മൊബൈല്‍ ആപ്പുകളിലൂടെയുള്ള പണമിടപാടുകള്‍ സംബന്ധിച്ച് പരാതിയുണ്ടോ? പണം നഷ്ടമാകാതിരിക്കാന്‍ എന്ത് ചെയ്യണം?

സര്‍വീസ് പ്രൊവൈഡര്‍ക്ക് പരാതി നല്‍കി പരിഹാരം കണ്ടില്ലെങ്കില്‍ ഡിജിറ്റല്‍ ഓംബുഡ്‌സ്മാന്റെ സേവനം തേടാവുന്നതാണ്. നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍.

Update: 2021-08-25 09:33 GMT

ഇന്ത്യയിലെ ഡിജിറ്റല്‍ ട്രാന്‍സാക്ഷന്റെ ഉപഭോക്താക്കളുടെ എണ്ണം ഇപ്പോള്‍ 300 മില്യനോട് അടുത്തെത്തിയിരിക്കുന്നു എന്നാണ് ചില കണക്കുകള്‍ സൂചിപ്പിക്കുന്നത്.ഏതാണ്ട് രണ്ട് വര്‍ഷം മുന്‍പ് ഏകദേശം 90മില്യണ്‍ ആയിരുന്നതാണ് ഇപ്പോള്‍ ഇത്രയും ഉയര്‍ന്നത്. നഗരങ്ങള്‍ എന്ന പോലെ ഗ്രാമങ്ങളും ഇപ്പോള്‍ ഡിജിറ്റല്‍ ട്രാന്‍സാക്ഷനിലേക്ക് വന്നതോടെയാണ് ഉപഭോക്താക്കളുടെ എണ്ണം കൂടിയത്.

അതേ സമയം ബാങ്കിലൂടെ നേരിട്ടല്ലാതെ മൊബൈല്‍ ആപ്പുകളിലൂടെ പണം കൈമാറ്റം നടത്തുമ്പോഴുള്ള സുരക്ഷിതത്വത്തെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? ഏതെങ്കിലും കാരണങ്ങളാല്‍ പണം നഷ്ടമായാല്‍ എന്താണ് ചെയ്യേണ്ടതെന്ന് പലര്‍ക്കും അറിയില്ല.
മൊബൈല്‍ ആപ്പിലൂടെ പണം ട്രാന്‍സ്ഫര്‍ ചെയ്യുകയും ഏതെങ്കിലും കാരണങ്ങളാല്‍ പണം നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ടെങ്കില്‍ അതിനൊരു പരിഹാരമുണ്ട്. ഇതിനായി ആദ്യം സര്‍വീസ് പ്രൊവൈഡര്‍ക്കാണ് പരാതി നല്‍കേണ്ടത്. പരാതി നല്‍കി 30ദിവസത്തിനുള്ളില്‍ പരിഹാരം കണ്ടില്ലെങ്കില്‍ ഡിജിറ്റല്‍ ഓംബുഡ്‌സ്മാന്റെ സേവനം ലഭ്യമാണ്.
ഇ - വാലറ്റ് ഇടപാടുകളുമായി ബന്ധപ്പെട്ട പരാതികള്‍ക്ക് പരിഹാരം കാണുവാന്‍ മാത്രമായുളള ഓംബുഡ്‌സ്മാന്റെ സേവനമാണ് തേടേണ്ടത്. ബാങ്കുകളുടെ സേവനങ്ങളില്‍ വരുന്ന അപര്യാപ്തത യെക്കുറിച്ച് പരാതിപ്പെടേണ്ടത് ബാങ്കിംഗ് ഓംബുഡ്‌സ്മാനോടാണ് എന്ന കാര്യം ശ്രദ്ധിക്കണം. അതായത് രണ്ടും രണ്ടാണ്.
ഓംബുഡ്‌സ്മാന്‍ സ്‌കീം ഫോര്‍ ഡിജിറ്റല്‍ ട്രാന്‍സാക്ഷന്‍സ് എന്ന പരിഹാര വേദിയില്‍ ബാങ്കിംഗ് സംവിധാനത്തിലൂടെ അല്ലാതെയുളള ഇ-വാലറ്റുകളും ആപ്പുകളും ഉപയോഗിച്ചുളള ഇടപാടുകളെപ്പറ്റിയുളള പരാതികളാണ് സ്വീകരിക്കപ്പെടുന്നത്. *(Section 2, PAYMENT AND SETTLEMENT SYSTEMS ACT, 2007) കീഴില്‍ വരുന്ന വിഭാഗങ്ങള്‍.
പരാതിക്കാര്‍ക്ക് താഴെ പറയുന്ന പരാതികള്‍ സൗജന്യമായി ഫയല്‍ ചെയ്യാവുന്നതാണ്.
1.കൃത്യസമയത്ത് പണം ക്രെഡിറ്റ് ചെയ്യപ്പെടാതിരിക്കല്‍
2.അക്കൗണ്ടില്‍ കൃത്യസമയത്ത് പണം വരാതിരിക്കല്‍
3.അനുമതിയില്ലാതെ അക്കൗണ്ടില്‍ നിന്ന് പണം മാറ്റുക
4. അക്കൗണ്ടില്‍ നിന്ന് പണം മാറ്റുവാനുള്ള ഓര്‍ഡര്‍ നിരസിക്കുക,
5.കൃത്യസമയത്ത് റീഫണ്ട് വരാതിരിക്കുക
6.മൊബൈല്‍ ഫണ്ട് ട്രാന്‍സ്ഫറില്‍ വരുന്ന പരാതികള്‍
7.റീഫണ്ട് നിരസിക്കല്‍
എന്നിങ്ങനെയുള്ള പരാതികള്‍ സമര്‍പ്പിക്കാവുന്നതാണ്. പരാതിക്ക് പ്രത്യേക ഫോമും ലഭ്യമാണ്.
പരാതി സമര്‍പ്പിക്കേണ്ടത് എങ്ങനെ, എവിടെ ?
ആദ്യം നിങ്ങളുടെ Banking Service Provider ന് പരാതി കൊടുക്കുക. ഒരു മാസത്തിനുള്ളില്‍ നിങ്ങളുടെ പരാതി പരിഹരിക്കപ്പെട്ടില്ലെങ്കില്‍ ഓംബുഡ്‌സ്മാന് പരാതി കൊടുക്കാം.
ഒരു കൊല്ലത്തിനുള്ളില്‍ ഓംബുഡ്‌സ്മാന് പരാതി സമര്‍പ്പിച്ചിരിക്കണം.
ബാങ്കിങ് ഓംബുഡ്‌സ്മാന്റെ മാതൃകയിലാണ് ഇലക്ട്രോണിക് പേയ്‌മെന്റ് ഓംബുഡ്‌സ്മാന്റെയും പ്രവര്‍ത്തനം.
കൂടുതല്‍ വിവരങ്ങള്‍ rbi.org.in എന്ന വെബ്‌സൈറ്റില്‍ നിന്ന് അറിയാവുന്നതാണ്.
തിരുവനന്തപുരം കേന്ദ്രത്തിന്റെ വിലാസം:
_ഓംബുഡ്‌സ്മാന്‍ ഫോര്‍ ഡിജിറ്റല്‍ ട്രാന്‍സാക്ഷന്‍സ്, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, ബേക്കറി ജംഗ്ഷന്‍, തിരുവനന്തപുരം.


Tags:    

Similar News