ഖത്തര്‍ എയര്‍വെയ്സിന് ചരിത്ര ലാഭം, യാത്രക്കാരുടെ എണ്ണം നാല് കോടി

170 വിമാനത്താവളങ്ങളിലേക്കാണ് ഖത്തര്‍ എയര്‍വെയ്സ് സർവീസ് നടത്തുന്നത്

Update:2024-07-03 14:47 IST

image credit: www.qatarairways.com

ലോകത്തെ മുന്‍നിര വിമാന കമ്പനികളിലൊന്നായ ഖത്തര്‍ എയര്‍വെയ്സ് വാര്‍ഷിക ലാഭത്തില്‍ ചരിത്ര നേട്ടം കുറിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ എയര്‍ലൈന്‍സിന്റെ ലാഭം 610 കോടി ഖത്തര്‍ റിയാലാണ്.(ഏതാണ്ട് 1,420 കോടി രൂപ). കമ്പനിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ലാഭമാണിത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെക്കാള്‍ 39 ശതമാനമാണ് ലാഭത്തിലുണ്ടായ വര്‍ധനവ്.
യാത്രക്കാരുടെ എണ്ണം വര്‍ധിച്ചു
യാത്രക്കാരുടെ എണ്ണത്തില്‍ മുന്‍ വര്‍ഷത്തേക്കാള്‍ 26 ശതമാനമാണ് കൂടിയത്. നാലു കോടി യാത്രക്കാരാണ് ഇത്തവണ ഖത്തര്‍ എയര്‍വേയ്സ് ഉപയോഗിച്ചത്. വരുമാന വര്‍ധനവിന്റെ 19 ശതമാനം ടിക്കറ്റ് വില്‍പ്പനയില്‍ നിന്നാണ്. കഴിഞ്ഞ വര്‍ഷം 83 ശതമാനം സീറ്റുകളിവും യാത്രക്കാരുണ്ടായിരുന്നു. ലോകത്തെ 170 വിമാനത്താവളങ്ങളിലാണ് ഇപ്പോള്‍ സര്‍വ്വീസുള്ളത്.
മികച്ച സേവനം
യാത്രക്കാര്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കുന്നതാണ് കമ്പനിയുടെ വിജയരഹസ്യമെന്ന് ഖത്തര്‍ എയര്‍വേയ്സ് ഗ്രൂപ്പ് ചെയര്‍മാനും ഖത്തറിലെ ഉര്‍ജ്ജമന്ത്രിയുമായ സാദ് ബിന്‍ ശരീദ അല്‍ കഅബി വ്യക്തമാക്കി. കൂടുതല്‍ വിമാനത്താവളങ്ങളിലേക്ക് സര്‍വ്വീസ് വ്യാപിപ്പിക്കാന്‍ കഴിഞ്ഞ വര്‍ഷം കമ്പനിക്കായി. കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ ഊന്നല്‍ നല്‍കി. ഉപഭോക്താക്കളില്‍ നിന്ന് ലഭിക്കുന്ന മികച്ച സഹകരണം വളര്‍ച്ചയില്‍ പ്രധാനപ്പെട്ടതാണെന്ന് എക്സിക്യൂട്ടീവ് ഓഫീസര്‍ ബദര്‍ മുഹമ്മദ് അല്‍-ബീറും പറഞ്ഞു. ഖത്തര്‍ ഗവണ്‍മെന്റിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ഖത്തര്‍ എയര്‍വേയ്സ് പ്രവര്‍ത്തിക്കുന്നത്.
വിദേശത്തും ഓഹരികള്‍ വാങ്ങുന്നു
വിദേശ രാജ്യങ്ങളിലെ വിമാന കമ്പനികളില്‍ ഓഹരികള്‍ വാങ്ങുന്നതിന് ഖത്തര്‍ എയര്‍വേയ്സ് ശ്രമങ്ങള്‍ ഉര്‍ജ്ജിതമാക്കി. ആഫ്രിക്കയില്‍ ബിസിനസ് വര്‍ധിപ്പിക്കുന്നതിനായി സതേണ്‍ ആഫ്രിക്കന്‍ എയര്‍ലൈന്‍സ്, റുവാണ്ട എയര്‍ എന്നീ കമ്പനികളില്‍ ഓഹരികള്‍ എടുത്തിട്ടുണ്ട്. ഓസ്ട്രേലിയന്‍ എയര്‍ലൈനായ വിര്‍ജിന്‍ ഓസ്ട്രേലിയയില്‍ 20 ശതമാനം ഓഹരികളും വാങ്ങിയിട്ടുണ്ട്.
Tags:    

Similar News