മ്യൂച്വല്‍ ഫണ്ട് നിക്ഷേപം: മാറ്റാം ഈ തെറ്റിദ്ധാരണകള്‍

മികച്ചൊരു നിക്ഷേപമാര്‍ഗമാണെങ്കിലും മ്യൂച്വല്‍ ഫണ്ടുകളില്‍ നിന്ന് പലരേയും അകറ്റുന്നത് ഈ സംശയങ്ങളാണ്

Update:2023-05-12 10:49 IST

കഴിഞ്ഞ കുറച്ചു കാലങ്ങളായി മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളില്‍ കാര്യമായ വളര്‍ച്ചയുണ്ടാകുന്നുണ്ട്. മൂച്വല്‍ ഫണ്ട് അസോസിയേഷന്റെ (AMFI) കണക്കുകളനുസരിച്ച് 2023 മാര്‍ച്ചില്‍ മ്യൂച്വല്‍ ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്ന ആസ്തി (AUM) 39,42,031 കോടി രൂപയാണ്. 10 വര്‍ഷത്തിനിടയില്‍ അഞ്ചിരട്ടി വളര്‍ച്ചയാണുണ്ടായത്. 2013 മാര്‍ച്ചില്‍ കൈകാര്യം ചെയ്തിരുന്ന ആസ്തി ഏഴ് ലക്ഷം കോടി രൂപ മാത്രമായിരുന്നു. വിവിധ പദ്ധതികളിലായി 14.57 കോടി മ്യൂച്വല്‍ ഫണ്ട് അക്കൗണ്ടുകളും നിലവിലുണ്ട്.

നിരവധി കാരണങ്ങളാണ് മ്യൂച്വല്‍ഫണ്ട് നിക്ഷേപങ്ങളുടെ വളര്‍ച്ചയ്ക്ക് പിന്നില്‍. പ്രധാനമായും ആളുകളില്‍ അവബോധം വര്‍ധിച്ചു എന്നതാണ്. കൂടുതല്‍പേര്‍ മ്യൂച്വല്‍ഫണ്ടുകളെ മികച്ചൊരു നിക്ഷേപമാര്‍ഗമായി കണ്ട് മുന്നോട്ടു വരാന്‍ തുടങ്ങി. സര്‍ക്കാരിന്റെ ഭാഗത്തുനിന്നും മ്യൂച്വല്‍ഫണ്ട് നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുന്നതിന് ശ്രമങ്ങള്‍ നടക്കുന്നുണ്ട്. മറ്റൊരു പ്രധാന കാരണം ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ സൗകര്യങ്ങളിലൂടെ എളുപ്പത്തില്‍ നിക്ഷേപിക്കാമെന്നുള്ളതാണ്.
ഇതൊക്കെയാണെങ്കിലും ഇപ്പോഴും മ്യൂച്വല്‍ഫണ്ടിന്റെ സാധ്യതകള്‍ വളരെ കുറച്ചു പേര്‍ മാത്രമാണ് പ്രയോജനപ്പെടുത്തുന്നതെന്നതാണ് യാഥാര്‍ത്ഥ്യം. ഗ്രാമപ്രദേശങ്ങളില്‍ മ്യൂച്വല്‍ഫണ്ടുകള്‍ക്ക് തീരെ വേരോട്ടമില്ല. അതിന്റെ ഒരു പ്രധാന കാരണം മ്യൂച്വല്‍ഫണ്ടുകളെ കുറിച്ചുള്ള ചില തെറ്റിദ്ധാരണകളാണ്. അതെന്തൊക്കെയാണെന്ന് നോക്കാം.
സ്‌റ്റോക്ക് മാര്‍ക്കറ്റില്‍ മാത്രമാണ് നിക്ഷേപം: ഇത് ശരിയല്ല.ധനസമ്പാദനത്തിനുള്ള ഒരു മാര്‍ഗം എന്ന നിലയിലാണ് മ്യൂച്വല്‍ഫണ്ടുകളെ കണക്കാക്കുന്നത്. അതുകൊണ്ടു തന്നെ വിവിധ തരത്തില്‍ പ്രയോജനപ്പെടുത്താവുന്ന 30ലധികം വിഭാഗങ്ങളിലുള്ള മ്യൂച്വല്‍ഫണ്ട് പദ്ധതികളുണ്ട്. ഓഹരിയില്‍ മാത്രമല്ല സ്ഥിര വരുമാനം നല്‍കുന്ന ബോണ്ടുകള്‍, ഡിബഞ്ചറുകള്‍ എന്നിവയില്‍ നിക്ഷേപിക്കുന്ന മ്യൂച്വല്‍ഫണ്ടുകളുമുണ്ട്. അവയാണ് ഡെറ്റ് ഫണ്ടുകള്‍ എന്നറിയപ്പെടുന്നത്. ഓഹരി വിപണിയുമായി ബന്ധമില്ലാത്തതിനാല്‍ നേട്ടത്തില്‍ വ്യതിയാനമുണ്ടാകില്ല. ഓഹരി വിപണിയില്‍ നിക്ഷേപിക്കാന്‍ താത്പര്യമില്ലാത്തവര്‍ക്ക് ഇത് പരിഗണിക്കാം.
ദീര്‍ഘകാലത്തേക്ക് നിക്ഷേപിക്കണം: എല്ലാ മ്യൂച്വല്‍ഫണ്ടുകളും ഇതില്‍ ഉള്‍പ്പെടുന്നില്ല.ഇക്വിറ്റി മ്യൂച്വല്‍ഫണ്ടുകളില്‍ ദീര്‍ഘകാല നിക്ഷേപത്തിനാണ് ഊന്നല്‍ നല്‍കുന്നത്. നല്ല പ്രവര്‍ത്തന ചരിത്രമുള്ള ലിസ്റ്റഡ് കമ്പനികളില്‍ നിക്ഷേപിക്കുന്നത് ദീര്‍ഘകാലത്തില്‍ മികച്ച നേട്ടം നല്‍കും. അതേസമയം,

