വീടും അതിനുള്ളിലെ വിലപിടിപ്പുള്ള സാധനങ്ങളും വെള്ളപ്പൊക്കത്തില്‍ നിന്ന് സംരക്ഷിക്കാന്‍ ഇന്‍ഷുര്‍ ചെയ്യാനാകുമോ എന്നു ചോദിച്ചുകൊണ്ട് അടുത്തിടെ എന്റെയൊരു കുടുംബ സുഹൃത്ത് എന്നെ വിളിച്ചു. അടുത്തിടെ കേരളത്തിലുണ്ടായ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ തീര്‍ത്തും പ്രസക്തമായ ചോദ്യം. ബാങ്കില്‍ നിന്നുള്ള വായ്പയുടെ സഹായത്തോടെ ഒരു വര്‍ഷം മുമ്പാണ് സുഹൃത്ത് വീട് നിര്‍മിച്ചത്. അതുകൊണ്ടു തന്നെ ബാങ്ക് അതിന്മേല്‍ ഇന്‍ഷുറന്‍സ് ചെയ്തിട്ടുണ്ടാകാം എന്നു ഞാന്‍ മറുപടി നല്‍കി. എന്നാല്‍ ബാങ്കുകാര്‍ ഇന്‍ഷുറന്‍സ് പ്രീമിയം കൂടി ഉള്‍പ്പെടുത്തട്ടെ എന്നു ചോദിച്ചപ്പോള്‍ താന്‍ അവരോട് ദേഷ്യപ്പെടുകയും എന്റെ വീടിന് അത്തരത്തിലുള്ള ഭീഷണിയൊന്നുമില്ലെന്ന് പറഞ്ഞ് അവരോട് വാദിക്കുകയും ചെയ്തതായി സുഹൃത്ത് പറഞ്ഞു. ഇത് ഒറ്റപ്പെട്ടൊരു സംഭവമല്ല. മിക്ക ആളുകളും ചെയ്യുന്നത് ഇതു തന്നെയാണ്.
ഇന്ത്യയില്‍ ഇന്‍ഷുറന്‍സ് വില്‍ക്കുകയാണ് ചെയ്യുന്നത്, വാങ്ങുകയല്ല. പൊ
തുജനങ്ങള്‍ക്കിടയിലുള്ള സാമ്പത്തിക നിരക്ഷരത കാരണം പലരും ജീവനും
ആരോഗ്യത്തിനും സ്വത്തിനുമുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ അത്യാവശ്യമാണെന്ന് മനസിലാക്കുന്നില്ല. ഇങ്ങനെ ഇന്‍ഷുര്‍ ചെയ്യേണ്ട പണം വിദേശ സഞ്ചാരം പോലെ മറ്റു പലതിനും ഉപയോഗിക്കുന്നു. ഒരു വെള്ളപ്പൊക്കമോ, ഭൂമികുലുക്കമോ മരണമോ വരുമ്പോള്‍ മാത്രം അവര്‍ ഇന്‍ഷുറന്‍സിനെ കുറിച്ച് ഓര്‍ക്കുകയും പിന്നീട് അതേക്കുറിച്ച് വിസ്മരിക്കുകയും ചെയ്യുന്നു.
അറിയാം, പോളിസികളെകുറിച്ച്
പ്രകൃതി ദുരന്തത്തില്‍ നിന്ന് വീടിനും സ്ഥലത്തിനും സംരക്ഷണം നല്‍കുന്നതിനു മാത്രമായുള്ള പോളിസികളൊന്നും ഇന്ത്യയില്‍ നിലവിലില്ല. ആഡ് ഓണ്‍ കവറേജായി ഇത് ഉള്‍ക്കൊള്ളിക്കാനാകുമെന്ന് മാത്രം. വീടിന് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുമ്പോള്‍ പ്രകൃതി ദുരന്തങ്ങളായ ഭൂമി കുലുക്കം, മിന്നലാഘാതം, വെള്ളപ്പൊക്കം, ചുഴലിക്കാറ്റ്, മണ്ണിടിച്ചില്‍, കൊടുങ്കാറ്റ്, തീപ്പിടുത്തം, മരം തകര്‍ന്നു വീഴല്‍, സ്‌ഫോടനങ്ങള്‍ തുടങ്ങിയവയ്‌ക്കെതിരായ സംരക്ഷണവും ഉള്‍പ്പെടും. എന്നിരുന്നാലും ചില പോളിസികളില്‍ വീട്ടില്‍ തന്നെ നടത്തുന്ന ചെറിയ ബിസിനസ് സംരംഭങ്ങള്‍ ഉള്‍പ്പെടാറില്ല. പ്രകൃതി ദുരന്തം വീടിനെ മാത്രമല്ല, അതിനകത്തുള്ള വിലപിടിപ്പുള്ള സാധനങ്ങളെയും നശിപ്പിക്കും. അതുകൊണ്ട് വീടിന് ഇന്‍ഷുറന്‍സ് എടുക്കുമ്പോള്‍ ജംഗമ വസ്തുക്കളെ കൂടി അതിന്റ പരിധിയില്‍ ഉള്‍പ്പെടുത്തണം.
