മരണ താണ്ഡവം... മരവിപ്പിന്റെ മണിക്കൂറുകള്‍; ചൂരല്‍മലയില്‍ നിലക്കാത്ത നിലവിളികള്‍

83 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞില്ല

Update:2024-07-31 12:04 IST

landslide

ഉരുള്‍പൊട്ടലില്‍ മരണം താണ്ഡവമാടിയ വയനാട് മുണ്ടക്കൈ, ചൂരല്‍മല മേഖലകളില്‍ വേര്‍പെട്ടു പോയ കുടുംബങ്ങളുടെ വിലാപം നിലയ്ക്കാത്ത കണ്ണീര്‍ച്ചാലായി. ചില കുടുംബങ്ങള്‍ പൂര്‍ണ്ണമായും ഇല്ലാതായ കാഴ്ചകളാണ് ഈ മലയോരത്ത് കാണാനാകുന്നത്. മാതാപിതാക്കളെ നഷ്ടപ്പെട്ടവര്‍, കൊച്ചുകുഞ്ഞുങ്ങളെ കാണാതായവര്‍ തുടങ്ങി മരണത്തിന്റെ കൈകള്‍ വലിച്ചെടുത്ത ഒട്ടേറെ ജീവനുകള്‍ക്ക് മുന്നില്‍ നിസ്സഹായരായി വിങ്ങുകയാണ് ഈ പ്രദേശവാസികള്‍. മരവിപ്പിന്റെ മണിക്കൂറുകളാണ് കടന്നു പോകുന്നത്. നിലവിളികളുടെയും...

രക്ഷാപ്രവര്‍ത്തനം തുടരുന്നു

കേരളത്തെ നടുക്കി ചൊവ്വാഴ്ച പുലര്‍ച്ചെ ഉരുല്‍പൊട്ടലുണ്ടായ വയനാട് മേപ്പാടിക്കടുത്ത മുണ്ടക്കൈ. ചൂരല്‍മല പ്രദേശങ്ങളില്‍ അത്യന്തം പ്രതികൂലമായ സാഹചര്യങ്ങളിലാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. കരസേനയുടെയും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കീഴിലുള്ള രക്ഷാപ്രവര്‍ത്തന ഏജന്‍സികളുടെയും നേതൃത്വത്തില്‍ ഇന്ന് രാവിലെ വീണ്ടും തെരച്ചില്‍ തുടങ്ങിയിട്ടുണ്ട്. മണ്ണിനടിയില്‍ ആണ്ടു പോയവരെ കണ്ടെത്താനും പലയിടങ്ങളിലായി കുടുങ്ങിക്കിടക്കുന്നവരുണ്ടെങ്കില്‍ അവരെ ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ എത്തിക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ദുരന്തമേഖലയിലേക്കുള്ള പാലം കഴിഞ്ഞ ദിവസത്തെ ഉരുള്‍പൊട്ടലില്‍ തകര്‍ന്നതു മൂലം ഈ സ്ഥലത്തേക്ക് എത്താനുള്ള വഴികള്‍ ദുര്‍ഘടമാണ്. ജെ.സി.ബി പോലുള്ള യന്ത്രങ്ങള്‍ എത്തിച്ച് മണ്ണ് മാന്തി പരിശോധിക്കുന്നതിന് പരമിതികള്‍ ഏറെയാണ്. മനുഷ്യാധ്വാനം തന്നെയാണ് പ്രധാന ആശ്രയം. മണ്ണിനടിയില്‍ മൃതദേഹങ്ങള്‍ ഉണ്ടെങ്കില്‍ കണ്ടെത്താന്‍ പ്രത്യേക പരിശീലനം ലഭിച്ച മൂന്നു നായ്ക്കളെ എത്തിച്ചിട്ടുണ്ട്.

തിരിച്ചറിയാത്ത നിരവധി മൃതദേഹങ്ങൾ 

ഉരുള്‍പൊട്ടലില്‍ ഇതുവരെ 184 മൃതദേഹങ്ങളാണ് കണ്ടെടുത്തിട്ടുള്ളത്. ഇതില്‍ 83 പേരെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹങ്ങള്‍ വിവിധ ആശുപത്രികളില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി സൂക്ഷിച്ചിരിക്കുകയാണ്. 140 എണ്ണം പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കി. ബാക്കി ഇന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തും. തുടര്‍ന്ന് ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കും. ഇനിയും ഇരുന്നൂറോളം പേരെ കണ്ടെത്താനുണ്ടെന്നാണ് കണക്കാക്കുന്നത്. ഇന്ന് വൈകുന്നേരത്തോടെ ദുരന്തബാധിത മേഖലയിലെല്ലാം മണ്ണുമാന്തി പരിശോധിക്കാനാണ് രക്ഷാപ്രവര്‍ത്തന സംഘം ശ്രമിക്കുന്നത്.

Tags:    

Similar News