കംപ്യൂട്ടര്‍ വിദഗ്ധര്‍ക്ക് കാനഡയില്‍ എക്‌സ്പ്രസ് എന്‍ട്രി

സയന്‍സ്, എന്‍ജിനീയറിംഗ്, കണക്ക് എന്നിവയില്‍ പരിചയസമ്പത്തുള്ള പുതുമുഖങ്ങള്‍ക്കും അവസരം

Update: 2023-06-30 06:12 GMT

Image : Canva

സയന്‍സ്, ടെക്‌നോളജി, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്‌സ് (Science, Technology, Engineering, and Mathematics /STEM) എന്നീ വിഭാഗങ്ങളില്‍ അനുഭവപരിചയമുള്ള വിദഗ്ധരായ പുതുമുഖങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നതിനായി കാനഡ എക്‌സ്പ്രസ് എന്‍ട്രി ഇമിഗ്രേഷന്‍ സംവിധാനത്തിനു കീഴില്‍  പുതിയ സൗകര്യം അവതരിപ്പിച്ചു.

ആദ്യ ഘട്ട സ്‌റ്റെം സെലക്ഷന്‍ ജൂലൈ അഞ്ച് മുതല്‍ നടക്കും. ഡാറ്റാ സയന്റിസ്റ്റുകള്‍, സോഫ്റ്റ്‌വെയര്‍  ഡെവലപ്പര്‍മാര്‍, പ്രോഗ്രാമര്‍മാര്‍, ഗണിതശാസ്ത്രജ്ഞര്‍, സ്റ്റാറ്റിസ്റ്റിഷ്യന്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക് എഞ്ചിനീയര്‍മാര്‍ എന്നിവരുള്‍പ്പെടെ 24 തൊഴിലുകളില്‍ പരിചയമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് പുതിയ സംവിധാനത്തില്‍ മുന്‍ഗണന നല്‍കും.
അപേക്ഷകര്‍ക്ക് ഈ മേഖലകളില്‍ ഒരു വര്‍ഷത്തെയെങ്കിലും പരിചയമുണ്ടായിരിക്കണം. എക്‌സ്പ്രസ് എന്‍ട്രിക്ക് ബാധകമായ ഭാഷാ വൈദഗ്ധ്യവും വിദ്യാഭ്യാസ യോഗ്യതകളും നേടിയിരിക്കുകയും വേണം.
ജീവനക്കാര്‍ക്ക് ക്ഷാമം
കാനഡയിലുടനീളം പ്രധാന മേഖലകളില്‍ തൊഴിലാളി ക്ഷാമം നേരിടുന്നുണ്ട്. കുടിയേറ്റം എളുപ്പത്തിലാക്കാനും ഈ മേഖലകളിലെ ജീവനക്കാരുടെ ആവശ്യം നികത്താനുമായി നിരവധി നടപടികളാണ് കാനഡ സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. അതിന്റെ ഭാഗമാണ് പുതിയ നീക്കം.
പൊതുവായി നടത്തി വരുന്ന സെലക്ഷനു പുറമെ വിവിധ മേഖലകള്‍ക്ക് പ്രാധാന്യം നല്‍കി നടത്തുന്ന തെരഞ്ഞെടുപ്പും ഇനി വര്‍ഷത്തില്‍ പലതവണയുണ്ടാകും. കാനഡയുടെ ഭാവി സാമ്പത്തിക വളര്‍ച്ചയ്ക്കും നവീകരണത്തിനും STEM പ്രൊഫഷണലുകള്‍ അനിവാര്യമാണെന്ന് സര്‍ക്കാര്‍ വിശ്വസിക്കുന്നു.
കാനഡയുടെ തൊഴില്‍ ശക്തി വളര്‍ച്ചയുടെ ഏതാണ്ട് 100 ശതമാനവും കുടിയേറ്റമാണ്. ഇതുവഴിയാണ് പ്രധാന മേഖലകളിലെ തൊഴില്‍ ക്ഷാമം പരിഹരിക്കുന്നത്.
എന്താണ് എക്‌സ്പ്രസ് എന്‍ട്രി?
കാനഡയിലേക്ക് കുടിയേറാനുള്ള ഏറ്റവും മികച്ച മാര്‍ഗങ്ങളിലൊന്നാണ് എക്‌സ്പ്രസ് എന്‍ട്രി സിസ്റ്റം. റാങ്കിംഗ് സംവിധാനത്തിലൂടെയാണ് എക്‌സ്പ്രസ് എന്‍ട്രി അനുവദിക്കുന്നത്. പ്രായം, വിദ്യാഭ്യാസം, പ്രവൃത്തിപരിചയം, ഇംഗ്ലീഷ് അല്ലെങ്കില്‍ ഫ്രഞ്ച് ഭാഷയിലുള്ള വൈദഗ്ധ്യം, സാഹചര്യവുമായി പൊരുത്തപ്പെടാനുള്ള കഴിവ് എന്നിങ്ങനെ നിരവധി ഘടങ്ങളെ അടിസ്ഥാനമാക്കിയാണ് റാങ്കിംഗ് നിശ്ചയിക്കുന്നത്. വേഗത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നു എന്നതാണ് എക്‌സ്പ്രസ് എന്ട്രി സംവിധാനത്തിന്റെ പ്രത്യേകത. എന്നാല്‍ ഇത് അത്ര എളുപ്പമല്ല. നിരവധി കടമ്പകള്‍ കടന്നു വേണം എക്‌സ്പ്രസ് എന്‍ട്രി നേടിയെടുക്കാന്‍.
Tags:    

Similar News