പ്രതികൂല കാലാവസ്ഥ ഇന്ത്യന്‍ കര്‍ഷകര്‍ക്ക് ഇരുട്ടടിയാകുന്നു; നശിച്ചത് ഏഴു കോടിയോളം ഹെക്ടറിലെ കൃഷി
ഇന്ത്യയുടെ ജി.ഡി.പിയുടെ 15 ശതമാനവും സംഭാവന ചെയ്യുന്നത് കാര്‍ഷിക മേഖലയാണ്
2015 നും 2021 നും ഇടയിൽ കനത്ത മഴ മൂലം 33.9 ദശലക്ഷം ഹെക്ടർ വിളകള്‍ നശിച്ചതായി വേൾഡ് ഇക്കണോമിക് ഫോറം (WEF) റിപ്പോർട്ട്. കൂടാതെ വരൾച്ച കാരണം 35 ദശലക്ഷം ഹെക്ടര്‍ കൂടിയാണ് നഷ്ടപ്പെട്ടത്. അതിരൂക്ഷമായ കാലാവസ്ഥാ വ്യതിയാനം രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയേയും സമൂഹത്തിന്റെ എല്ലാ മേഖലകളെയും സ്പർശിക്കുന്നതാണ്.
എന്നാല്‍ കാര്‍ഷിക മേഖലയെ ഇത് പ്രത്യേകിച്ച് നേരിട്ട് ബാധിക്കുന്നു. ഇന്ത്യയുടെ ജി.ഡി.പിയുടെ 15 ശതമാനവും സംഭാവന ചെയ്യുന്നത് കാര്‍ഷിക മേഖലയാണ്. രാജ്യത്തെ ജനസംഖ്യയുടെ 40 ശതമാനത്തോളം ഈ മേഖലയിലാണ് ജോലി ചെയ്യുന്നത്. ഗ്രാമങ്ങളില്‍ 70 ശതമാനത്തോളം കുടുംബങ്ങളും ഈ മേഖലയെ ആശ്രയിച്ചാണ് ജീവിക്കുന്നത്.
വിളകള്‍ ഇന്‍ഷുര്‍ ചെയ്യേണ്ടത് അത്യാവശ്യം
ശക്തമായ ഉഷ്ണ തരംഗങ്ങൾ, വെള്ളപ്പൊക്കം, ഭൂകമ്പങ്ങൾ തുടങ്ങിയവ പോലുളള പ്രകൃതി വിനാശങ്ങള്‍ ഇന്ത്യയുടെ വികസനത്തിന് തടസം സൃഷ്ടിക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. 2021 ൽ കാർഷിക മേഖല അടക്കം വിവിധ മേഖലകളിലായി പ്രതികൂല കാലാവസ്ഥാ സാഹചര്യങ്ങള്‍ മൂലം ജോലി സമയം നഷ്ടപ്പെട്ടതിനാൽ 159 ബില്യൺ ഡോളറിന്റെ നഷ്ടമാണ് രാജ്യത്ത് സംഭവിച്ചത്.
2030 ഓടെ ഉഷ്ണ തരംഗം മൂലം ജോലി സമയത്തിൽ 5.8 ശതമാനം ഇടിവ് ഇന്ത്യയില്‍ സംഭവിക്കുമെന്നാണ് കണക്കാക്കുന്നത്. വിളകള്‍ ഇൻഷുറൻസ് ചെയ്യുന്നതിനുളള വർധിക്കുന്ന ചെലവുകള്‍ കര്‍ഷകരെ ഇതില്‍ നിന്ന് പിന്തിരിപ്പിക്കുന്ന അവസ്ഥയുമുണ്ട്.
പ്രധാനമന്ത്രി ഫസൽ ബീമാ യോജന (പി.എം.എഫ്.ബി.വൈ) തുടങ്ങിയ പദ്ധതികളിലൂടെ കര്‍ഷകര്‍ക്ക് ഇൻഷുറൻസ് ചെയ്യാന്‍ സാധിക്കുന്ന കൂടുതല്‍ സാഹചര്യങ്ങള്‍ സൃഷ്ടിക്കണമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. രാജ്യത്ത് അനുഭവപ്പെടുന്ന മോശം കാലാവസ്ഥ താഴ്ന്ന വരുമാനക്കാരായ ഇന്ത്യക്കാരുടെ ചുമലിൽ കനത്ത ആഘാതമാണ് സൃഷ്ടിക്കുന്നതെന്നും ഡബ്ലിയു.ഇ.എഫ് റിപ്പോർട്ട് പറയുന്നു. മതിയായ ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കുന്നതിലുളള തടസങ്ങൾ ഈ ആഘാതം ഇരട്ടിയാക്കുകയാണ്.