6.8 കിലോമീറ്റര്‍ തുരങ്കം, ചെലവ് 2,043 കോടി രൂപ, കോഴിക്കോട്-വയനാട് യാത്ര 30 കിലോമീറ്റര്‍ കുറയും; വയനാട് തുരങ്കപ്പാതയുമായി സര്‍ക്കാര്‍ മുന്നോട്ട്

പദ്ധതിയുടെ മൊത്തം ദൂരം 16 കിലോമീറ്ററാണ്. രാജ്യത്തെ തന്നെ ഏറ്റവും വലിയ ഇരട്ട തുരങ്കപ്പാതകളിലൊന്നായി ഇതു മാറും

Update:2024-10-11 15:31 IST
വയനാട് തുരങ്കപ്പാത ഉപേക്ഷിക്കുന്ന പ്രശ്‌നമില്ലെന്നും പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു പോകുകയാണെന്നും മന്ത്രി ആര്‍. ബിന്ദു. നിയമസഭയില്‍ ലിന്റോ ജോസഫ് എംഎല്‍എയുടെ സബ്മിഷന് മറുപടിയായിട്ടാണ് മന്ത്രിയുടെ മറുപടി. പാതയുടെ ടെണ്ടര്‍ നടപടികള്‍ അവസാന ഘട്ടത്തിലാണ്. മധ്യപ്രദേശിലെ ഭോപ്പാല്‍ ആസ്ഥാനമായ ദിലീപ് ബില്‍കോണ്‍ കമ്പനിക്കാണ് നിര്‍മാണ കരാര്‍ ലഭിച്ചത്. 1,341 കോടി രൂപയ്ക്കാണ് കരാര്‍. 13 കമ്പനികള്‍ ടെന്‍ഡര്‍ നല്‍കിയിരുന്നു.
തുരങ്കപ്പാതയുടെ പ്രവൃത്തികള്‍ രണ്ട് പാക്കേജുകളിലായി ടെണ്ടര്‍ ചെയ്തുവെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. പദ്ധതിക്ക് ആവശ്യമായ ഭൂമിയുടെ 90 ശതമാനവും ഏറ്റെടുത്തുവെന്നും മന്ത്രി വ്യക്തമാക്കി. കോഴിക്കോട്, വയനാട് ജില്ലകളിലായാണ് സ്ഥലം ഏറ്റെടുത്തിരിക്കുന്നത്.

30 കിലോമീറ്റര്‍ ലാഭം

തുരങ്കപ്പാത വരുന്നതോടെ കോഴിക്കോട്-വയനാട് യാത്രയില്‍ 30 കിലോമീറ്റര്‍ ലാഭിക്കാനാകുമെന്നാണ് കരുതുന്നത്. തിരുവമ്പാടി പഞ്ചായത്തിലെ ആനക്കാംപൊയില്‍ മറിപ്പുഴയില്‍ നിന്നാരംഭിച്ച് വയനാട് ജില്ലയിലെ കള്ളാടി മീനാക്ഷി ബ്രിഡ്ജില്‍ അവസാനിക്കുന്ന രീതിയിലാണ് പാത വിഭാവനം ചെയ്തിരിക്കുന്നത്.
കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷനാണ് നിര്‍മാണത്തിന്റെ മേല്‍നോട്ടം. 2,043 കോടി രൂപയാണ് പദ്ധതിക്കായി അനുവദിച്ചിരിക്കുന്നത്. നിര്‍മാണം ആരംഭിച്ച് 4 വര്‍ഷത്തിനകം പദ്ധതി പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. ഒന്നാംഘട്ടത്തിന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം നേരത്തെ അനുമതി നല്‍കിയിരുന്നു. പദ്ധതിക്കായി ഉപയോഗിക്കുന്ന ഭൂമിക്ക് പകരമായി 17.263 ഹെക്ടര്‍ ഭൂമിയില്‍ സര്‍ക്കാര്‍ മരംവച്ച് പിടിപ്പിക്കുകയും അത് റിസര്‍വ് വനമായി വിജ്ഞാപനം ചെയ്യുകയും വേണമെന്നാണ് പരിസ്ഥിതി മന്ത്രാലയം നിര്‍ദ്ദേശിച്ചിരിക്കുന്നത്.
പദ്ധതിയുടെ മൊത്തം ദൂരം 16 കിലോമീറ്ററാണ്. രാജ്യത്തെ തന്നെ ഏറ്റവും വലിയ ഇരട്ട തുരങ്കപ്പാതകളിലൊന്നായി ഇതു മാറും. ബംഗളൂരു, മൈസൂരു എന്നിവിടങ്ങളിലേക്ക് കൂടുതല്‍ മികച്ച കണക്ടിവിറ്റി പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ സാധ്യമാകും. വ്യവസായ മേഖലയുടെ വളര്‍ച്ചയ്ക്ക് ഇതുവഴിയൊരുക്കുമെന്നാണ് സര്‍ക്കാര്‍ വാദം. അതേസമയം, ചൂരല്‍മല ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പദ്ധതിക്കെതിരേ പരിസ്ഥിതി പ്രവര്‍ത്തകരും രംഗത്തു വന്നിട്ടുണ്ട്.
Tags:    

Similar News