ഇലക്ട്രിക് വാഹന വിപ്ലവത്തിലെ മാറിമറിയുന്ന അവസരങ്ങള്‍

വാഹന നിര്‍മാതാക്കളും ഉപഭോക്താക്കളും ഇലക്ട്രിക്കിലേക്ക് മാറി ചിന്തിക്കുമ്പോള്‍ സാധ്യതകള്‍ ആര്‍ക്കൊക്കെ

Update:2021-02-27 15:57 IST

'പെട്രോള്‍ വില ഇങ്ങനെ കൂടുകയാണെങ്കില്‍ കാര്‍ ഒക്കെ ഒഴിവാക്കേണ്ടി വരുമെന്നാണ് തോന്നുന്നത്, അല്ലെങ്കില്‍ വല്ല ഇലക്ട്രിക് കാറൊക്കെ വാങ്ങേണ്ടി വരും...' ഇന്ധനവില കുതിച്ചുയരുന്നത് കണ്ട് കഴിഞ്ഞ ദിവസം സുഹൃത്ത് പറഞ്ഞതാണിത്. ഇത് ഒരാളുടെ മാത്രം കാര്യമല്ല, ഇക്കാലത്തെ പലരുടെയും അഭിപ്രായമാണ്. അതായത് സാധാരണക്കാര്‍ പോലും ഇന്ന് ഇലക്ട്രിക് വാഹനം എന്നതിലേക്ക് ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നു എന്ന് സാരം.

നമ്മുടെ നാട്ടില്‍ ഇന്ധനച്ചെലവാണ് ഏവരെയും ഇലക്ട്രിക് വാഹനങ്ങളിലേക്ക് അടുപ്പിക്കുന്നതെങ്കില്‍ ആഗോളതലത്തില്‍ പരിസ്ഥിതി സൗഹൃദമെന്നതാണ് ഏവര്‍ക്കും ഇലക്ട്രിക് കാറുകളോട് പ്രിയമേറാന്‍ കാരണം. ആഗോള വമ്പന്മാരായ കാര്‍ നിര്‍മാതാക്കളും ഇപ്പോള്‍ ശ്രദ്ധകൊടുക്കുന്നത് ഇലക്ട്രിക് വാഹന വിപണിക്കാണ്. 2039 ഓടെ പൂര്‍ണമായും ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുമെന്നാണ് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ കഴിഞ്ഞദിവസം നടത്തിയ പ്രഖ്യാപനം. എംജി മോട്ടോഴ്സും കിയയും ടാറ്റയുമൊക്കെ ഇലക്ട്രിക് വാഹനങ്ങള്‍ രംഗത്തിറക്കി വിപണിയില്‍ സ്ഥാനം നേടാനുള്ള മത്സരയോട്ടത്തിലാണ്. ഹ്യുണ്ടായ് പ്രാദേശികമായി ഇലക്ട്രിക് കാര്‍ നിര്‍മിക്കാന്‍ അടുത്ത നാലുവര്‍ഷത്തിനുള്ളില്‍ 3200 കോടി രൂപയാണ് ഇന്ത്യയില്‍ നിക്ഷേപിക്കാനൊരുങ്ങുന്നത്. നിലവില്‍ ഇലക്ട്രിക് വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ലിഥിയം ബാറ്ററികള്‍ മറ്റ് രാജ്യങ്ങളില്‍നിന്ന് എത്തിക്കുന്നതിനാലാണ് ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങളുടെ വില വര്‍ധിക്കാന്‍ കാരണം. എന്നാല്‍ ബാറ്ററി ഉല്‍പ്പാദനം ഇന്ത്യയില്‍ നടത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഇതിനായി കേന്ദ്രസര്‍ക്കാര്‍ ലിഥിയം അയേണ്‍ ഇന്ത്യയിലെത്തിക്കുന്നതിന് ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഗുജറാത്തില്‍ ലിഥിയം റിഫൈനറി തുടങ്ങുന്നതിനുള്ള നീക്കങ്ങളും നടന്നുകൊണ്ടിരിക്കുന്നുണ്ട്. ഇത് യാഥാര്‍ത്ഥ്യമായാല്‍ ഇപ്പോള്‍ ലഭ്യമാകുന്ന വിലയില്‍നിന്ന് അധിക വ്യത്യാസമില്ലാതെ തന്നെ ഇലക്ട്രിക് വാഹനങ്ങള്‍ ഏവര്‍ക്കും സ്വന്തമാക്കാനാകും. ഇതൊക്കെ അടുത്ത രണ്ട് മൂന്ന് വര്‍ഷങ്ങള്‍ക്കകം സംഭവിക്കാന്‍ പോകുന്ന കാര്യങ്ങളാണ്. അപ്പോള്‍ വിലയില്‍ കാര്യമായ വ്യത്യമാസമില്ലാതെ, ഇന്ധനച്ചെലവ് കുറവുള്ള, പരിസ്ഥിതി സൗഹൃദമായ ഇലക്ട്രോണിക് വാഹനങ്ങള്‍ വാങ്ങാന്‍ നിങ്ങളും ആഗ്രഹിച്ചുപോവില്ലേ ?. ഈയൊരു ഇലക്ട്രിക് വിപ്ലവം നമ്മിലേക്ക് വരുമ്പോള്‍ നമ്മുടെ മുന്നില്‍ തുറന്നിടുന്ന ബിസിനസ് അവസരങ്ങളും വലുതാണ്.


