സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഘട്ടങ്ങളെ മനസു പതറാതെ മറികടക്കാം; വഴികളിതാ
സാമ്പത്തികമായും മാനസികമായും വിഷമത്തിലാകുന്ന സന്ദര്‍ഭങ്ങളില്‍ നിന്ന് കരകയറുന്നതിന് സമചിത്തതയും ആസൂത്രണവും അനിവാര്യമാണ്. ഇത്തരം പ്രതിസന്ധി ഘട്ടങ്ങളെ പ്രായോഗികമായി സമീപിക്കാം. വഴികള്‍ നോക്കാം.
കൊറോണയ്ക്ക് ശേഷം ജീവിതവും ജോലിയുമെല്ലാം മാറി. സാമ്പത്തിക ഭദ്രതയുള്ള നിലയില്‍ നിന്ന് പ്രതിസന്ധിയുടെ കയങ്ങളിലേക്ക് എപ്പോള്‍ ആരാണ് വീഴുന്നതെന്ന് മുന്‍കൂട്ടി പറയാനാകില്ല. ചിലപ്പോള്‍ ഇപ്പോഴുള്ള വരുമാനം കൊണ്ട് മുന്നോട്ടുപോകാനാകാത്ത വിധം കുടുംബാംഗങ്ങള്‍ക്ക് മാരക രോഗങ്ങള്‍ വരികയോ, പ്രകൃതി ദുരന്തങ്ങളില്‍ ഇരയാക്കപ്പെടുകയോ സംഭവിക്കാം. അല്ലെങ്കില്‍ ഇപ്പോഴുള്ള വരുമാനം ഇല്ലാതാക്കുന്ന തരത്തില്‍ ജോലി നഷ്ടപ്പെട്ടെന്നു വരാം. സാമ്പത്തികമായും മാനസികമായും വിഷമത്തിലാകുന്ന ഇത്തരം സന്ദര്‍ഭങ്ങളില്‍ നിന്ന് കരകയറുന്നതിന് സമചിത്തതയും ആസൂത്രണവും അനിവാര്യമാണ്. ഇത്തരം പ്രതിസന്ധി ഘട്ടങ്ങളില്‍ ധനവിനിയോഗം കാര്യക്ഷമമാക്കാനുള്ള ചില വഴികളാണ് ഇവിടെ പറയുന്നത്.
ചെലവ് ചുരുക്കുക
ആദ്യം തന്നെ നിങ്ങളുടെയും കുടുംബത്തിന്റെയും എല്ലാ ചെലവുകളുടെയും പട്ടിക തയാറാക്കുക. ലക്ഷ്വറി റെസ്റ്റൊറന്റുകളിലെ ഭക്ഷണം, സിനിമ, സ്പാ തുടങ്ങി ഒഴിവാക്കാനാവുന്ന ചെലവുകള്‍ കണ്ടെത്തുക. നിങ്ങളുടെ സാഹചര്യം കുടുംബത്തെ സമാധാനപൂര്‍ണമായി ബോധ്യപ്പെടുത്തി ധൂര്‍ത്തില്‍ നിന്ന് അവരെ പിന്തിരിപ്പിക്കുക. നിങ്ങളുടെ സൗകര്യത്തിനും ആവശ്യങ്ങള്‍ക്കുമായി ചെലവാക്കുന്ന തുകയിലും സാധ്യമായത്ര കുറവു വരുത്തുക. ഇലക്ട്രിസിറ്റി, ടെലിഫോണ്‍ തുടങ്ങിയവയുടെ ബില്ലുകള്‍ പരമാവധി കുറയ്ക്കാം. വസ്ത്രങ്ങള്‍, ഷൂ തുടങ്ങി മാറ്റിവെക്കാവുന്ന ഷോപ്പിംഗുകള്‍ മാറ്റിവയ്ക്കാം.
ഡിസ്‌കൗണ്ടുകളുടെയും കൂപ്പണുകളുടെയും ആനുകൂല്യങ്ങള്‍ സ്വന്തമാക്കുന്നതിനും കടയുടമയുമായി വിലയുടെ കാര്യത്തില്‍ വിട്ടുവീഴ്ച ആവശ്യപ്പെടുന്നതിനും മടിക്കേണ്ടതില്ല. യാത്രയ്ക്കും ഷോപ്പിംഗിനുമെല്ലാം പോകുന്നതിനു മുമ്പ് കൃത്യമായി ആസൂത്രണം ചെയ്യുക. ചെലവു കുറഞ്ഞ ഗതാഗത മാര്‍ഗങ്ങള്‍ തെരഞ്ഞെടുക്കുക. കുടുംബ ബജറ്റ് തയാറാക്കി എല്ലാ അംഗങ്ങളും അത് പാലിക്കുമെന്ന് ഉറപ്പുവരുത്തുക.