പാട്ടത്തിനെടുത്ത ഭൂമിയില്‍ താമസിക്കുന്നവര്‍ക്കു പോലും ഇത്തരത്തില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ നേടാനാകും. ഒരു വര്‍ഷത്തേക്ക് മാത്രമല്ല, മൂന്നു വര്‍ഷ കാലാവധിയുള്ള പോളിസിയും ഇത്തരത്തില്‍ എടുക്കാനാകും. ഇത് വര്‍ഷം തോറുമുള്ള പുതുക്കല്‍ ഒഴിവാക്കുന്നതിനു പുറമേ പ്രീമിയത്തില്‍ ചില ഇളവുകള്‍ നേടാനും സഹായിക്കും. സാധനങ്ങളുടെ മൂല്യത്തിന് അനുസരിച്ച് മാത്രമല്ല, കേടുപാട് സംഭവിക്കുന്നവ റിപ്പയര്‍ ചെയ്യാനോ മാറ്റിയെടുക്കാനോ പുനര്‍ നിര്‍മിക്കാനോ ഉതകുന്ന തരത്തിലുള്ള പോളിസികളും ലഭ്യമാകും.
മോഷണത്തില്‍ നിന്ന് സംരക്ഷണം നല്‍കുന്ന പോളിസികളും ഇതോടൊപ്പം വാങ്ങാം. നിങ്ങളുടെ വീട് പ്രകൃതി ക്ഷോഭത്തില്‍ നഷ്ടപ്പെടുകയും നിങ്ങള്‍ കുറച്ചു കാലം വാടകയ്ക്ക് താമസിക്കുകയും ചെയ്യുകയാണെങ്കില്‍ വാടക കൂടി ലഭ്യമാക്കുന്ന തരത്തിലുള്ള പോളിസിയുമുണ്ട്. മാത്രമല്ല, വീട്ടിലെ വിലപിടിപ്പുള്ള സാധനങ്ങള്‍ പാക്ക് ചെയ്ത് മറ്റൊരിടത്തേക്ക് മാറ്റുന്നതിനുള്ള ചെലവും ഇങ്ങനെ ലഭ്യമാകും. നിങ്ങളുടെ കെട്ടിടം വാടകയ്ക്ക് നല്‍കിയിരിക്കുകയാണെങ്കില്‍ അതില്‍ നിന്ന് ലഭിക്കേണ്ട വാടകയ്ക്ക് പോലും ഇന്‍ഷുറന്‍സ് സംരക്ഷണം നല്‍കാനാകും.
വീടുമായി ബന്ധപ്പെട്ട് എന്ത് നഷ്ടം സംഭവിച്ചാലും അതിന് സംരക്ഷണം നല്‍കുന്ന പോളിസികള്‍ ഇത്തരത്തില്‍ ലഭ്യമാണ്. എന്തൊക്കെ നഷ്ടസാധ്യതകള്‍ ഉണ്ടാകാമെന്ന് മനസിലാക്കി അതൊക്കെ പോളിസിയില്‍ ഉള്‍പ്പെടുത്താന്‍ ഏജന്റിനോട് ആവശ്യപ്പെടാം. ഇങ്ങനെ പുതിയ കാര്യങ്ങള്‍ കൂട്ടിച്ചേര്‍ക്കപ്പെടുമ്പോള്‍ പ്രീമിയത്തില്‍ വര്‍ധന ഉണ്ടാവുമെങ്കിലും പോളിസി സമഗ്രവും സമ്പൂര്‍ണവുമാകും. പോളിസിയെടുക്കുമ്പോള്‍ പോളിസി ഡോക്യുമെന്റ് ശ്രദ്ധാപൂര്‍വം വായിക്കുകയും ആവശ്യപ്പെട്ടിരിക്കുന്ന എല്ലാ കാര്യങ്ങളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന്
ഉറപ്പു വരുത്തുകയും ചെയ്യുക.