 ഒറ്റ ദിവസം മാത്രം നിക്ഷേപിച്ച് നേട്ടമുണ്ടാക്കാവുന്ന മ്യൂച്വല്‍ഫണ്ടുകളുമുണ്ട്. അതാണ് ഓവര്‍നൈറ്റ് ഫണ്ടുകള്‍. ഇനി ഒരു മാസം മുതല്‍ ഒരു വര്‍ഷമോ മൂന്നു വര്‍ഷമോ ഒക്കെ നിക്ഷേപിക്കണമെങ്കില്‍ വിവിധ ഡെറ്റ് ഫണ്ടുകളുമുണ്ട്. നിങ്ങളുടെ നിക്ഷേപ ലക്ഷ്യത്തിനനുസരിച്ചുള്ള കാലാവധി നിശ്ചയിച്ച് മ്യൂച്വല്‍ഫണ്ടുകള്‍ തിരഞ്ഞെടുക്കാം.
ഡീമാറ്റ് അക്കൗണ്ട് നിര്‍ബന്ധം: വേണ്ട. മ്യൂച്വല്‍ഫണ്ടില്‍ നിക്ഷേപം ആരംഭിക്കുന്നതിന് ഡീമാറ്റ് അക്കൗണ്ട് നിര്‍ബന്ധമില്ല. അസറ്റ് മാനേജ്‌മെന്റ് കമ്പനികളുടെ (എ.എം.സി) വെബ്‌സൈറ്റ് വഴി നേരിട്ടോ അല്ലെങ്കില്‍ അഡൈ്വസര്‍മാര്‍ മുഖേനയോ നിക്ഷേപിക്കാം. അക്കൗണ്ട് സ്റ്റേറ്റ്‌മെന്റിന്റെ രൂപത്തില്‍ യൂണിറ്റുകള്‍ സൂക്ഷിക്കും. ഓണ്‍ലൈനായും ഓഫ്‌ലൈനായും വേഗത്തില്‍ ഇടപാട് നടത്തുകയും ചെയ്യാം.
വലിയ എ.എം.സികളാണ് സുരക്ഷിതം: മുതിര്‍ന്ന പൗരന്മാരുടേയും ഉയര്‍ന്ന നികുതി സ്ലാബില്‍  വരുന്നവരുടേയും പൊതുവിലുള്ള ഒരു ധാരണയാണിത്. ഏതൊരു പദ്ധതിയുടേയും നഷ്ട സാധ്യത അതിന്റെ കാറ്റഗറിയെയും എങ്ങനെ നിക്ഷേപിക്കുന്നു എന്നതിനെയും ആശ്രയിച്ചാണിരിക്കുന്നത്. ഉദാഹരണത്തിന് എച്ച്.ഡി.എഫ്.സിയുടെ മിഡ്ക്യാപ് ഫണ്ടില്‍ നിക്ഷേപിക്കുന്നതും കോട്ടക് മ്യൂച്വല്‍ഫണ്ടിന്റെ മിഡ് ക്യാപ് ഫണ്ടുകളില്‍ നിക്ഷേപിക്കുന്നതും ഒരേ പോലെയാണ്. കാരണം രണ്ടും മിഡ് ക്യാപിലാണ് നിക്ഷേപിക്കുന്നത്.