വരാനിരിക്കുന്നത് ഇലക്ട്രിക് കാര്‍ വിപ്ലവം
കംപ്യൂട്ടര്‍ വിപ്ലവം പോലെയൊരു വിപ്ലവമാണ് ഇലക്ട്രിക് കാറുകളുടെ വ്യപനത്തോടെയുണ്ടാവാന്‍ പോകുന്നതെന്നാണ് വേള്‍ഡ് കാര്‍ ഓഫ് ദി ഇയര്‍ ജ്യൂറി ബോര്‍ഡ് അംഗവും ഓട്ടോമോട്ടീവ് റിവ്യൂവറുമായ ഹാനി മുസ്തഫ പറയുന്നത്. നിലവില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വേണ്ട ഹാര്‍ഡ്‌വെയറുകളൊക്കെ സജ്ജമാക്കി കഴിഞ്ഞിട്ടുണ്ട. അതിനാല്‍ ഇലക്ട്രിക് വാഹനം വ്യാപകമാകാന്‍ കാലതാമസം വേണ്ടി വരില്ല. ഇന്ത്യയെ സംബന്ധിച്ച് ലിഥിയം ബാറ്ററി ഉല്‍പ്പാദനമില്ലാത്തതാണ് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വില വര്‍ധക്കാന്‍ കാരണം. ഇതിനൊരു മാറ്റവും ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ടാക്‌സ് ഡിഡക്ഷനും സബ്‌സിഡിയും നല്‍കുന്നതോടെ ഏവരും ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറും- ഹാനി മുസ്തഫ പറയുന്നു.


ഗുണം ചെറുതല്ല

'സാധാരണ വാഹനങ്ങളിലെ ഐസി (Internal Cumbstion) എന്‍ജിനുകള്‍ക്ക് 1800 മുതല്‍ 2000 വരെ മൂവിംഗ് പാര്‍ട്സുകളാണുള്ളത്. പക്ഷേ ഇലക്ട്രിക് വാഹനങ്ങള്‍ക്കിത് വെറും 18 എണ്ണം മാത്രമാണ്. അതായത് വെറും ഒരു ശതമാനത്തില്‍ താഴെ. അതിനാല്‍ തന്നെ ഇലക്ട്രിക് വാഹനങ്ങളുടെ മെയിന്റനന്‍സ് കോസ്റ്റ് വളരെ കുറവായിരിക്കും' പോപുലര്‍ വെഹിക്കിള്‍ ആന്റ് സര്‍വിസസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ജോണ്‍ കെ പോള്‍ പറയുന്നു. നിലവില്‍ 100 ഐസി വാഹനങ്ങള്‍ക്ക് ഒരു സര്‍വിസ് സെന്ററാണെങ്കില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് 500 എണ്ണത്തിന് ഒന്ന് മതി. അത്രത്തോളം മെയിന്റനന്‍സ് കോസ്റ്റ് കുറവാണെന്നത് തന്നെയാണ് ഇലക്ട്രിക് വാഹനങ്ങളുടെ പ്രത്യേകത.

ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് റേഡിയേറ്റര്‍, കൂളന്റ്, ഗിയര്‍ ബോക്‌സ് തുടങ്ങിയവ ഇല്ല, മാത്രമല്ല ഓയലോ ഫില്‍ട്ടറോ ഇല്ലാത്തതിനാല്‍ ഇടക്കിടക്ക് സര്‍വിസ് സെന്ററുകളില്‍ കൊണ്ടുപോവേണ്ട ആവശ്യമില്ല. അഥാവാ ഏതെങ്കിലും സാഹചര്യത്തില്‍ സര്‍വ്വീസ് സെന്ററില്‍ പോകേണ്ടി വന്നതിനാല്‍ തന്നെ അരമണിക്കൂറിനുള്ളില്‍ സര്‍വിസ് നടത്താന്‍ സാധിക്കും. ഇതിലൂടെ സമയനഷ്ടവും ഉപഭോക്താക്കള്‍ക്ക് ഒഴിവാക്കാനാകുമെന്ന് കൈനഡി പ്ലാന്റേഷന്‍ എംഡി റോഷന്‍ കൈനഡി പറയുന്നു.

ലാഭം ഇന്ധനത്തിലും
നിലവില്‍ ഒരു ലിറ്റര്‍ പെട്രോളിന് 12-25 വരെയൊക്കെയാണ് വിവിധ കാറുകളുടെ ഇന്ധനക്ഷമത. എന്നാല്‍ ഒറ്റചാര്‍ജില്‍ തന്നെ 400 ന് മുകളില്‍ ദീര്‍ഘ ദൂരം ലഭിക്കുന്ന കാറുകള്‍ ഇപ്പോള്‍ തന്നെ വിപണിയിലിറക്കിയിട്ടുണ്ട്.

എം.ജി മോട്ടോഴ്‌സ് ഈയടുത്തായി പുറത്തിറക്കിയ ഇസെഡ്എസ് ഇവി 2021ന് ഒറ്റച്ചാര്‍ജില്‍ 417 കിലോമീറ്റര്‍ ദൂരപരിധിയാണ് കമ്പനി അവകാശപ്പെടുന്നത്. ഏത് പ്രതിസന്ധഘട്ടത്തിലും ചുരുങ്ങിയത് 300 കിലോമീറ്റര്‍ ലഭിക്കുമെന്ന് കമ്പനി പറയുന്നു. നിലവില്‍ ഇലക്ട്രോണിക് വാഹന വിപണിയില്‍ മത്സരം നടക്കുന്നതിനാല്‍ തന്നെ കൂടുതല്‍ ദീര്‍ഘദൂരം ലഭ്യമാകുന്നതും കാര്യക്ഷമതയുമുള്ള വാഹനങ്ങളായിരിക്കും കമ്പനികള്‍ അവതരിപ്പിക്കുക. ഇതിലൂടെ ചെറിയ ചെലവില്‍ കൂടുതല്‍ ദൂരവും അതുവഴി ഇന്ധനത്തിലും ലാഭം നേടാം.

