വീടും കാറും എത്ര രൂപയുടെ വരെയാകാം? കടം വാങ്ങുന്നതിനുമുണ്ട് നിയമങ്ങള്‍

വരുമാനത്തിനനുസരിച്ച് മാത്രമേ വീടോ കാറോ വാങ്ങാവൂ എന്നാണ് സാമ്പത്തിക വിദഗ്ധര്‍ എപ്പോഴും പറയാറ്. എന്നാല്‍ എത്രയാണ് ഒരാള്‍ക്ക് താങ്ങാവുന്ന പരിധി?

Update:2022-12-15 18:00 IST

ഒരു വീട് വെക്കുക അല്ലെങ്കില്‍ കാറ് വാങ്ങുക എന്നത് ഏതൊരാളുടെയും സ്വപ്‌നമാണ്. അതിനായി എത്ര പണം മുടക്കാനും തയാറാകുന്നു. എന്നാല്‍ സാമ്പത്തികാരോഗ്യം പരിഗണിച്ചാല്‍ ഓരോരുത്തര്‍ക്കും മുടക്കാവുന്ന പരമാവധി തുകയ്ക്ക് ഒരു കണക്കുണ്ട്. കടം വാങ്ങുന്നതിലെ പ്രായോഗിക കണക്കുകളാണ് ചുവടെ

വീട്

നിങ്ങളുടെ വാര്‍ഷിക വരുമാനത്തിന്റെ മൂന്നോ നാലോ ഇരട്ടി തുകയാണ് വീടിനായി മുടക്കേണ്ടത്. തിരിച്ചടവ് പ്രശ്‌നം വരാതെ മറ്റു കാര്യങ്ങള്‍ ബുദ്ധിമുട്ടില്ലാതെ നടന്നു പോകാനും അത്രമാത്രമേ കടമെടുക്കാവൂ എന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഇതു പ്രകാരം വാര്‍ഷിക വരുമാനം 30 ലക്ഷം രൂപയാണെങ്കില്‍ 90 ലക്ഷത്തിനോ 1.2 കോടി രൂപയ്‌ക്കോ വീട് വാങ്ങാം. കടം കൂടാതെ തന്നെ വീട് വാങ്ങാനാണ് എല്ലാവരുടെയും താല്‍പ്പര്യമെങ്കിലും പലപ്പോഴും പലര്‍ക്കും അതില്ലാതെ കഴിയില്ല.

എന്നാല്‍ നിങ്ങളുടെ മാസവരുമാനത്തിന്റെ 30-35 ശതമാനത്തിലേറെ തിരിച്ചടവ് തുക പാടില്ല. ഭവന വായ്പ, വ്യക്തിഗത വായ്പ, വാഹന വായ്പ എല്ലാം ഈ പരിധിയില്‍ ഒതുക്കണം. ഭവന വായ്പയുടെ പ്രതിമാസ തവണ മാത്രം 25-30 ശതമാനത്തില്‍ കൂടരുത്. കടമെടുത്താല്‍ തന്നെ നിങ്ങളുടെ റിട്ടയര്‍മെന്റിന് അഞ്ചു വര്‍ഷം മുമ്പെങ്കിലും തിരിച്ചടച്ച് തീരുന്ന വിധത്തിലായിരിക്കണം.

കാര്‍

വീടില്‍ നിന്ന് വിഭിന്നമായി കാറിന്റെ മൂല്യം കുറഞ്ഞു കൊണ്ടേയിരിക്കും. നിങ്ങള്‍ ഷോറൂമില്‍ നിന്ന് വാങ്ങി പുറത്തിറങ്ങുമ്പോള്‍ മുതല്‍ മൂല്യം കുറയുന്നു. മൂന്നോ നാലോ വര്‍ഷം കഴിയുന്നതോടെ തന്നെ എത്ര നല്ല രീതിയില്‍ സര്‍വീസ് നടത്തിയ കാര്‍ ആണെങ്കിലും വില പകുതിയായി കുറയും.

അതുകൊണ്ടു തന്നെ വലിയ തുക കാറിനായി മുടക്കുന്നത് ബുദ്ധിമപരമല്ലെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. നിങ്ങളുടെ വാര്‍ഷിക വരുമാനത്തിന്റെ 40-50 ശതമാനം തുകയ്ക്ക് തുല്യമായ വാഹനമേ വാങ്ങേണ്ടതുള്ളൂ. 20 ലക്ഷം രൂപയാണ് വാര്‍ഷിക വരുമാനമെങ്കില്‍ 10 ലക്ഷം രൂപയുടെ കാറുവാങ്ങാം. ഇപ്പോള്‍ കുറഞ്ഞ തുക മാത്രം ഡൗണ്‍ പേമെന്റായി നല്‍കി വാഹനം സ്വന്തമാക്കാനുള്ള അവസരം പല വായ്പാദാതാക്കളും നല്‍കുന്നുണ്ട്. എങ്കിലും കാറു വാങ്ങുമ്പോള്‍ 20-25 ശതമാനം തുക ഡൗണ്‍ പേമെന്റായി നല്‍കാനും ശ്രദ്ധിക്കണം.

നിങ്ങളുടെ വരുമാനത്തിന്റെ 10-15 ശതമാനം തുകയില്‍ ഒതുങ്ങണം കാറിന്റെ ഇഎംഐ. അതും വായ്പാ കാലവധി നാലുവര്‍ഷമായി ഒതുക്കുകയും വേണം.

Tags:    

Similar News