യുവാക്കളില്‍ നിന്ന് ഊര്‍ജം ആവാഹിക്കുന്നത് തന്റെ ശീലമെന്ന് രത്തന്‍ ടാറ്റ

Update: 2020-07-24 11:38 GMT

വ്യാപന ശേഷിയുള്ള ഊര്‍ജ്ജമാണ് യുവാക്കളുടേതെന്നും യുവാക്കളുടെ സഹവാസം താന്‍ എല്ലായ്‌പ്പോഴും ആസ്വദിക്കുന്നത് ഇക്കാരണത്താലാണെന്നും രത്തന്‍ ടാറ്റ. യുവാക്കളില്‍ നിന്ന് ഉത്സാഹം തേടുന്ന തന്റെ ശീലം ഒരു വെബിനാറില്‍ 33,000 ചെറുപ്പക്കാരോട് സംസാരിക്കവേ ടാറ്റാ ട്രസ്റ്റ് ചെയര്‍മാന്‍ പ്രകടമാക്കി.

യുവാക്കളുടെ ഇടയിലായിരിക്കുമ്പോള്‍ തനിക്ക് പ്രായപൂര്‍ത്തിയാകാത്തതുപോലുള്ള അനുഭവമാണുള്ളതെന്ന് 82 കാരനായ രത്തന്‍ ടാറ്റ പറഞ്ഞു.വിജയകരമായ ബിസിനസ്സ് എങ്ങനെ ആരംഭിക്കാമെന്നതിനെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചകളും വ്യവസായ മേഖലയുടെ കുലപതി പങ്കുവെച്ചു. മനുഷ്യസ്നേഹികളാകണം  ഭാവിയിലെ സംരംഭകര്‍. ബിസിനസ്സ് ആരംഭിക്കുന്നതിന്റെ പിന്നിലെ ലക്ഷ്യവും ലാഭം എങ്ങനെ നേടാമെന്ന അറിവും ഒന്നുപോലെ പ്രധാനമാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.'വെല്ലുവിളികള്‍ നിറഞ്ഞ വര്‍ഷത്തെ നേരിടുന്നതിന് പരസ്പരം പിന്തുണയ്ക്കാന്‍ എല്ലാവരും സന്നദ്ധരാകണം.'സ്വന്തം ആളുകളോട് സഹാനുഭൂതി കാണിക്കാത്ത കമ്പനികള്‍ക്ക് നിലനില്‍പ്പുണ്ടാവില്ല. ലോകത്ത് എവിടെയായാലും കൊവിഡ് 19 നിങ്ങള്‍ക്ക് തിരിച്ചടിയാകും. എന്ത് കാരണം കൊണ്ടായാലും നിലനില്‍പ്പിന് വേണ്ടി ശരിയായ തീരുമാനമേ എടുക്കാവൂ എന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ കോര്‍പ്പറേറ്റുകള്‍ മഹാമാരി കാലത്ത് ജീവനക്കാരെ പിരിച്ചുവിട്ടത് സഹാനുഭൂതി ഇല്ലാത്തത് കൊണ്ടാണെന്ന് രത്തന്‍ ടാറ്റ അഭിപ്രായപ്പെട്ടു. ഇതാണോ ഇന്ത്യന്‍ കമ്പനികളുടെ നീതിശാസ്ത്രം? - അദ്ദേഹം ചോദിച്ചു.' ഈ ആളുകളാണ് നിങ്ങള്‍ക്ക് വേണ്ടി ജോലി ചെയ്തത്. തങ്ങളുടെ ഔദ്യോഗിക ജീവിതത്തില്‍ മുഴുവന്‍ കമ്പനികള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചവരാണവര്‍. അവരെയാണ് മഴയത്തേക്ക് ഇറക്കിവിടുന്നത്. എന്ത് നീതിശാസ്ത്രമാണ് തൊഴിലാളികളെ ഇത്തരത്തില്‍ പരിഗണിച്ച് വ്യക്തമാക്കുന്നത്?'.നിരവധി ഇന്ത്യന്‍ കമ്പനികളാണ് ജീവനക്കാരെ പിരിച്ചുവിട്ടത്. സാമ്പത്തിക പ്രതിസന്ധിയാണ് കാരണമായി പറഞ്ഞത്.ടാറ്റ ഗ്രൂപ്പ് ആരെയും പിരിച്ചുവിട്ടിട്ടില്ല. എന്നാല്‍ മുന്‍നിര മാനേജ്‌മെന്റ് ജീവനക്കാരുടെ വേതനം 20 ശതമാനം കുറച്ചിരുന്നു. എയര്‍ലൈന്‍, ഹോട്ടല്‍, സാമ്പത്തിക സേവന സ്ഥാപനങ്ങള്‍, വാഹന വ്യവസായം തുടങ്ങിയ ടാറ്റ ഗ്രൂപ്പ് സ്ഥാപനങ്ങളെല്ലാം കടുത്ത തിരിച്ചടി നേരിട്ടിരുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News