ക്ലെയിം നേടേണ്ടതെങ്ങനെ?
നഷ്ടം സംഭവിച്ച് നിശ്ചിത സമയത്തിനുള്ളില്‍ ഇന്‍ഷുറന്‍സ് കമ്പനിയെ അറിയിച്ചാല്‍ മതിയെന്ന് ഉണ്ടെങ്കിലും സംഭവം നടന്ന് എത്രയും പെട്ടെന്ന് തന്നെ അറിയിക്കുന്നതാണ് അഭികാമ്യം. രേഖാമൂലം നല്‍കുന്ന ഔദ്യോഗിക അപേക്ഷ സാവകാശം നല്‍കിയാലും മതി. സംഭവം നടന്നയുടനെ അറിയിക്കുന്നത് എസ്എംഎസ് മുഖേനയോ ഇ മെയ്ല്‍ വഴിയോ ആയാലും മതി. ഔദ്യോഗികമായി പരാതി നല്‍കുമ്പോള്‍ നാശനഷ്ടം സംബന്ധിച്ച തെളിവുകള്‍ കൂടി നല്‍കാന്‍ ശ്രദ്ധിക്കുക. എഫ്‌ഐആറിന്റെ കോപ്പി, പ്രാദേശിക ഭരണകൂടത്തില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ്, ജില്ലാധികാരിയില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ്, പത്രമാധ്യമ റിപ്പോര്‍ട്ട്, റിപ്പയര്‍ സംബന്ധിച്ച ബില്ല് തുടങ്ങിയവയൊക്കെയാവാം. നാശനഷ്ടം സംബന്ധിച്ച കാര്യങ്ങള്‍ രേഖാമൂലം സൂക്ഷിക്കുന്നത് അത്യാവശ്യമാണ്. രേഖകളോടൊപ്പം ഫോട്ടോഗ്രാഫുകള്‍, വീഡിയോകള്‍ എന്നിവ കൂടി കരുതുന്നത് വളരെ നല്ലത്. നാശനഷ്ടം നേരിട്ട സാധനങ്ങള്‍ സൂക്ഷിക്കുന്നത് സര്‍വേയര്‍ കണക്കെടുപ്പിന് വരുമ്പോള്‍ കാണിച്ച് യഥാര്‍ത്ഥ നഷ്ടത്തിന്റെ ആഴം ബോധ്യപ്പെടുത്താന്‍ ഉപകരിക്കും.
സെറ്റില്‍മെന്റ് നാശം സംഭവിച്ച വസ്തുക്കളുടെ അപ്പോഴത്തെ മൂല്യം അനുസരിച്ചുള്ള നഷ്ടപരിഹാരമാകും ലഭ്യമാക്കുക. തേയ്മാനം കൂടി പരിഗണിച്ചാണ് മൂല്യം കണക്കാക്കുക. ഇന്‍ഷുറന്‍സ് പോളിസി വാങ്ങുമ്പോഴുള്ള കരാര്‍ അനുസരിച്ചുള്ള നഷ്ടപരിഹാരമാണ് പോളിസിയുടമകയ്ക്ക് അവകാശപ്പെടാനാകുക. ഇന്‍ഷുറന്‍സ് കമ്പനിയെ കബളിപ്പിക്കുന്ന നടപടികളൊന്നും പോളിസിയുടമയില്‍ നിന്ന് ഉണ്ടാകരുത്. പോളിസി ക്ലെയിം ചെയ്യുമ്പോള്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ കൃത്യമായിരിക്കണം. നഷ്ടസാധ്യത ലഘൂകരിക്കുന്നതിനുള്ളതാണ് ഇന്‍ഷുറന്‍സ്. നമ്മള്‍ക്ക് ലഭിക്കുന്ന സംരക്ഷണം വെച്ച് നോക്കുമ്പോള്‍ നല്‍കുന്ന പ്രീമിയം കുറവു തന്നെയാണ്. സാമ്പത്തിക സാക്ഷരത കൈവരിക്കുന്നതിലൂടെ ഇപ്പോള്‍ ഇന്‍ഷുര്‍ ചെയ്യാതെ സംഭവിക്കുന്ന നഷ്ടങ്ങള്‍ പരമാവധി ഒഴിവാക്കാനാകും.
(യെസ്‌കലേറ്റര്‍ മാനേജ്‌മെന്റ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റ്‌സിന്റെ ചീഫ്
എക്‌സിക്യൂട്ടിവ് ഓഫീസറാണ് ലേഖകന്‍)