍ അന്തര്‍ സംസ്ഥാന സംഘം
2022ല്‍ തെലങ്കാനയിലെ നിസാമാബാദില്‍ നടന്ന മറ്റൊരു ബാങ്ക് മോഷണവുമായി സാമ്യമുള്ള രീതിയിലാണ് ഇവിടെയും മോഷണം നടന്നത്
സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) സ്‌ട്രോംഗ് റൂമില്‍ സൂക്ഷിച്ചിരുന്ന 13.61 കോടി രൂപയുടെ 19 കിലോ സ്വര്‍ണം മോഷണം പോയി. തെലങ്കാന വാറങ്കല്‍ ജില്ലയിലെ റായപര്‍ത്തിയിലാണ് സംഭവം. ബാങ്കിന്റെ പുറകിലെ വാതില്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് മുറിച്ചാണ് മോഷ്ടാക്കള്‍ സ്‌ട്രോംഗ് റൂമിനുള്ളില്‍ കയറിയത്. കഴിഞ്ഞ ദിവസം രാത്രി നടന്ന സംഭവം രാവിലെ ബാങ്ക് ജീവനക്കാര്‍ എത്തിയപ്പോഴാണ് പുറംലോകം അറിയുന്നത്. തെളിവ് നശിപ്പിക്കാനായി ബാങ്കിലെ സി.സി.ടി.വി റെക്കോര്‍ഡര്‍ ഉള്‍പ്പെടെയുള്ള രേഖകളും കള്ളന്മാര്‍ കൂടെക്കൊണ്ടുപോയെന്നാണ് പൊലീസ് പറയുന്നത്.
പിന്നില്‍ അന്തര്‍-സംസ്ഥാന സംഘം
ബാങ്കില്‍ നിന്നും 13 കോടി രൂപയുടെ സ്വര്‍ണം കാണാതെ പോയിട്ടുണ്ടെന്ന് അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രത്യേക അന്വേഷണ സംഘത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം. എന്നാല്‍ മോഷ്ടാക്കള്‍ തെളിവുകളൊന്നും അവശേഷിപ്പിക്കാതെ പോയത് അന്വേഷണത്തെ വെട്ടിലാക്കുന്നുണ്ട്. 2022ല്‍ തെലങ്കാനയിലെ നിസാമാബാദില്‍ നടന്ന മറ്റൊരു ബാങ്ക് മോഷണവുമായി സാമ്യമുള്ള രീതിയിലാണ് ഇവിടെയും മോഷണം നടന്നത്. അന്തര്‍ സംസ്ഥാന ബാങ്ക് മോഷ്ടാക്കള്‍ക്ക് സംഭവത്തില്‍ പങ്കുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്.
ഉപയോക്താക്കള്‍ ബാങ്കില്‍ പണയം വച്ചിരുന്ന സ്വര്‍ണമാണ് കാണായത്. എന്നാല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ഉള്ളതിനാല്‍ ഉപയോക്താക്കള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് പൊലീസും ബാങ്ക് അധികൃതരും വ്യക്തമാക്കി.