കംപ്രസ്ഡ് ബയോ ഗ്യാസ് ക്ലീന്‍ കേരളം, ക്ലീന്‍ എനര്‍ജി

Update:2019-05-02 11:58 IST

പി. എസ് മണി

എണ്ണവിലയിലെ ചാഞ്ചാട്ടങ്ങളും അത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ ചെലുത്തുന്ന സ്വാധീനവും ഏവര്‍ക്കും അറിവുള്ള കാര്യമാണ്. അസംസ്‌കൃത എണ്ണ, പ്രകൃതി വാതകം, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ എന്നിവയ്ക്കായി നാം പ്രധാനമായും ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. ഇറക്കുമതിയിലുള്ള ആശ്രയത്വം കുറയ്ക്കാനും ആഭ്യന്തരതലത്തിലുള്ള ഊര്‍ജ്ജോല്‍പ്പാദനം വര്‍ധിപ്പിക്കാനുമായി ബദല്‍ മാര്‍ഗ്ഗങ്ങള്‍ നിരവധി നാം തേടുന്നുണ്ട്. എഥനോള്‍ ബ്ലെന്‍ഡിംഗ്, ബയോ ഡീസല്‍, കംപ്രസ്ഡ് നാച്വറല്‍ ഗ്യാസ് എന്നിവ ഇതില്‍ ചിലതാണ്.

ഇതില്‍ കംപ്രസ്ഡ് ബയോഗ്യാസിന്റെ (സിബിജി) സാധ്യതകളെ കുറിച്ച് നമുക്കൊന്നു പരിശോധിക്കാം.

സിബിജിയുടെ സ്രോതസ് എന്താണ്?

സിബിജി ഉല്‍പ്പാദനത്തിനായി നിരവധി സ്രോതസ്സുകള്‍ നിലവിലുണ്ട്. കൃഷിയിടത്തില്‍ അധികമായി വരുന്ന മാലിന്യങ്ങള്‍, മുനിസിപ്പാലിറ്റി ഖര മാലിന്യങ്ങള്‍, ചാണകം, കോഴി വളം, സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് എന്നിവിടങ്ങളില്‍ നിന്നെല്ലാം സിബിജിയുടെ ഉല്‍പ്പാദനം നടത്താം. രാജ്യത്ത് ഇത്തരം സ്രോതസുകളില്‍ നിന്ന് 62എംഎംടി സിബിജി ഉല്‍പ്പാദിപ്പിക്കാനുള്ള സാധ്യതയുണ്ടെന്നാണ് കണക്ക്.

ഇതിനെല്ലാം പുറമേ തരിശായി കിടക്കുന്ന രാജ്യത്തെ പ്രദേശങ്ങളില്‍ മുള, തീറ്റപ്പുല്‍ തുടങ്ങിയവ കൃഷി ചെയ്തും വനാന്തരങ്ങളിലെ കൊഴിഞ്ഞ ഇലകളും ഒടിഞ്ഞുവീഴുന്ന വൃക്ഷകൊമ്പുകളുമെല്ലാം സിബിജിയുടെ ഉല്‍പ്പാദനത്തിന് വിനിയോഗിക്കാം. ഇതിലൂടെ മൊത്തം 122 എംഎംടി സിബിജി ഉല്‍പ്പാദിപ്പിക്കാനാകും.

കേരളത്തിലുമുണ്ട്

കേരളത്തിലെ സ്രോതസ്സുകള്‍ വിനിയോഗിച്ചാല്‍ 0.5 എംഎംടി സിബിജി ഉല്‍പ്പാദിക്കാനാകും. എന്താണ് അതിനുള്ള സ്രോതസ്? നമുക്ക് തലവേദന സൃഷ്ടിക്കുന്ന ഘടകങ്ങളാണ് ഇത് എന്നതാണ് ശ്രദ്ധേയം. മുനിസിപ്പാലിറ്റി ഖര മാലിന്യം, കുളവാഴ, ചക്കയുടെ തോട്, കശുമാങ്ങ, കാര്‍ഷിക മാലിന്യം, ചാണകം, അടക്കത്തോട്, കാപ്പിക്കുരുവിന്റെ പള്‍പ്പ് മാലിന്യം തുടങ്ങിയവയാണവ.
ഇവയില്‍ നിന്ന് സിബിജി ഉല്‍പ്പാദിപ്പിക്കാനുള്ള മികവുറ്റ സാങ്കേതിക വിദ്യ നിലവിലുണ്ട്. വാതകത്തിന് പുറമേ ഉപോല്‍പ്പന്നമായി ലഭിക്കുന്നത് ജൈവ വളമാണ്. ഇത് നാട്ടിലെ കൃഷികള്‍ക്കായി വിനിയോഗിക്കുകയും ചെയ്യാം.
ശുദ്ധീകരിച്ച സിബിജി, ഉല്‍പ്പാദന പ്ലാന്റുകളില്‍ നിന്ന് സുരക്ഷിതമായി ട്രാന്‍സ്‌പോര്‍ട്ട് ചെയ്യാനും മികച്ച മാര്‍ഗങ്ങളുണ്ട്. കിലോഗ്രാമിന് ഏകദേശം 46 രൂപയ്ക്ക് ഉപഭോക്താക്കളിലേക്ക് ഇവ എത്തിക്കാനുമാകും.

ജൈവ വളം: ഒരു അനുഗ്രഹം

സിബിജിയിലൂടെ കേരളത്തിലും ബദല്‍ ഊര്‍ജ്ജോല്‍പ്പാദനം വര്‍ധിക്കുമെന്നു മാത്രമല്ല, കാര്‍ഷിക കേരളത്തിന് അതൊരു വലിയ അനുഗ്രഹവുമാകും. എങ്ങനെയാണെന്ന് നോക്കാം.

