പ്രായം വെറും 34 മാത്രം, രത്തന്‍ ടാറ്റയുടെ ബന്ധു, ടാറ്റ ഗ്രൂപ്പില്‍ പിന്‍ഗാമിയായി മായ?

ബിസിനസുകാരുടെ മക്കള്‍ താരത്തിളക്കത്തില്‍ ജീവിക്കാന്‍ ഇഷ്ടപ്പെടുമ്പോള്‍ നേരെ വിപരീതമാണ് മായയുടെ രീതികള്‍

Update:2024-08-02 15:06 IST

Image Courtesy: www.tata.com

ടാറ്റാ ഗ്രൂപ്പിന്റെ തലപ്പത്തു നിന്ന് രത്തന്‍ ടാറ്റ പടിയിറങ്ങുമ്പോള്‍ ആരായിരിക്കും പിന്‍ഗാമിയായി എത്തുക? ഇന്ത്യന്‍ ബിസിനസ് ലോകത്തെ ചൂടേറിയ ചര്‍ച്ചാവിഷയം ടാറ്റാ ഗ്രൂപ്പിന്റെ പുതിയ നായകനെ ചുറ്റിപ്പറ്റിയാണ്. പുതുതലമുറയെ വളര്‍ത്തിയെടുക്കാന്‍ രത്തന്‍ ടാറ്റ തന്നെയാണ് മുന്‍കൈ എടുക്കുന്നത്. നവല്‍ ടാറ്റയുടെ മൂന്നു മക്കളില്‍ രത്തന്‍ ടാറ്റയും ജിമ്മി ടാറ്റയും വിവാഹം കഴിച്ചിട്ടില്ല.
ഇളയ സഹോദരന്‍ നോയല്‍ ടാറ്റയ്ക്ക് മൂന്നു മക്കളുമുണ്ട്. ഇവരില്‍ ഒരാളായിരിക്കും ടാറ്റാ ഗ്രൂപ്പിനെ നയിക്കാനെത്തുക. നെവിന്‍ ടാറ്റ, ലിയ ടാറ്റ, മായ ടാറ്റ എന്നിവരാണ് അവര്‍. ഇതില്‍ മായയ്ക്കാണ് ഏവരും സാധ്യത കല്പിക്കുന്നത്. മൂവരും സെബ്രിലിറ്റി ലൈഫ് ഇഷ്ടപ്പെടാത്തവരും തങ്ങളുടേതായ ലോകത്ത് ഒതുങ്ങി കൂടാന്‍ ആഗ്രഹിക്കുന്നവരുമാണ്.
ആരാണ് മായ ടാറ്റ
ടാറ്റ ഗ്രൂപ്പിലെ യുവതലമുറയിലെ ശ്രദ്ധേയ സാന്നിധ്യമാണ് മായ ടാറ്റ. അവര്‍ ഇപ്പോള്‍ തന്നെ കമ്പനിയുടെ കാര്യങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. യു.കെയിലെ വാര്‍വിക് യൂണിവേഴ്‌സിറ്റിയില്‍ വിദ്യാഭ്യാസം നേടിയിട്ടുള്ള മായ നേതൃശേഷിയുള്ള വ്യക്തിത്വമാണ്. ടാറ്റാ ഗ്രൂപ്പിന്റെ ഉപകമ്പനിയായ ടാറ്റ ക്യാപിറ്റലിലൂടെയാണ് അവര്‍ രംഗപ്രവേശം ചെയ്യുന്നത്. പോര്‍ട്ട്‌ഫോളിയോ മാനേജ്‌മെന്റില്‍ വിദഗ്ധയാണ്.
ടാറ്റ ഗ്രൂപ്പിനെ ഡിജിറ്റല്‍വല്‍ക്കരിക്കുന്നതില്‍ മായയുടെ സംഭാവന വലുതാണ്. ടാറ്റ ന്യൂ ആപ്പിന്റെ പിന്നിലെ ബുദ്ധികേന്ദ്രവും മായ തന്നെ. കൊല്‍ക്കത്തയില്‍ ആരംഭിച്ച ടാറ്റ മെഡിക്കല്‍ സെന്ററിന്റെ ബോര്‍ഡ് അംഗം കൂടിയാണ് മായ.
ഇന്ത്യയിലെ പ്രമുഖ ബിസിനസുകാരുടെ മക്കള്‍ താരത്തിളക്കത്തില്‍ ജീവിക്കാന്‍ ഇഷ്ടപ്പെടുമ്പോള്‍ നേരെ വിപരീതമാണ് മായയുടെ രീതികള്‍. പ്രശസ്തിയില്‍ നിന്ന് അകന്നു നില്‍ക്കാനാണ് അവര്‍ക്കിഷ്ടം. ടാറ്റ ഗ്രൂപ്പിനെ നയിക്കാന്‍ മായയ്ക്ക് സാധിക്കുമെന്നാണ് കുടുംബാംഗങ്ങളും കരുതുന്നത്.
Tags:    

Similar News