ക്രെഡിറ്റ് സ്‌കോര്‍ വൈകിയാല്‍ ഇനി നഷ്ടപരിഹാരം ആവശ്യപ്പെടാം

പുതിയ ചട്ടവുമായി റിസര്‍വ് ബാങ്ക്, ലക്ഷ്യം ഉപയോക്തൃ സേവനം മെച്ചപ്പെടുത്തല്‍

Update: 2023-04-06 10:20 GMT

വായ്പ വാങ്ങാന്‍ പോയാല്‍ ഉപയോക്താക്കളെ വലയ്ക്കുന്ന പ്രധാന കാര്യമാണ് ക്രെഡിറ്റ് സ്‌കോര്‍. ഉപയോക്താവിന്റെ ക്രെഡിറ്റ് സ്‌കോര്‍ മെച്ചമാണെങ്കിലേ ബാങ്കുകള്‍ വായ്പ നല്‍കൂ. ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ കമ്പനികളാണ് (സി.ഐ.സി) ഉപയോക്താക്കളുടെ ക്രെഡിറ്റ് സ്‌കോര്‍ നിര്‍ണയിക്കുന്നത്.

ഉപയോക്താവിന്റെ മുന്‍കാല വായ്പകളുടെ തിരിച്ചടവ്, അക്കൗണ്ട് പരിപാലനം തുടങ്ങിയ ഘടകങ്ങള്‍ വിലയിരുത്തിയാണ് ക്രെഡിറ്റ് സ്‌കോര്‍ നിര്‍ണയിക്കുന്നത്. ഉപയോക്താവ് ആവശ്യപ്പെടുമ്പോള്‍ ക്രെഡിറ്റ് സ്‌കോര്‍ വിവരങ്ങള്‍ ലഭ്യമാക്കാന്‍ സി.ഐ.സികള്‍ കാലതാമസം വരുത്തിയാല്‍ അവ ഉപയോക്താക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ടി വരും. തെറ്റുകള്‍ തിരുത്തി ക്രെഡിറ്റ് സ്‌കോര്‍ സമയബന്ധിതമായി പരിഷ്‌കരിക്കാതിരുന്നാലും ഇത് ബാധകമാണ്. വായ്പാ സംബന്ധമായ വിവരങ്ങൾ കൃത്യമായി അപ്ഡേറ്റ് ചെയ്യാൻ ധനകാര്യ സ്ഥാപനങ്ങൾ കാലതാമസം വരുത്തിയാലും ഉപയോക്താവിന് നഷ്‌ടപരിഹാരം നൽകണം.

വരും, എസ്.എം.എസ് / ഇ-മെയില്‍

സി.ഐ.സികളുടെ പ്രവര്‍ത്തനം സംബന്ധിച്ച് പരാതികളുണ്ടായ പശ്ചാത്തലത്തില്‍ റിസര്‍വ് ബാങ്ക് അവയെ റിസര്‍വ് ബാങ്ക് ഇന്റഗ്രേറ്റഡ് ഓംബുഡ്‌സ്മാന്‍ സ്‌കീമിന്റെ (ആര്‍.ബി-ഐ.ഒ.എസ്) ആക്കിയിരുന്നു. ഉപയോക്താക്കളുടെ അറിവില്ലാതെ അവരുടെ ക്രെഡിറ്റ് വിശദാംശങ്ങള്‍ സി.ഐ.സികള്‍ക്ക് ഇനി ഉപയോഗിക്കാനാവില്ല. ഇത്തരത്തില്‍ വിവരങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ഉപയോക്താവിനെ എസ്.എം.എസിലൂടെയോ ഇ-മെയില്‍ വഴിയോ അറിയിക്കണം.

ബാങ്കുകള്‍/എന്‍.ബി.എഫ്.സികള്‍ തുടങ്ങിയവയില്‍ നിന്ന് ഉപയോക്തൃ വിവരങ്ങള്‍ വാങ്ങി കൈവശം വയ്ക്കാന്‍ സി.ഐ.സികള്‍ക്ക് സമയപരിധി നിശ്ചയിക്കും. ഉപയോക്താക്കള്‍ നല്‍കുന്ന പരാതികളുടെ വിവരങ്ങള്‍ സി.ഐ.സികള്‍ വെളിപ്പെടുത്തണമെന്ന ചട്ടവും കൊണ്ടുവരും. ഇത് പരാതികള്‍ എത്ര കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നുണ്ടെന്ന് മനസിലാക്കാനും സഹായിക്കും.

Tags:    

Similar News