ഡല്‍ഹിയില്‍ ഹല്‍വ ചടങ്ങ് കഴിഞ്ഞു; ഈ മധുരം ബജറ്റ് ദിനത്തിലും ഉണ്ടാവുമോ?

ബജറ്റ് വളര്‍ച്ചയില്‍ കേന്ദ്രീകരിക്കണം, ജനപ്രിയവുമാകണം -അ്താണ് ധനമന്ത്രി നേരിടുന്ന വെല്ലുവിളി

Update:2024-07-17 11:52 IST

ഹല്‍വ ചടങ്ങില്‍ നിന്ന്

വികസനത്തിലും സമ്പദ് വളര്‍ച്ചയിലും തൊഴിലവസരങ്ങളിലും കേന്ദ്രീകരിക്കണം, ബജറ്റ്. ഒപ്പം ജനപ്രിയവുമാകണം. സഖ്യകക്ഷികളെ തൃപ്തിപ്പെടുത്തേണ്ട രാഷ്ട്രീയം, അതു വേറെ. മൂന്നാമൂഴം അധികാരത്തിലേറിയ മോദിസര്‍ക്കാറിന്റെ ആദ്യബജറ്റ് എങ്ങനെയായിരിക്കും? ധനകാര്യ മന്ത്രാലയം പ്രവര്‍ത്തിക്കുന്ന നോര്‍ത്ത് ബ്ലോക്കില്‍ ബജറ്റ് തയാറാക്കുന്നതിന്റെ അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ് അണിയറ ശില്‍പികള്‍. പതിവു രീതിയില്‍ ധനമന്ത്രി നിര്‍മല സീതാരാമന്റെ സാന്നിധ്യത്തില്‍ ഹല്‍വ തയാറാക്കി മധുരം പങ്കിടുന്ന ചടങ്ങ് കഴിഞ്ഞ ദിവസം നടന്നു. ബജറ്റ് നിര്‍ദേശങ്ങള്‍ മധുരമുള്ളതാവുമോ? 23ന് രാവിലെ 11ന് ലോക്‌സഭയില്‍ അ്‌വതരിപ്പിക്കാന്‍ പോവുന്ന ബജറ്റില്‍ പ്രതീക്ഷിക്കാവുന്നത് എന്തൊക്കെ? ചര്‍ച്ച സജീവം.
ഉയര്‍ന്നു വരുന്ന പ്രതീക്ഷകള്‍ ഇങ്ങനെയൊക്കെ
നികുതി വരുമാനം മെച്ചപ്പെട്ടു. റിസര്‍വ് ബാങ്കില്‍ നിന്ന് ലാഭവിഹിതം മുഴുവന്‍ കിട്ടി. അതുകൊണ്ട് സര്‍ക്കാറിന്റെ സാമ്പത്തിക നില ഏറെക്കുറെ ഭേദം. തെരഞ്ഞെടുപ്പ് കഴിഞ്ഞു. മണ്‍സൂണ്‍ പ്രവണതകള്‍ പ്രതീക്ഷ നല്‍കുന്നു. ഇതെല്ലാം വെച്ചു നോക്കിയാല്‍ മൂലധന ചെലവില്‍ വലിയ മാറ്റമൊന്നും വരുത്താന്‍ ഇടയില്ല. തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കണം. വിലക്കയറ്റ പ്രവണത നിയന്ത്രിക്കണം. അതുകൊണ്ട് ജനപ്രിയ ബജറ്റിനാണ് കൂടുതല്‍ സാധ്യത.
