ഉരുള്‍പൊട്ടല്‍: മുന്നറിയിപ്പുകള്‍ സര്‍ക്കാര്‍ അവഗണിച്ചോ?

ചൂരല്‍മല ദുരന്തത്തിനു പിന്നാലെ ഒരു കൂട്ടം ചോദ്യങ്ങള്‍ ഉയരുന്നു

Update:2024-07-31 15:51 IST

Aftermath of landslides in Wayanad, Image credit : x.com/AbGeorge_

ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിനു മുന്നില്‍ കേരളം തരിച്ചു നില്‍ക്കുന്നതിനിടയില്‍ ചോദ്യമുയരുന്നു: ഈ ദുരന്തം മനുഷ്യ നിര്‍മിതമോ? പരിസ്ഥിതി ലോല മേഖലയില്‍ ദുരന്തങ്ങള്‍ അടിക്കടി ആവര്‍ത്തിക്കുമ്പോള്‍, സര്‍ക്കാറില്‍ നിന്ന് എന്തു ജാഗ്രതാ നടപടികള്‍ ഉണ്ടായി? കനത്ത മഴയും ജീവഹാനിക്ക് കാരണമായേക്കാവുന്ന മണ്ണിടിച്ചിലും ഉണ്ടായേക്കാമെന്ന് ഒരാഴ്ച മുമ്പ് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ മുന്നറിയിപ്പ് സംസ്ഥാന സര്‍ക്കാര്‍ അവഗണിച്ചോ? പ്രകൃതി ക്ഷോഭം മുന്‍കുട്ടി പ്രവചിച്ചതിനു പുറമെ, ദേശീയ ദുരന്തകാര്യ സേനയുടെ ഒന്‍പത് ടീമിനെ കേന്ദ്രം അയച്ചെങ്കിലും, ആളുകളെ മുന്‍കൂട്ടി ഒഴിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കാതിരുന്നത് എന്തുകൊണ്ട്? നിലയ്ക്കാത്ത വിലാപങ്ങള്‍ക്കിടയില്‍ കടുത്ത ചോദ്യങ്ങളുടെ മുള്‍മുനയാണ് അധികൃതര്‍ക്ക് നേരെ നീളുന്നത്.
പശ്ചിമ ഘട്ടത്തിലെ പരിസ്ഥിതി ലോല മേഖലയിലെ നടുക്കുന്ന ദുരന്തത്തിനു പിന്നാലെ മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടും വീണ്ടുമൊരിക്കല്‍ക്കൂടി ചര്‍ച്ചയാവുകയാണ്. വനം കൈയേറ്റവും പാറ പൊട്ടിക്കലുമെല്ലാം ചേര്‍ന്ന് പശ്ചിമഘട്ടം മനുഷ്യ നിര്‍മിത ദുരന്തത്തിന്റെ പിടിയിലാണെന്ന് ഈ മേഖലയുടെ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് പഠിച്ച ഗാഡ്ഗില്‍ വര്‍ഷങ്ങള്‍ക്കു മുമ്പേ മുന്നറിയിപ്പ് നല്‍കിയതാണ്. എന്നാല്‍ അതിലെ ശിപാര്‍ശകള്‍ നടപ്പാക്കുന്നതിനു പകരം രാഷ്ട്രീയ കാരണങ്ങളാല്‍ ഗാഡ്ഗില്‍ മുന്നോട്ടുവെച്ച നിര്‍ദേശം ജനതാല്‍പര്യമെന്ന പേരില്‍ തുടര്‍ച്ചയായി അവഗണിക്കപ്പെടുകയാണ് ഉണ്ടായത്.
വയനാട് അപകട സാധ്യത കൂടിയ മേഖല
ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യത കൂടിയ ഇന്ത്യയിലെ 30 ജില്ലകളില്‍ 13-ാം സ്ഥാനത്താണ് വയനാട്. 30ല്‍ 10 ജില്ലകളും കേരളത്തിലാണ്. ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐ.എസ്.ആര്‍.ഒയുടെ ദേശീയ വിദൂര സംവേദന കേന്ദ്രം കഴിഞ്ഞ വര്‍ഷത്തെ പഠന റിപ്പോര്‍ട്ടില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പരിസ്ഥിതി ഗവേഷണ -പൊതുജനാരോഗ്യ കാര്യങ്ങള്‍ക്കായുള്ള അന്താരാഷ്ട്ര ജേര്‍ണല്‍ ചൂണ്ടിക്കാട്ടുന്ന മറ്റു ചില കാര്യങ്ങളുണ്ട്. തോട്ടം മേഖലകളിലാണ് ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും കൂടുതലായി ഉണ്ടാകുന്നത്. 1950നും 2018നുമിടയില്‍ വയനാട് ജില്ലയിലെ വനവിസ്തൃതി 62 ശതമാനമായി കുറഞ്ഞു.
വയനാട്ടില്‍ പ്ശ്ചിമ ഘട്ടത്തിന്റെ കിഴക്കന്‍ ചെരിവില്‍ നിന്ന് 4,000ല്‍പരം കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കണമെന്ന് നാലു വര്‍ഷം മുമ്പ് സംസ്ഥാന ദുരന്തകാര്യ അതോറിട്ടി നിര്‍ദേശിച്ചതാണ്. 2018ല്‍ നൂറോളം മണ്ണിടിച്ചില്‍ സംഭവങ്ങള്‍ വയനാട്ടിലും സമീപ പശ്ചിമ ഘട്ട മേഖലകളിലും ഉണ്ടായി. ഇതിനു പുറമെയാണ് കാലാവസ്ഥ വ്യതിയാനം സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍. കേരളത്തില്‍ അടിക്കടി അപ്രതീക്ഷിതായി കനത്ത മഴയും നാശവും ഉണ്ടാകുന്നതിന് കാലാവസ്ഥ വ്യതിയാനവുമായുള്ള അടുത്ത ബന്ധം ശാസ്ത്രലോകം ചൂണ്ടിക്കാട്ടുന്നുണ്ട്. അറേബ്യന്‍ കടല്‍ ചൂടാകുന്നതിന്റെ അനന്തര ഫലമാണ് കേരളത്തിലെ പെരുമഴ.
ഗാഡ്ഗില്‍ പറഞ്ഞത് ആരു ഗൗനിക്കുന്നു?
നിരവധി മനുഷ്യരുടെ ജീവനെടുക്കുന്ന ഉരുള്‍ പൊട്ടല്‍ സംഭവങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും, സംഭവ ദിവസങ്ങളിലെ വലിയ ചര്‍ച്ചകള്‍ക്കപ്പുറം കാര്യമായ മുന്‍കരുതല്‍ നടപടികളൊന്നും സര്‍ക്കാറിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുന്നില്ലെന്ന ദുരനുഭവമാണ് പരിസ്ഥിതി പ്രവര്‍ത്തകരും പൊതുജനങ്ങളും ഒരുപോലെ വിവരിക്കുന്നത്. പ്രകൃതി ക്ഷോഭം ഉണ്ടാകുമെന്ന് ഒരാഴ്ച മുമ്പേ മുന്നറിയിപ്പു നല്‍കി എന്‍.ഡി.ആര്‍.എഫ് ടീമിനെ കേരളത്തിലേക്ക് അയച്ചിട്ടും കേരള സര്‍ക്കാര്‍ കാര്യമായെടുത്തില്ലെന്ന് ആഭ്യന്തര മന്ത്രി അമിത്ഷായാണ് പാര്‍ലമെന്റില്‍ കുറ്റപ്പെടുത്തിയത്. ഇതോടെ ദുരന്തത്തിനൊപ്പം വിവാദത്തിന്റെ ഉരുള്‍പൊട്ടല്‍ കൂടിയാണ് സംസ്ഥാന സര്‍ക്കാര്‍ നേരിടുന്നത്. റെഡ് അലര്‍ട്ട് നല്‍കിയിരുന്നില്ലെന്നും, ഉത്തരവാദിത്തം ആരുടെയെങ്കിലും പിടലിയില്‍ വെച്ച് ഒഴിഞ്ഞു മാറരുതെന്നുമാണ് അമിത്ഷായുടെ പരാമര്‍ശത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ മറുപടി.
Tags:    

Similar News