2030ലെ 'സ്ഥാനം' ലക്ഷ്യമിട്ട് വമ്പന്മാരുടെ ത്രികോണപ്പോര്; എഫ്.എം.സി.ജി രംഗത്ത് എന്താണ് സംഭവിക്കുന്നത് ?

2030 ഓടെ ഇന്ത്യ കൈവരിക്കുന്ന ആ നേട്ടത്തിന്റെ പങ്കുപറ്റാനുള്ള പോരാട്ടത്തിനാണ് കോര്‍പറേറ്റ് വമ്പന്മാര്‍ കച്ചമുറുക്കുന്നത്‌

Update:2024-09-09 17:20 IST

Image Courtesy: x.com/gautam_adani, x.com/RIL_Updates

ഇന്ത്യന്‍ ഫാസ്റ്റ് മൂവിംഗ് കണ്‍സ്യൂമര്‍ ഗുഡ്‌സ് (അതിവേഗം വിറ്റഴിയുന്ന ഉത്പന്നങ്ങള്‍) മേഖല വരുംവര്‍ഷങ്ങളില്‍ വന്‍കിട കോര്‍പറ്റേറ്റ് കമ്പനികളുടെ കടുത്ത മല്‍സരത്തിനാകും സാക്ഷ്യംവഹിക്കുക. മുകേഷ് അംബാനിയും ഗൗതം അദാനിയും ടാറ്റയും ഉള്‍പ്പെടുന്ന ഇന്ത്യ ബിസിനസ് ഗ്രൂപ്പുകള്‍ ഈ രംഗത്ത് കൂടുതല്‍ നിക്ഷേപത്തിന് തയാറെടുക്കുന്നതാണ് വിപണിയെ മല്‍സരാധിഷ്ടിതമാക്കി മാറ്റുക.
എഫ്.എം.സി.ജി രംഗത്ത് വലിയ നിക്ഷേപം നടത്തുമെന്ന് റിലയന്‍സിന്റെ വാര്‍ഷിക യോഗത്തില്‍ മുകേഷ് അംബാനി പ്രഖ്യാപിച്ചിരുന്നു. ആദ്യ ഘട്ടത്തില്‍ 3,900 കോടി രൂപയാണ് കമ്പനി മാറ്റിവച്ചിരിക്കുന്നത്. രണ്ടാംഘട്ടത്തില്‍ ചില വലിയ ഏറ്റെടുക്കലുകള്‍ നടത്താന്‍ റിലയന്‍സ് പദ്ധതിയിടുന്നുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
റെഡി ടു കുക്ക്, കറിപൗഡര്‍, പാക്കേജ് ഫുഡ് എന്നീ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളെ ഏറ്റെടുക്കാനാണ് റിലയന്‍സിന് പദ്ധതിയുള്ളത്. ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഐ.ടി.സി, കൊക്കകോള തുടങ്ങി ഈ രംഗത്തുള്ള വമ്പന്മാരുമായി നേരിട്ടുള്ള ഏറ്റുമുട്ടലിന് തന്നെയാണ് റിലയന്‍സിന്റെ നീക്കം.

