വനിതാ ഐപിഎല്‍; സംപ്രേക്ഷണാവകാശത്തിനായി റിലയന്‍സ് മുതല്‍ ആമസോണും ഫാന്‍കോഡും വരെ

2023-27 കാലയളവിലേക്കുള്ള സംപ്രേക്ഷണാവകാശമാണ് ബിസിസിഐ വില്‍ക്കുന്നത്. ജനുവരി 16ന് ആണ് ലേലം

Update:2023-01-10 11:16 IST

courtesy-bcci.tv

ജനുവരി 16ന് ആണ് പ്രഥമ വനിതാ ഐപിഎല്ലിന്റെ (Women's IPL) സംപ്രേക്ഷണാവകാശികളെ തീരുമാനിക്കുന്ന ലേലം നടക്കുന്നത്. സീല്‍ ചെയ്ത കവറുകളില്‍ സമര്‍പ്പിക്കുന്ന ബിഡുകളില്‍ നിന്ന് ഉയര്‍ന്ന തുക രേഖപ്പെടുത്തുന്ന കമ്പനിക്കാവും മീഡിയ അവകാശങ്ങള്‍ ലഭിക്കുക. പതിവ് പോലെ ഡിസ്‌നി-സ്റ്റാര്‍, റിലയന്‍സിന്റെ വിയാകോം18, സോണി-സീ എന്നിവയാണ് മത്സര രംഗത്തുള്ള പ്രധാനികള്‍. 2023-27 കാലയളവിലേക്കുള്ള സംപ്രേക്ഷണാവകാശമാണ് ബിസിസിഐ വില്‍ക്കുന്നത്.

ടിവി ചാനലുകളെ കൂടാതെ ആമസോണ്‍ പ്രൈം, ഫാന്‍കോഡ്, ടൈംസ് ഇന്റര്‍നെറ്റ് എന്നീ ഡിജിറ്റല്‍ കമ്പനികളും വനിതാ ഐപിഎല്ലിനായി രംഗത്തുണ്ട്. പുരുഷ ഐപിഎല്ലിലെ പോലെ വനിതാ ഐപിഎല്‍ മീഡിയ അവകാശത്തിനായി ബിസിസിഐ റിസര്‍വ് തുക തീരുമാനിച്ചിട്ടില്ല. ഒരു സീസണില്‍ 220-250 കോടി രൂപ നിരക്കില്‍ 1,100-1,250 കോടി രൂപയാണ് ബിസിസിഐ സംപ്രേക്ഷണാവകാശ വില്‍പ്പനയിലൂടെ ലക്ഷ്യമിടുന്നത്. അതായത് ഒരു മാച്ചിന് 10-11 കോടി രൂപവരെ. ഒരു സീസണില്‍ 22 മത്സരങ്ങളാണ് ഉണ്ടാവുക.

പുരുഷ ഐപില്ലിലെ മീഡിയ അവകാശങ്ങള്‍ വിറ്റതിലൂടെ 48,390 കോടി രൂപ ബിസിസിഐ നേടിയിരുന്നു. ഒരു മാച്ചിന് 118 കോടിയോളമാണ് ലഭിക്കുന്നത്. അതേ സമയം ഇതിന് സമാനമായ ഒരു വരുമാനം തുടക്കത്തില്‍ വനിതാ ഐപിഎല്ലില്‍ നിന്ന് ബിസിസിഐയോ ചാനലുകളോ പ്രതീക്ഷിക്കുന്നില്ല. അതേ സമയം ഭാവിയില്‍ വനിതാ ക്രിക്കറ്റിന്റെ വിപണി ഉയരുമെന്ന അനുമാനത്തിലാണ് ഇരുകൂട്ടരും.

ടീമുകള്‍ക്ക് വരുമാനത്തിന്റെ 80 ശതമാനം

അഞ്ച് ടീമുകളാവും വനിതാ ഐപിഎല്ലില്‍ ഉണ്ടാവുക. അതേ സമയം ഫ്രൈഞ്ചൈസികളെ സംബന്ധിച്ച അന്തിമ തീരുമാനം ഇതുവരെ ആയിട്ടില്ല. ആദ്യ സീസണിലേക്കുള്ള താര ലേലം ഫെബ്രുവരിയിലാണ് നിശ്ചയിച്ചിരിക്കുന്നത്. ജനുവരി 26 വരെ കളിക്കാര്‍ക്ക് ലേലത്തിനായി രജിസ്റ്റര്‍ ചെയ്യാം. ക്യാപ്ഡ് താരങ്ങള്‍ക്ക് 50 ലക്ഷം, 40 ലക്ഷം, 30 ലക്ഷം എന്നിങ്ങനെയാണ് അടിസ്ഥാന വില. അണ്‍ ക്യാപ്ഡ് താരങ്ങള്‍ക്ക് അടിസ്ഥാന വില നിശ്ചയിച്ചിരിക്കുന്നത് 20 ലക്ഷം, 10 ലക്ഷം എന്നിങ്ങനെയാണ്. ആദ്യ 5 വര്‍ഷം ടീമുകള്‍ക്ക് വരുമാനത്തിന്റെ 80 ശതമാനമാണ് ബിസിസിഐ നല്‍കുന്നത്. പിന്നീടുള്ള അഞ്ച് വര്‍ഷം ഇത് 60 ശതമാനമായും 2033 മുതല്‍ 50 ശതമാനമായും കുറയ്ക്കും.

Tags:    

Similar News