കടത്തില്‍ ഇളവ് ആവശ്യപ്പെടാം
കടം തിരിച്ചടയ്ക്കാനാകാതെ നില്‍ക്കുന്ന അവസ്ഥയിലാണ് നിങ്ങളെങ്കില്‍ തിരിച്ചടവിനായി അല്‍പ്പം വിട്ടുവീഴ്ചകള്‍ ലഭിക്കാന്‍ കടം നല്‍കിയവരുമായി സംസാരിക്കുക. നിങ്ങളുടെ സാഹചര്യം നിങ്ങള്‍ക്ക് വ്യക്തമാക്കാനായാല്‍ പലിശയില്‍ ഇളവു നല്‍കുകയോ തിരിച്ചടവിന്റെ കാലാവധി നീട്ടിത്തരുകയോ ചെയ്‌തേക്കാം.
പലിശ കണക്കാക്കുക
നിങ്ങള്‍ക്കുള്ള എല്ലാ കടത്തിന്റെയും വിശദമായ ഒരു പട്ടിക തയാറാക്കുക. പലിശ നിരക്ക്, കാലാവധി, തിരിച്ചടവ് തെറ്റിയാലുള്ള പിഴ എന്നിവയെല്ലാം ഉള്‍പ്പെടുത്തിയിരിക്കണം. ഇതിന്റെ അടിസ്ഥാനത്തില്‍ ഏതു കടാധ്യതയാണ് വേഗത്തില്‍ തീര്‍ക്കേണ്ടത് എന്നു തീരുമാനിക്കുക. കൂടിയ പലിശ നിരക്കുള്ള കടങ്ങള്‍ എത്രയും വേഗം ഒഴിവാക്കുന്നതായിരിക്കും ഉത്തമം.
ആവശ്യമില്ലാത്ത വസ്തുക്കള്‍ വില്‍ക്കാം
നമ്മള്‍ വീട്ടിലെ ആവശ്യങ്ങള്‍ക്കെന്ന പേരിലും വ്യക്തിപരമായും വാങ്ങിക്കൂട്ടിയ നിരവധി വസ്തുക്കള്‍ വളരെ പരിമിതമായി മാത്രമായിരിക്കും ഉപയോഗിക്കുന്നുണ്ടാകുക. മാത്രമല്ല വീട്ടില്‍ സ്ഥല പരിമിതി സൃഷ്ടിക്കുന്നതിനും ഇവ കാരണമാകുന്നു. യഥാര്‍ത്ഥ വിലയേക്കാള്‍ വളരെ കുറച്ചു മാത്രമേ ലഭിക്കൂവെങ്കില്‍ കൂടി ഇവ വില്‍ക്കുന്നത് പ്രതിസന്ധി ഘട്ടത്തില്‍ ആശ്വാസമാകും. വീട്ടില്‍ ഏതെങ്കിലും പുരാതന വസ്തുക്കള്‍ ഉണ്ടെങ്കില്‍ വിദഗ്ധരുടെ അഭിപ്രായം തേടി യഥാര്‍ത്ഥ മൂല്യം മനസിലാക്കിയ ശേഷം മാത്രം വില്‍പ്പന നടത്തുക. കഴിഞ്ഞ ആറുമാസത്തില്‍ തീരെ ഉപയോഗിച്ചിട്ടില്ലാത്തവ ലിസ്റ്റ് ചെയ്ത് ഒഎല്‍എക്‌സിലോ മറ്റോ ഇടുക.
ആസ്തികളുടെ പട്ടിക തയാറാക്കുക
നിങ്ങളുടെ എല്ലാ ആസ്തികളുടെയും ഒരു പട്ടിക തയാറാക്കുക. അതില്‍ ഉടന്‍ വില്‍ക്കാനാകുന്നവ ഏതെന്നു കണ്ടെത്തി വില്‍പ്പന നടത്തുക. അത്യാവശ്യ ഘട്ടങ്ങളിലെ ഉപയോഗത്തിനായി നിങ്ങള്‍ മാറ്റിവെച്ച ഏതെങ്കിലും പണമുണ്ടെങ്കില്‍ അതാണ് ആദ്യം ഉപയോഗിക്കേണ്ടത്.