കമ്പനികളെ ലയിപ്പിച്ച് ടാറ്റ

ടാറ്റ ഗ്രൂപ്പിന്റെ എഫ്.എം.സി.ജി കമ്പനിയായ ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്റ്റ്‌സ് ലിമിറ്റഡ് (ടി.സി.പി.എല്‍) പുതിയ ഉത്പന്നങ്ങള്‍ പുറത്തിറക്കി വിപണി ശക്തിപ്പെടുത്താനുള്ള ഒരുക്കത്തിലാണ്. വിയറ്റ്‌നാമിലെ പുതിയ പ്ലാന്റിനായി കമ്പനി കോടികളാണ് ചെലവഴിച്ചിരിക്കുന്നത്. എഫ്.എം.സി.ജി രംഗത്ത് വലിയ മല്‍സരത്തിനാണ് ടാറ്റ തയാറെടുക്കുന്നത്. ഇതിന്റെ ഭാഗമായി മൂന്ന് സബ്‌സിഡിയറി കമ്പനികളെ ലയിപ്പിച്ചിരുന്നു.
ടാറ്റ കണ്‍സ്യൂമര്‍ സോള്‍ഫുള്‍ പ്രൈവറ്റ് ലിമിറ്റഡ്, നൗറിഷ്‌കോ ബീവറേജസ് ലിമിറ്റഡ്, ടാറ്റ സ്മാര്‍ട്ട്ഫുഡ്‌സ് ലിമിറ്റഡ് കമ്പനികളെയാണ് ഒരു കുടക്കീഴിലേക്ക് മാറ്റിയത്. ചെറുധാന്യങ്ങള്‍ കൊണ്ടുള്ള പുതിയ ഉത്പന്നങ്ങള്‍ക്ക് വലിയ പ്രധാന്യം നല്‍കാന്‍ കമ്പനി തീരുമാനിച്ചിട്ടുണ്ട്. വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങളുമായി വിപണിയില്‍ മല്‍സരത്തിന് തയാറെടുക്കുകയാണെന്ന് ടാറ്റ ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരനും അടുത്തിടെ വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ സാമ്പത്തികവര്‍ഷം ടാറ്റ കണ്‍സ്യൂമര്‍ കണ്‍സ്യൂമര്‍ പ്രെഡക്ട്‌സ് ലിമിറ്റഡ് 7,000 കോടി രൂപ കമ്പനികളുടെ ഏറ്റെടുക്കലിനായി ചെലവഴിച്ചിരുന്നു. ക്യാപിറ്റല്‍ ഫുഡ്‌സ്, 
ഓര്‍ഗാനിക്‌ 
ഇന്ത്യ എന്നീ കമ്പനികളായിരുന്നു അത്. വിപണി വിഹിതം വര്‍ധിപ്പിക്കാനും പുതിയ മേഖലകളിലേക്ക് കടക്കാനും ടാറ്റയ്ക്ക് സാധിച്ചിട്ടുണ്ട്.
വില്‍മറുമായുള്ള സംയുക്ത സംരംഭത്തിലൂടെ അദാനി ഗ്രൂപ്പും എഫ്.എം.സി.ജി രംഗത്ത് സജീവമാണ്. പ്രമുഖ അരി ബ്രാന്‍ഡായ കോഹിനൂരിനെ രണ്ടുവര്‍ഷം അദാനി ഗ്രൂപ്പ് ഏറ്റെടുത്തിരുന്നു. കൂടുതല്‍ ഏറ്റെടുക്കലുകള്‍ക്ക് അദാനി ഗ്രൂപ്പ് ശ്രമം തുടരുന്നുണ്ട്.

എന്തുകൊണ്ട് എഫ്.എം.സി.ജി രംഗത്തേക്ക്?

റിലയന്‍സും അംബാനിയും ടാറ്റയും അടക്കം പ്രമുഖരെല്ലാം എഫ്.എം.സി.ജി രംഗത്തേക്ക് കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നതിന് കാരണമുണ്ട്. ലോകത്തെ ഏറ്റവും വലിയ റീട്ടെയ്ല്‍ മാര്‍ക്കറ്റുകളിലൊന്നാണ് ഇന്ത്യ. 2027ഓടെ 1.4 ട്രില്യണ്‍ ഡോളര്‍ മറികടക്കും ഇന്ത്യയിലെ റീട്ടെയ്ല്‍ വില്പന. 2030ഓടേ യു.എസിനും ചൈനയ്ക്കും പിന്നില്‍ മൂന്നാം സ്ഥാനവും ഇന്ത്യയ്ക്കാകും.
ഇന്ത്യക്കാരുടെ ഉയരുന്ന പ്രതിശീര്‍ഷ വരുമാനം, നഗരവല്‍ക്കരണം, കുടുംബ വരുമാനത്തിലെ ഉയര്‍ച്ച, സ്ത്രീകള്‍ കൂടുതലായി തൊഴില്‍ രംഗത്തേക്ക് എത്തിപ്പെടുന്നത് എന്നിവയെല്ലാം ഇന്ത്യന്‍ മാര്‍ക്കറ്റിന്റെ പോസിറ്റീവ് വശങ്ങളാണ്. റീട്ടെയ്ല്‍ രംഗത്തെ ഈ ഉണര്‍വ് മുതലെടുക്കുകയാണ് എഫ്.എം.സി.ജി രംഗത്തേക്കുള്ള വരവിലൂടെ കോര്‍പറേറ്റ് വമ്പന്മാര്‍ ലക്ഷ്യമിടുന്നത്.
Tags:    

Similar News