  • സിബിജി ഉല്‍പ്പാദനത്തിനിടെയുണ്ടാകുന്ന ജൈവവളം കാര്‍ഷികോല്‍പ്പാദനം 20 ശതമാനം കൂട്ടാന്‍ സഹായിക്കും.
  • രാസവളത്തിന്റെ ഉപഭോഗം 25 ശതമാനം വരെ കുറയ്ക്കാനാകും.
  • കെമിക്കല്‍ നൈട്രജനും ഫോസ്ഫറസും വേണ്ടിവരില്ല
  • മണ്ണിന്റെ നൈസര്‍ഗികത നിലനിര്‍ത്താനാകും
  • ജൈവകൃഷിയിടങ്ങള്‍ വ്യാപകമാക്കാന്‍ സാധിക്കും.

തമിഴ്‌നാട്ടിലെ നാമക്കല്‍, മഹാരാഷ്ട്രയിലെ കോലാപ്പൂര്‍, പൂനെ, ഗുജറാത്തിലെ സുരേന്ദ്ര നഗര്‍, പഞ്ചാബിലെ ഫസില്‍ക്ക, ഷോലാപ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ സിബിജി ഉല്‍പ്പാദന കേന്ദ്രങ്ങളുണ്ട്.

എന്തിന് സിബിജി പ്ലാന്റ് സ്ഥാപിക്കണം?

ക്ലീന്‍ എനര്‍ജിയാണ് സിബിജി. പരിസ്ഥിതി സൗഹാര്‍ദ്ദപരമായ ഈ ഊര്‍ജ്ജം സമ്പദ് വ്യവസ്ഥയില്‍ നിര്‍ണായകമായ സ്വാധീനം ചെലുത്തിയേക്കും.

ഇന്ത്യയിലെ നിലവിലെ സിബിജി ഉല്‍പ്പാദന ശേഷി സാധ്യത 62എംഎംടിയാണ്. 2023ല്‍ ഇതില്‍ 15 ശതമാനം, അതായത് 15എംഎടിയെങ്കിലും ഉല്‍പ്പാദിപ്പിക്കുക എന്നതാണ് ഇപ്പോഴത്തെ ലക്ഷ്യം. ഇതിന് 1.7 ലക്ഷം കോടി രൂപ നിക്ഷേപം വേണം. പ്രത്യക്ഷമായും പരോക്ഷമായും ഒരു ലക്ഷം തൊഴിലുകള്‍ ഇതിലൂടെ സൃഷ്ടിക്കപ്പെടും. പ്രതീക്ഷിത വിറ്റുവരവ് 70,000 കോടിയും.
ആറ് ലക്ഷം കോടി രൂപ നിക്ഷേപത്തോടെ 62 എംഎംടി സിബിജി ഉല്‍പ്പാദനം സാധ്യമാക്കുക എന്നതാണ് ഭാവി ലക്ഷ്യം.

സിബിജി വന്നാല്‍ എന്തുണ്ട് നേട്ടം?

നേട്ടങ്ങള്‍ പലതാണ്.

  • കര്‍ഷകര്‍ക്ക് അധിക വരുമാനം ലഭിക്കും. ഗ്രാമീണ സമ്പദ് വ്യവസ്ഥ ശക്തിപ്പെടും.
  • ഗ്രീന്‍ എനര്‍ജിയായതിനാല്‍ കാലാവസ്ഥാ വ്യതിയാനങ്ങളെ ചെറുക്കാന്‍ ഉപകരിക്കും
  • 50എംഎംടി ജൈവ വളം ലഭിക്കും. രാസവളങ്ങളെ ഒരുപരിധിവരെ ഒഴിവാക്കാനാകും.
  • വന്‍തോതില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും
  • ഉത്തരവാദിത്തപ്പെട്ട മാലിന്യ സംസ്‌കരണം സാധ്യമാകും. കാര്‍ബണ്‍ എമിഷന്‍ കുറയ്ക്കും
  • എണ്ണ, പ്രകൃതി വാതക ഇറക്കുമതി കുറയ്ക്കാനാകും

സിബിജി ഉല്‍പ്പാദനത്തിനുള്ള സാങ്കേതിക വിദ്യ ഇന്ത്യന്‍ ഓയ്ല്‍ കോര്‍പ്പറേഷന്റെ ആര്‍ ആന്‍ഡ് ഡി വികസിപ്പിച്ചെടുത്തിട്ടുണ്ട്. വാതകത്തിന്റെ വിതരണത്തി നും സംവിധാനമുണ്ട്. ജൈവവളം വില്‍ക്കാനും സജ്ജീകരണങ്ങളുണ്ട്. ഇതിന്റെ അനന്തസാധ്യതകള്‍ മനസിലാക്കി സംസ്ഥാനം പദ്ധതികള്‍ ആവിഷ്‌കരിക്കുക എന്നതാണ് പ്രധാനം.

(ധനം റീറ്റെയ്ല്‍ ആന്‍ഡ് ബ്രാന്‍ഡ് സമിറ്റ് & അവാര്‍ഡ് നൈറ്റില്‍ നടത്തിയ പ്രഭാഷണത്തെ അടിസ്ഥാനമാക്കി തയാറാക്കിയത്. ഇന്ത്യന്‍ ഓയ്ല്‍ കോര്‍പ്പറേഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് ഇദ്ദേഹം)

Similar News