വിദഗ്ധരുടെ സഹായം തേടുക
എല്ലാ ബുദ്ധിമുട്ടേറിയ സാമ്പത്തിക അവസ്ഥകളും കൈകാര്യം ചെയ്യുന്നതിനുള്ള വൈദഗ്ധ്യം നിങ്ങള്‍ക്ക് ഉണ്ടെന്ന് വിശ്വസിച്ചിരിക്കരുത്. അത്തരം സന്ദര്‍ഭങ്ങളില്‍ നിങ്ങളുടെ ചെലവു കുറയ്ക്കുന്നതിനും പ്രതിസന്ധി മറികടക്കുന്നതിനും വിദഗ്ധരുടെ സഹായം തേടാം. ഏതൊക്കെ സ്വത്തുക്കള്‍ വില്‍പ്പന നടത്താമെന്നും ഏതൊക്കെ അങ്ങനെ ചെയ്യരുതെന്നും വ്യക്തമാക്കാന്‍ വിദഗ്ധര്‍ക്ക് സാധിക്കും. നിങ്ങളെ സഹായിക്കാന്‍ ശരിയായ വൈദഗ്ധ്യവും പരിചയസമ്പത്തുമുള്ള വിദഗ്ധനെ തന്നെയാണ് സമീപിക്കുന്നതെന്ന് ഉറപ്പുവരുത്തുക. എല്ലാ നിര്‍ദേശങ്ങളും കേട്ടതിനു ശേഷം സ്വയം വിലയിരുത്തി മാത്രം തീരുമാനമെടുക്കുക.
ഇനി സാമ്പത്തിക പ്രതിസന്ധികള്‍ വരും മുമ്പുതന്നെ അതൊഴിവാക്കാനുമുള്ള ചില വഴികള്‍ :
അത്യാവശ്യ ഘട്ടങ്ങളെ നേരിടുന്നതിനായി സേവിംഗ്‌സ് എക്കൗണ്ടായോ ലിക്വിഡ് ഫണ്ടായോ കുറച്ചു പണം കരുതിവെക്കുക എന്നതാണ് ഇക്കാര്യത്തില്‍ ആദ്യം ചെയ്യേണ്ടത്. ഇതുവരെ നിങ്ങള്‍ക്ക് അത്തരമൊരു നിക്ഷേപമില്ലെങ്കില്‍ ചുരുങ്ങിയത് ആറുമാസത്തെ നിങ്ങളുടെ ചെലവിനുള്ള പണമെങ്കിലും കരുതല്‍ ധനമായി അതിലേക്കു മാറ്റുക.
പിന്നീടത് ഒരു വര്‍ഷത്തേക്കോ രണ്ടു വര്‍ഷത്തേക്കോ ജീവിക്കാനുള്ള തുകയായി ഉയര്‍ത്തുക. റിയല്‍ എസ്റ്റേറ്റ്, സ്വര്‍ണം എന്നിവയിലെല്ലാം നിങ്ങള്‍ക്ക് മതിയായ സമ്പാദ്യമുണ്ടെങ്കിലും കരുതല്‍ നിക്ഷേപങ്ങള്‍ നടത്തേണ്ടത് അനിവാര്യമാണ്.
കടക്കെണിയില്‍ വീഴാതെ നോക്കേണ്ടതാണ് അടുത്ത മാര്‍ഗം. ഷോപ്പിംഗ് മാളുകളിലും മറ്റും കാണുന്ന ഗംഭീര ഓഫറുകള്‍ കണ്ട് നമുക്ക് ആവശ്യമില്ലാത്ത വസ്തുക്കള്‍ നമ്മുടെ സാമ്പത്തിക സ്ഥിതിക്ക് താങ്ങാത്ത ബില്ലില്‍ വാങ്ങിക്കൂട്ടരുത്.
ഹെല്‍ത്ത്, ലൈഫ് ഇന്‍ഷുറന്‍സുകളില്‍ ശ്രദ്ധ നല്‍കണം. നിങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഹെല്‍ത്ത്, ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുക. എന്തെങ്കിലും അത്യാഹിതം സംഭവിച്ചാല്‍ ചെലവുകള്‍ക്കും കുടുംബത്തിന്റെ മുന്നോട്ടുപോക്കിനും ഇത് അനിവാര്യമാണ്. വന്‍ തുക ചികിത്സാ ചെലവിനായി വേണ്ടിവരുന്ന ഘട്ടത്തില്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സഹായിക്കും.
നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ സാക്ഷാല്‍ക്കരിക്കുന്നതിന് എവിടെ നിന്നെല്ലാം എത്രത്തോളം പണം കരുതിവയ്ക്കണം. എന്നു തിരിച്ചറിയുന്നതിന് സാമ്പത്തിക ആസൂത്രണം സഹായിക്കും. നിക്ഷേപ മാര്‍ഗങ്ങള്‍ തീരുമാനിക്കാന്‍, വരവു ചെലവുകള്‍ മനസിലാക്കാന്‍, ആസ്തികള്‍ കൈകാര്യം ചെയ്യാന്‍ എല്ലാം സാമ്പത്തിക ആസൂത്രണം ഗുണം ചെയ്യും. പരിചയസമ്പന്നനായ ഒരു സാമ്പത്തിക ആസൂത്രകന്റെ സഹായവും നിങ്ങള്‍ക്ക് ഇതിനായി തേടാവുന്നതാണ്.