എ.ടി.എം കാര്‍ഡില്ലാതെ പണം നിക്ഷേപിക്കാം; സൗകര്യമൊരുക്കാന്‍ നിര്‍ദേശിച്ച് റിസര്‍വ് ബാങ്ക്
ബാങ്ക് ഇടപാടുകള്‍ നടത്തുന്നവര്‍ക്ക് കൂടുതല്‍ എളുപ്പത്തില്‍ നിക്ഷേപം നടത്താന്‍ സാധിക്കും
എ.ടി.എം ക്യാഷ് ഡെപ്പോസിറ്റ് മെഷീനുകളില്‍ കാര്‍ഡില്ലാതെ പണം നിക്ഷേപിക്കാനുള്ള സംവിധാനം ഒരുക്കാന്‍ റിസര്‍വ് ബാങ്കിന്റെ നിര്‍ദേശം. ആര്‍.ബി.ഐയുടെ മോണിറ്ററി പോളിസി കമ്മിറ്റിയുടെ യോഗത്തിനു ശേഷം നടന്ന പത്രസമ്മേളനത്തിലാണ് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
എപ്പോള്‍ മുതല്‍ പുതിയ രീതിയില്‍ കാര്‍ഡില്ലാതെ പണം നിക്ഷേപിക്കാന്‍ സാധിക്കുമെന്ന കാര്യത്തില്‍ ആര്‍.ബി.ഐ ഗവര്‍ണര്‍ കൃത്യമായ മറുപടി നല്‍കിയിട്ടില്ല. ഇതിന്റെ പ്രവര്‍ത്തനരീതി എങ്ങനെ ആയിരിക്കുമെന്ന കാര്യത്തിലും വരും ദിവസങ്ങളിലെ വ്യക്തത വരികയുള്ളൂ. നിലവില്‍ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് (യു.പി.ഐ) ഉപയോഗിച്ച് കാര്‍ഡ്‌ലെസ് പേയ്‌മെന്റുകള്‍ നടത്താന്‍ സാധിക്കുന്നുണ്ട്. ഇതേ മാതൃക തന്നെയാകും ക്യാഷ് ഡെപ്പോസിറ്റ് ചെയ്യുന്നതിലും നടപ്പിലാക്കുകയെന്നാണ് വിവരം.
ബാങ്ക് ഇടപാടുകള്‍ നടത്തുന്നവരെ സംബന്ധിച്ച് കൂടുതല്‍ എളുപ്പത്തില്‍ നിക്ഷേപം നടത്താന്‍ പുതിയ സംവിധാനം വരുന്നതിലൂടെ സാധിക്കും. യു.പി.ഐ വഴിയുള്ള സാമ്പത്തിക ഇടപാടുകള്‍ക്ക് രാജ്യത്ത് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇതു തന്നെയാണ് പുതിയ പ്രഖ്യാപനത്തിലേക്ക് റിസര്‍വ് ബാങ്കിനെ നയിച്ചതും.
ഡിജിറ്റല്‍ പണമിടപാടില്‍ വന്‍കുതിപ്പ്
രാജ്യത്ത് പണമിടപാടുകള്‍ ഡിജിറ്റലായി നടത്തുന്നവരുടെ എണ്ണം ഓരോ ദിവസവും വലിയ തോതില്‍ വര്‍ധിക്കുകയാണ്. യു.പി.ഐ ഉപയോഗിച്ചുള്ള സേവനങ്ങള്‍ക്ക് സര്‍ക്കാര്‍ തലത്തിലും വലിയ തോതിലുള്ള പ്രോത്സാഹനമാണ് നല്‍കി കൊണ്ടിരിക്കുന്നത്. ഇതും ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ധിക്കാന്‍ കാരണമായി.
യു.പി.ഐ വഴി റുപേ ക്രെഡിറ്റ് കാര്‍ഡ് ഇടപാട് നടത്തുന്നവര്‍ക്കും ഇ.എം.ഐ സൗകര്യം ലഭ്യമാകുമെന്ന് നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഒഫ് ഇന്ത്യ (എന്‍.പി.സി.ഐ) കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
നിലവില്‍ ക്രെഡിറ്റ് കാര്‍ഡ് വഴി അടയ്ക്കുന്ന തുക ഇ.എം.ഐകളായി മാറ്റാന്‍ സൗകര്യമുണ്ടെങ്കിലും യു.പി.ഐ വഴിയുള്ള ക്രെഡിറ്റ് ഇടപാടുകള്‍ക്ക് ഇത് സാധ്യമായിരുന്നില്ല. മേയ് 31നകം സൗകര്യം ലഭ്യമാക്കാന്‍ യു.പി.ഐ കമ്പനികള്‍ക്ക് എന്‍പിസിഐ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മാര്‍ച്ചിലെ യു.പി.ഐ ഇടപാടുകള്‍ പുതിയ റെക്കോഡ് സൃഷ്ടിച്ചിരുന്നു. കഴിഞ്ഞ മാസം മാത്രം 19.78 ലക്ഷം കോടി രൂപയുടെ റെക്കോഡ് ഇടപാടുകളാണ് നടന്നത്. 2023 മാര്‍ച്ചിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ 40 ശതമാനം വര്‍ധന. ഇടപാടുകളുടെ എണ്ണം മാര്‍ച്ചില്‍ 1,344 കോടിയായി ഉയരുകയും ചെയ്തു.