യു.എ.ഇയില്‍ സ്വകാര്യ ട്യൂഷന്‍ ഇനി നിയമവിധേയം; മലയാളികള്‍അടക്കമുള്ള അധ്യാപകര്‍ക്ക് നേട്ടം
രണ്ട് വര്‍ഷത്തേക്ക് സൗജന്യ പെര്‍മിറ്റ്, പഠിപ്പിക്കുന്നവര്‍ക്ക് അവരുടെ രാജ്യങ്ങളില്‍ നിന്ന് ജോലി ചെയ്യാനാകും
മലയാളികളടക്കമുള്ള ഒട്ടേറെ ഇന്ത്യന്‍ അധ്യാപകര്‍ക്ക് ഗുണകരമാകുന്ന സ്വകാര്യ ട്യൂഷനുകള്‍ യു.എ.ഇയില്‍ ഔദ്യോഗികമായി നിയമവിധേയമാക്കി. ഇതിന്റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പുറത്ത് വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാന്‍ അധ്യാപകരെ അനുവദിക്കുന്ന പുതിയ പെര്‍മിറ്റ് സംവിധാനം ഏര്‍പ്പെടുത്തി.
യു.എ.ഇയുടെ മനുഷ്യവിഭവശേഷി-സ്വദേശിവത്കരണ മന്ത്രാലയവും (MoHRE) വിദ്യാഭ്യാസ മന്ത്രാലയവും (MoE) സംയുക്തമായി ആരംഭിച്ച സൗജന്യ പെര്‍മിറ്റിന് രണ്ട് വര്‍ഷത്തെ കാലാവധിയാണുള്ളത്. സ്വകാര്യ ട്യൂഷനുകളെ നിയന്ത്രിക്കാനും ഈ മേഖലയിലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാനും ലക്ഷ്യമിട്ടാണ് ഈ നീക്കം.
പെര്‍മിറ്റിന് അപേക്ഷിക്കാം
അധ്യാപകര്‍, മറ്റ് തൊഴിലുകള്‍ ചെയ്യുന്ന പ്രൊഫഷണലുകള്‍, തൊഴിലില്ലാത്തവര്‍, 15 മുതല്‍ 18 വയസ്സുവരെയുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍, സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് ഇതിലേക്ക് അപേക്ഷിക്കാനാകും. യു.എ.ഇയുടെ മനുഷ്യവിഭവശേഷി-സ്വദേശിവത്കരണ മന്ത്രാലയത്തിന്റെ വെബ്സൈറ്റിലെ 'സേവനങ്ങള്‍' ടാബിലെ 'പ്രൈവറ്റ് ടീച്ചര്‍ വര്‍ക്ക് പെര്‍മിറ്റ്' വിഭാഗത്തിന് കീഴില്‍ അപേക്ഷകള്‍ സമര്‍പ്പിക്കാം. പെര്‍മിറ്റ് അനുവദിക്കുന്ന യോഗ്യതയുള്ള വ്യക്തികള്‍ക്ക് സ്വകാര്യമായി പഠിപ്പിക്കാനും നേരിട്ട് വരുമാനം ഉണ്ടാക്കാനും കഴിയും.
അധ്യാപകര്‍ക്ക് നിയമ സാധുതയുള്ള താമസസ്ഥലമുണ്ടെങ്കില്‍ ഓണ്‍ലൈനായും വ്യക്തിഗതമായും വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാന്‍ സംവിധാനം അനുവദിക്കുന്നു. അതായത് പഠിപ്പിക്കുന്നവര്‍ക്ക് അവരുടെ രാജ്യങ്ങളില്‍ നിന്ന് ജോലി ചെയ്യാം. എത്ര വിദ്യാര്‍ത്ഥികളെ വേണമെങ്കിലും ഒരു അധ്യാപകന് ഈ പെര്‍മിറ്റില്‍ പഠിപ്പിക്കാനാകും.
പെര്‍മിറ്റിനായി അഞ്ച് പ്രവൃത്തി ദിവസങ്ങള്‍ വരെ പ്രോസസിംഗ് സമയം എടുത്തേക്കാം. അപേക്ഷ എന്തെങ്കിലും കാരണത്താല്‍ നിരസിക്കുകയാണെങ്കില്‍ ആറ് മാസ കാലയളവിന് ശേഷം വീണ്ടും അപേക്ഷിക്കാനാകും. ഈ പെര്‍മിറ്റ് ഇല്ലാതെ വിദ്യാര്‍ത്ഥികളെ സ്വകാര്യമായി പഠിപ്പിക്കുകയാണെങ്കില്‍ പിഴയടക്കേണ്ടി വരും.