കാര്യക്ഷമതയില്‍ സംശയം വേണ്ട
ഇലക്ട്രിക് ഇന്ധനമായതിനാല്‍ സാധാരണ വാഹനങ്ങളുടെ കാര്യക്ഷമത ഇലക്ട്രിക് വാഹനങ്ങള്‍ക്കുണ്ടാകുമോ എന്ന സംശയമുണ്ടെങ്കില്‍ അത് വേണ്ടെന്നാണ് ജോണ്‍ കെ പോള്‍ പറയുന്നത്. 'കാര്യക്ഷമതയിലും വേഗതയിലുമൊക്കെ ഐസി വാഹനങ്ങളുടെ ഗുണങ്ങള്‍ തന്നെ ഇലക്ട്രിക് വാഹനങ്ങള്‍ക്കും ലഭിക്കും. പ്രധാനമായും ഇലക്ട്രിക് പാര്‍ട്സുകളിലും സോഫ്റ്റ്വെയറിലുമാണ് ഇലക്ട്രോണിക് വെഹിക്കിള്‍ തയാറാക്കുക. കുറച്ചുവര്‍ഷങ്ങള്‍ കൂടി കഴിഞ്ഞാല്‍ ഓട്ടോണോമസ് (സെല്‍ഫ് ഡ്രൈവ്) വാഹനങ്ങളായിരിക്കും നിരത്തിലുണ്ടാവുക' - അദ്ദേഹം പറയുന്നു. അത് ഇന്ത്യയിലെപ്പോള്‍ എത്തുമെന്ന് കാത്തിരുന്ന് കാണേണ്ടിവരും.

ആര്‍ക്കൊക്കെ, എന്തൊക്കെ സാധ്യതകള്‍
മൂന്നു നാല് വര്‍ഷത്തോടെ ഇലക്ട്രോണിക് വാഹന വിപണി സജീവമാകും, 8-10 വര്‍ഷമാകുന്നതോടെ നിരത്തുകളില്‍ വലിയൊരു പങ്കും ഇലക്ട്രിക് വാഹനങ്ങളുടേതാകും. അതിനാല്‍ തന്നെ ചാര്‍ജിംഗ് സ്റ്റേഷനന്‍ രംഗത്തും ചാര്‍ജിംഗ് സ്റ്റേഷന്‍ മെയിന്റനന്‍സ് രംഗത്തും വലിയ അവസരങ്ങളാണ് ഭാവിയിലുണ്ടാവുക. ദീര്‍ഘദൂര യാത്ര നടത്തുന്നവര്‍ക്ക് റീചാര്‍ജ്ജ് ചെയ്യേണ്ടത് അത്യാവശ്യമായതിനാല്‍ തന്നെ ദേശീയപാതയോരങ്ങളില്‍ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഉയര്‍ന്നുവരുമെന്ന് ജോണ്‍ കെ പോള്‍ പറയുന്നു. ചിലപ്പോള്‍ ഒരു മാനേജ്മെന്റിന് കീഴില്‍ ഫ്രഞ്ചൈസി രീതിയില്‍ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനുള്ള അവസരങ്ങള്‍ മുന്നിലുണ്ട്. ടാക്സികളും സ്ഥിരമായി യാത്ര നടത്തുന്ന വാഹനങ്ങളും ചാര്‍ജിംഗിനായി ചാര്‍ജിംഗ് സ്റ്റേഷനുകളെയായിരിക്കും ആശ്രയിക്കുക.

വീടുകളില്‍ ചാര്‍ജ് ചെയ്യുന്നതിന് കൂടുതല്‍ സൗകര്യപ്രദമായ ഹോം ചാര്‍ജിംഗ് സ്റ്റേഷന്‍ സെറ്റപ്പ് സര്‍വിസ് രംഗത്തും ഭാവിയില്‍ സാധ്യതകളേറെയാണ്. പേഴ്സണല്‍ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന വാഹനങ്ങള്‍ കൂടുതലായി ഓടാത്തതിനാല്‍ തന്നെ രാത്രി കാലങ്ങളിലൊക്കെയായി വീട്ടില്‍തന്നെ ചാര്‍ജ് ചെയ്യാന്‍ സാധിക്കും. വീടുകളില്‍ ഇത്തരത്തില്‍ കാര്യക്ഷമമായ ചാര്‍ജിംഗ് സൗകര്യം ഒരുക്കുന്നതിന് ചാര്‍ജിംഗ് സ്റ്റേഷന്‍ സെറ്റപ്പ് സര്‍വിസ് മേഖലയെ ആയിരിക്കും ഭാവിയില്‍ ആശ്രയിക്കുക.