വ്യവസായം, അടിസ്ഥാന സൗകര്യ വികസനം എന്നിവക്ക് മെച്ചപ്പെട്ട പരിഗണന കിട്ടിയേക്കും. ഇക്കാര്യത്തില്‍ നിലവിലെ നയം തുടരുമെന്നാണ് പ്രതീക്ഷിക്കേണ്ടത്. ചെറുകിട-ഇടത്തരം സംരംഭങ്ങളെ പ്രോത്‌സാഹിപ്പിക്കാന്‍ കൂടുതല്‍ പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കാം. ഗ്രാമീണ മേഖലക്ക് പുതുജീവന്‍ നല്‍കാനും ഉപഭോഗം വര്‍ധിപ്പിക്കാനും ശ്രമിക്കും. കാര്‍ഷിക മേഖലക്ക് കൂടുതല്‍ പരിഗണന കൊടുക്കാനും തെരഞ്ഞെടുപ്പ് ഫല പ്രവണതകള്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കും.
നയവും പരിഷ്‌കരണവും തുടരാനാവുമോ?
സഖ്യകക്ഷി രാഷ്ട്രീയത്തിലേക്ക് സാഹചര്യങ്ങള്‍ മാറിയത് പരിഷ്‌കരണത്തെയും വന്‍കിട നയ തിരുത്തലുകളെയും ബാധിക്കുമോ? ചോദ്യം കോര്‍പറേറ്റ് മേഖലയില്‍ നിന്ന് ശക്തമായി ഉയരുന്നുണ്ട്. 10 വര്‍ഷമായി തുടരുന്ന നയങ്ങളിലോ ഭരണക്രമത്തിലോ കാര്യമായൊരു മാറ്റം പക്ഷേ, പ്രതീക്ഷിക്കുന്നവര്‍ വിരളം. തെരഞ്ഞെടുപ്പിനു മുമ്പു തന്നെ ബി.ജെ.പിക്കൊപ്പം കൂടിയ സഖ്യകക്ഷികള്‍ പങ്കാളികളായ ഭരണമാണിത്. മറിച്ച്, സര്‍ക്കാറുണ്ടാക്കാന്‍ നയപരമായ വിട്ടുവീഴ്ചകള്‍ തെരഞ്ഞെടുപ്പിനു ശേഷം നടത്തി ഒരു മുന്നണി രൂപപ്പെടുത്തുകയായിരുന്നില്ല. കഴിഞ്ഞ മന്ത്രിസഭയില്‍ പ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്തവരില്‍ മാറ്റമില്ല. അവര്‍ ബി.ജെ.പി നേതാക്കള്‍ തന്നെയാണെന്നതും ശ്രദ്ധേയം. നയ സ്ഥിരതയുടെ തെളിവായി അതു വായിക്കാം.
സഖ്യകക്ഷികളെ മെരുക്കാന്‍ ബി.ജെ.പി
സഖ്യകക്ഷി സര്‍ക്കാര്‍ അഞ്ചു വര്‍ഷം തികക്കുമോ എന്ന ആശങ്കയുള്ള നിക്ഷേപകരുണ്ട്. പ്രമുഖ സഖ്യകക്ഷികള്‍ സമ്മര്‍ദം ചെലുത്തി കാര്യം നേടാനും, വേണ്ടി വന്നാല്‍ മറുകണ്ടം ചാടാനും മടിക്കാത്തവരാണ് എന്നതാണ് കാരണം. എന്നാല്‍ മന്ത്രിസഭ രൂപവല്‍ക്കരണത്തിലൊന്നും പ്രശ്‌നങ്ങള്‍ ഉണ്ടായില്ല എന്നാണ് ഇതിനു ഭരണപക്ഷ വക്താക്കള്‍ നല്‍കുന്ന മറുപടി. പരിഷ്‌കരണങ്ങള്‍ക്ക് വേഗം കുറഞ്ഞെന്നു വരാം. എന്നാല്‍ നയ-പരിഷ്‌കരണങ്ങളുടെ തുടര്‍ച്ച ഉണ്ടാവുക തന്നെ ചെയ്യാനാണ് എല്ലാ സാധ്യതയും. അതിനു തക്ക വിധത്തില്‍ സഖ്യകക്ഷികളെ മെരുക്കാന്‍ ബി.ജെ.പിക്ക് സാധിക്കുമെന്നാണ് കാണേണ്ടത്.
Tags:    

Similar News