കൂടുതല്‍ പദ്ധതികളില്‍ നിക്ഷേപിക്കുക: മ്യൂച്വല്‍ഫണ്ടുകളെ ലാര്‍ജ് ക്യാപ്, മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് എന്നിങ്ങനെ വിവിധ വിഭാഗങ്ങളായി തരംതിരിച്ചിട്ടുണ്ട്. വിപണി മൂല്യത്തില്‍ മുന്നിലുള്ള ആദ്യ നൂറുകമ്പനികളില്‍ നിക്ഷേപത്തിന്റെ 80 ശതമാനവും  നീക്കിവയ്ക്കുന്നതാണ് ലാര്‍ജ് ക്യാപ് ഫണ്ടുകള്‍. അതായത് ലാര്‍ജ് കാപ്പ് വിഭാഗത്തില്‍ വരുന്ന എല്ലാ പദ്ധതികളിലും ഇത്തരം ഓഹരികളാണ് ഉള്‍പ്പെടുത്തുന്നത്. അതുകൊണ്ട് വിവിധ ലാര്‍ജ് ക്യാപ് ഫണ്ടുകളിലായി നിക്ഷേപം നീക്കിവയ്ക്കുന്നതു കൊണ്ടു കാര്യമില്ല. വിവിധ വിഭാഗങ്ങളിലുള്ള ഫണ്ടുകളിലേക്ക് നിക്ഷേപം മാറ്റണം. ഒരു വിഭാഗത്തിലുള്ള ഒന്നോ രണ്ടോ ഫണ്ടുകളില്‍ കൂടുതല്‍ നിക്ഷേപത്തില്‍ ഉള്‍പ്പടുത്തരുത്.
മുന്‍കാല നേട്ടങ്ങള്‍ നോക്കണം: മുന്‍കാലങ്ങളില്‍ ഫണ്ട് നല്‍കിയിട്ടുള്ള നേട്ടം നോക്കി നിക്ഷേപം നടത്തുന്നതില്‍ വലിയ കാര്യമില്ല. കാരണം ഭാവിയില്‍ അതേ റിട്ടേണ്‍ ഫണ്ടില്‍ നിന്ന് ലഭിക്കുമെന്ന് പറയാനാകില്ല. ഫണ്ട് മാനേജ്‌മെന്റ് ടീമിന്റെ പ്രവര്‍ത്തന പരിചയം, നിക്ഷേപ രീതി, സ്ഥിരത ഇവയൊക്കെ കണക്കിലെടുത്താണ് നിക്ഷേപം തെരഞ്ഞെടുക്കേണ്ടത്. സ്‌കീമിന്റെ മൊത്തത്തിലൊരു പ്രകടനം മനസിലാക്കാന്‍ മാത്രം മുന്‍കാല റിട്ടേണ്‍ പരിശോധിച്ചാല്‍ മതി.
ധാരാളം പണം വേണം: കൈയില്‍ ഒരുപാട് കാശുള്ളവര്‍ക്കുള്ളതാണ് മ്യൂച്വല്‍ഫണ്ടിലെ നിക്ഷേപമെന്ന് പറയുന്നവരുണ്ട്. എന്നാലിത് ശരിയല്ല. ഒറ്റത്തവണ 1,000 രൂപ നിക്ഷേപിച്ചുകൊണ്ട് മ്യൂച്വല്‍ഫണ്ടുകളില്‍ നിക്ഷേപം തുടങ്ങാം. ഇനി സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ വഴിയാണെങ്കില്‍ 500 രൂപ മുതലും നിക്ഷേപമാരംഭിക്കാം. കൂട്ടുപലിശയുടെ ഗുണം ലഭിക്കുമെന്നതിനാല്‍ ഏറ്റവും ചെറിയ തുക നിക്ഷേപിച്ചാലും ഉയര്‍ന്ന നേട്ടമുണ്ടാക്കാനാകും.
Tags:    

Similar News