'സോളാര്‍ അധിഷ്ടിത ചാര്‍ജിംഗ് സ്‌റ്റേഷനുകളും വീടുകളില്‍ തന്നെ വാഹനം ചാര്‍ജ് ചെയ്യുന്നതിന് സോളാര്‍ എനര്‍ജി ഉപയോഗിക്കുന്ന സംവിധാനവും സമീപഭാവിയില്‍ തന്നെ സാധ്യമാകും. ഇന്ത്യയില്‍ സോളര്‍ എനര്‍ജി ഉല്‍പ്പാദിപ്പിക്കാന്‍ അനുകൂല സാഹചര്യമായതിനാല്‍ തന്നെ ഇത് വലിയൊരു ബിസിനസ് സാധ്യതയാണ് തുറന്നുവയ്ക്കുന്നത്. ഇലക്ട്രിക് വാഹനങ്ങള്‍ വര്‍ധിക്കുമെന്നതിനാല്‍ ഫാസ്റ്റ് ചാര്‍ജിംഗ് ടെക്‌നോളജിയില്‍ കൂടുതല്‍ റിസര്‍ച്ചുകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. വയര്‍ലെസ് ചാര്‍ജിംഗ് സംവിധാനവും ഡെവലപ്പ് ചെയ്യാനുള്ള തയ്യാറെടുപ്പുകളും നടക്കുന്നുണ്ട്. വാഹനം പാര്‍ക്ക് ചെയ്യുന്ന സമയം മുതല്‍ യാതൊരു കണക്ടിവിറ്റിയുമില്ലാതെ ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന സാങ്കേതിക വിദ്യയും ഉടന്‍ യാഥാര്‍ത്ഥ്യമാകും' റോഷന്‍ കൈനഡി പറയുന്നു.

ഡീലര്‍ഷിപ്പ് കേന്ദ്രങ്ങള്‍ കുറയും
നിലവിലെ വാഹന ഡീലര്‍ഷിപ്പ് കേന്ദ്രങ്ങളുടെ വരുമാനത്തിന്റെ 75 ശതമാനവും വരുന്നത് അതിനോടനുബന്ധിച്ചുള്ള സര്‍വിസ് സെന്ററുകളില്‍നിന്നാണ്. ഇലക്ട്രിക് വാഹനങ്ങളുടെ മെയിന്റനന്‍സ് വളരെ കുറവായതിനാല്‍ സര്‍വീസ് സെന്റുകളില്‍നിന്നുള്ള വരുമാനം കുത്തനെ ഇടിയും. പാര്‍ട്‌സുകളുടെ വില്‍പ്പനയും സര്‍വിസും കുറയുന്നതോടെ പല സര്‍വിസ് സെന്ററുകളും അടച്ചിടേണ്ടി വരും. കൂടാതെ ഇപ്പോള്‍ തന്നെ കാറുകള്‍ ഓണ്‍ലൈനായി വാങ്ങാവുന്ന തരത്തിലേക്ക് മാറിയിട്ടുണ്ട്. ഇതും വ്യാപകമാകുന്നതോടെ ഡീലര്‍ഷിപ്പ് കേന്ദ്രങ്ങള്‍ കുറയും. ഇലക്ട്രിക് വാഹനങ്ങള്‍ മാത്രമായി സര്‍വിസ് സെന്ററുകള്‍ തുടങ്ങുന്നതിന് പകരം ക്രമേണ ഇലക്ട്രിക് വാഹനങ്ങളെ കൂടി ഉള്‍പ്പെടുത്തുന്നതിലേക്ക് മാറുന്നതായിരിക്കും ഗുണകരമെന്നും റോഷന്‍ കൈനഡി പറയുന്നു.


Tags:    

Similar News