ക്യൂ നിന്ന് മുഷിയേണ്ട, കൊച്ചി മെട്രോ ടിക്കറ്റ് ഇനി ഉടനടി വാട്‌സാപ്പില്‍ കിട്ടും

ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യാനും കഴിയും

Update:2024-01-10 12:55 IST

വാട്‌സാപ്പിലൂടെ ഒരു മിനിറ്റില്‍ ടിക്കറ്റ് എടുക്കാനുള്ള സൗകര്യവുമായി കൊച്ചി മെട്രോ. 91 88957488 എന്ന കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ വാട്സാപ്പ് നമ്പറിലേക്ക് 'Hi' എന്ന് അയക്കുക. അതില്‍ വരുന്ന നിര്‍ദ്ദേശങ്ങളില്‍ നിന്ന് QR TICKET എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക. അതിലെ BOOK TICKET ഓപ്ഷന്‍ ക്ലിക്ക് ചെയ്യാം.

ഇനി യാത്ര ചെയ്യാനാരംഭിക്കുന്നതും അവസാനിക്കുന്നതുമായ സ്റ്റേഷനുകളുടെ പേര് തിരഞ്ഞെടുക്കണം. യാത്രക്കാരുടെ എണ്ണവും രേഖപ്പെടുത്താം. ഇനി പണമടച്ച് ടിക്കറ്റ് സ്വന്തമാക്കാം.

ക്യൂ ആര്‍ കോഡ് വഴി ബുക്ക് ചെയ്യുന്ന ടിക്കറ്റ് നാല്‍പത് മിനിറ്റിനകം ഉപയോഗിച്ചിരിക്കണം. ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യാനും വാട്‌സാപ്പില്‍ Cancel Ticket എന്ന സംവിധാനം ക്ലിക്ക് ചെയ്താല്‍ കഴിയും. 9188957488 എന്ന നമ്പറില്‍ തന്നെ Hi അയച്ച് ഈ സൗകര്യം ഉപയോഗപ്പെടുത്താം.

മെട്രോ കോര്‍പ്പറേറ്റ് ഓഫീസില്‍ നടന്ന ചടങ്ങില്‍ ചലച്ചിത്ര താരം മിയ ജോര്‍ജ് ആണ് പുതിയ പദ്ധതി ഉദ്ഘാടനം ചെയ്തത്. ഒരു കോടിയിലധികം യാത്രക്കാരുമായി കൊച്ചി മെട്രോ പുതിയ വര്‍ഷത്തിലേക്ക് ചുവടുവയ്ക്കുകയാണെന്നും നിരവധി സേവനങ്ങളാണ് യാത്രക്കാരെ കാത്തിരിക്കുന്നതെന്നും കെ.എം.ആര്‍.എല്‍ മാനേജിംഗ് ഡയറക്റ്റര്‍ ലോക്നാഥ് ബെഹ്റ പറഞ്ഞു.

കൊച്ചി വണ്‍ മെട്രോ കാര്‍ഡ് ഉപയോഗിച്ച് കൊച്ചി മെട്രോക്കും വാട്ടര്‍ മെട്രോയ്ക്കും പുറമേ മെട്രോ ഫീഡര്‍ ബസുകളിലും ഓട്ടോകളിലും യാത്ര ചെയ്യാനുള്ള സൗകര്യമൊരുക്കുന്നതാണ് അത്തരത്തിലൊന്ന് എന്നും അദ്ദേഹം വിശദമാക്കി.

തൃപ്പൂണിത്തുറ മെട്രോ അടുത്തമാസം

കൊച്ചി മെട്രോയുടെ തൃപ്പൂണിത്തുറയിലേക്കുള്ള റൂട്ട് അടുത്തമാസം പ്രവര്‍ത്തന സജ്ജമാകുമെന്ന് കെ.എം.ആര്‍.എല്‍ എം.ഡി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. ഇതോടെ കൊച്ചി മെട്രോയുടെ 8.12 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ആദ്യഘട്ടത്തിലെ അവസാന ഫെയ്‌സ് പൂര്‍ത്തിയാകും.

ഇന്‍ഫോപാര്‍ക്കിലേക്കുള്ള കൊച്ചി മെട്രോ രണ്ടാംഘട്ടത്തിന്റെ നിര്‍മാണക്കരാര്‍ അടുത്തമാസം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. വാട്ടര്‍ മെട്രോ ബോട്ടുകളുടെ നിര്‍മാണം വേഗത്തിലാക്കണമെന്ന് കൊച്ചി കപ്പല്‍ശാലയോട് ആവശ്യപ്പെട്ടുവെന്നും വാര്‍ഷിക റിപ്പോര്‍ട്ട് അവതരണത്തില്‍ ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.

ഇന്‍ഫോപാര്‍ക്കിലേക്കുള്ള കൊച്ചി മെട്രോ രണ്ടാംഘട്ടത്തിന്റെ നിര്‍മാണത്തിന് ലഭിച്ച ടെന്‍ഡറുകളുടെ സാങ്കേതിക പരിശോധന പുരോഗമിക്കുകയാണ്. ഇത് പൂര്‍ത്തിയാക്കിയശേഷം അടുത്തമാസം കരാര്‍ നല്‍കി നിര്‍മാണ പ്രവര്‍ത്തനങ്ങളാരംഭിക്കും. മൂന്ന് കമ്പനികളാണ് ഇതിനായി ടെന്‍ഡര്‍ നല്‍കിയിട്ടുള്ളത്.

Tags:    

Similar News