ജൂലൈ ആദ്യം തന്നെ കേരളത്തില്‍ സ്വര്‍ണത്തിന് വില വര്‍ധന

കഴിഞ്ഞ 30 ദിവസത്തെ ഏറ്റവും വിലക്കുറവില്‍ നിന്നാണ് ഇന്ന് സ്വര്‍ണ വില വര്‍ധിച്ചത്.

Update: 2021-07-01 11:33 GMT

കേരളത്തില്‍ ഇന്ന് സ്വര്‍ണ വിലക്കയറ്റം. ജൂലൈ ഒന്നാം തീയതി പവന് 200 രൂപയും ഗ്രാമിന് 25 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ പവന് 35,200 രൂപയും ഗ്രാമിന് 4,400 രൂപയുമായി ഇന്നത്തെ സ്വര്‍ണ നിരക്ക്. ജൂണില്‍ സ്വര്‍ണം രേഖപ്പെടുത്തിയ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ നിന്നാണ് ഇന്ന് സ്വര്‍ണം ഉയര്‍ന്നത്. ഇന്നലെ 35,000 രൂപയായിരുന്നു സ്വര്‍ണവില. സ്വര്‍ണം ജൂണില്‍ പവന് 36,960 രൂപ വരെ ഉയര്‍ന്നിരുന്നു. ജൂണ്‍ 3നായിരുന്നു അത്. ഇന്നലെ വരെയുള്ള കണക്കെടുത്താല്‍ കഴിഞ്ഞ ഒരു മാസത്തില്‍ പവന് 1,960 രൂപ കുറവുണ്ടായി.

ഇന്ന് ദേശീയ വിപണിയിലും സ്വര്‍ണം നില മെച്ചപ്പെടുത്തി. എംസിഎക്‌സില്‍ (മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ച്) സ്വര്‍ണവില 10 ഗ്രാമിന് 46,990 രൂപ വില രേഖപ്പെടുത്തി (0.32 ശതമാനം നേട്ടം). വെള്ളി കിലോയ്ക്ക് 69,482 രൂപ നിരക്കിലാണ് വെള്ളിയുടെ ഇന്നത്തെ വ്യാപാരം (0.59 ശതമാനം നേട്ടം).

ആഗോള കമ്പോളത്തില്‍ സ്വര്‍ണവില താഴ്ന്ന് തന്നെ തുടരുകയാണ്. കഴിഞ്ഞ മൂന്നു മാസത്തിനിടെയുള്ള ഏറ്റവും ഉയര്‍ച്ചയില്‍ ഡോളര്‍ സൂചികയെത്തിയ സാഹചര്യം സ്വര്‍ണത്തെയും ബാധിച്ചു. ഔണ്‍സിന് 1,769.11 ഡോളര്‍ എന്ന നിലയിലാണ് സ്വര്‍ണ വ്യാപാരം വ്യാഴാഴ്ച്ച പുരോഗമിക്കുന്നത്. അമേരിക്കന്‍ സ്വര്‍ണ ഫ്യൂച്ചറുകള്‍ 0.2 ശതമാനം ഇടിഞ്ഞ് 1,768.10 ഡോളര്‍ നിലയിലും ഇടപാടുകള്‍ നടത്തുകയാണ്.

രാജ്യാന്തര വിപണിയില്‍ ഇന്ന് വെള്ളി നേട്ടം കുറിച്ച് 26.14 ഡോളര്‍ ഔണ്‍സ് നിരക്കിലാണ് വെള്ളി മുന്നേറുന്നത്. 0.1 ശതമാനമാണ് നേട്ടം. പ്ലാറ്റിനം വില 0.5 ശതമാനം ഇടിഞ്ഞ് 2,764.68 ഡോളറിലെത്തി. പലേഡിയം വില 0.6 ശതമാനം കുറഞ്ഞ് 1,065.74 ഡോളറും രേഖപ്പെടുത്തുന്നു.

Tags:    

Similar News