എസ്ബിഐ ബാലന്‍സ്ഡ് അഡ്വാന്റേജ് ഫണ്ട്: നിക്ഷേപിക്കും മുമ്പ് അറിയാം ഇക്കാര്യങ്ങൾ

നിക്ഷേപകര്‍ക്കിടയില്‍ എസ് ബി ഐ ബാലന്‍സ്ഡ് അഡ്വാന്റേജ് ഫണ്ട് എന്തുകൊണ്ട് തരംഗമായി, എന്താണ് ഇതിന്റെ സവിശേഷത?

Update:2021-11-04 14:00 IST

മ്യൂച്വല്‍ ഫണ്ട് വിപണിയിലെ ഇന്‍സ്റ്റന്റ് ഹിറ്റായിരുന്നു എസ് ബി ഐ ബാലന്‍സ്ഡ് അഡ്വാന്റേജ് ഫണ്ട്. ഓപ്പണ്‍ ചെയ്യുന്ന സമയത്ത് തന്നെ ഫണ്ട് 15,000 കോടിയോളം സമാഹരിക്കുകയും. NFO യിൽ ഒരു ഫണ്ട് കലക്ട് ചെയ്യുന്ന സർവകാല റെക്കോർഡ് കളക്ഷൻ എന്ന ചരിത്രം കുറിക്കുകയും ചെയ്തു. ഓപ്പൺ ചെയ്തു രണ്ടു മാസംകൊണ്ടു തന്നെ ഫണ്ട് ഇപ്പോള്‍ 20,000 കോടിയുടെ എയുഎമ്മിൽ എത്തി നിൽക്കുന്നു. നിലവില്‍ എസ്ബിഐയുടെ ഈ ഫണ്ടിന്,വിപണിയിലെ മൊത്തം ബാലൻസ് അഡ്വാൻറ്റേജ് ഫണ്ട് ക്യാറ്റഗറിയിലേക്കുള്ള പണമൊഴുക്കിന്റെ 40 ശതമാനത്തോളം മാര്‍ക്കറ്റ് ഷെയറുണ്ട്.

എസ്ബിഐയുടെ ബാലന്‍സ് അഡ്വാന്റേജ് ഫണ്ട് ഇക്വിറ്റി ടാക്‌സേഷനിലുള്ളതാണ്. കൂടാതെ, 0 - 100 ശതമാനം വരെ ഇക്വിറ്റിയില്‍ എസ്ബിഐ ബാലന്‍സ് അഡ്വാന്റേജ് ഫണ്ടിന് നിക്ഷേപിക്കാം. നിലവില്‍ 58 ശതമാനത്തോളം ഇക്വിറ്റിയിലും (29 % ഇക്വിറ്റി, 36 % arbitrage ) ബാക്കി ഡെബ്റ്റിലുമാണ് നിക്ഷേപമുള്ളത്.
എന്താണ് ഇതുകൊണ്ടുള്ള മെച്ചം?
ഇപ്പോള്‍ നിക്ഷേപകര്‍ ഏറെ താല്‍പ്പര്യത്തോടെ ഈ ഫണ്ടിനെ നോക്കുമ്പോള്‍ എന്തുകൊണ്ടാണത് എന്നുകൂടി മനസ്സിലാക്കിയിരിക്കുന്നത് നന്നാകും.
മ്യൂച്വല്‍ ഫണ്ടില്‍ സാധാരണ മൂന്ന് ഫണ്ടുകളെ കുറിച്ചാണ് പറയാറുള്ളത്. ഒന്നാമത്തേത് ഇക്വിറ്റി ഫണ്ട് അഥവാ ഓഹരിയധിഷ്ഠിത ഫണ്ടുകള്‍. രണ്ട്, ഡെബ്റ്റ് ഫണ്ട് അഥവാ കടപ്പത്രങ്ങളില്‍ നിക്ഷേപിക്കുന്ന ഫണ്ടുകള്‍. മൂന്നാമത്തേത്, ഹൈബ്രിഡ് ഫണ്ട് അഥവാ ബാലന്‍സ് ഫണ്ട്. ഇക്വിറ്റി ഫണ്ടും ഡെബ്റ്റ് ഫണ്ടും മിക്‌സായി നിക്ഷേപിക്കുന്നതിനെയാണ് ബാലന്‍സ്ഡ് ഫണ്ട് എന്ന് വിളിക്കുന്നത്.
സാധാരണഗതിയില്‍ ഒരു ഫണ്ട് 65 ശതമാനം എങ്കിലും ഇക്വിറ്റികളില്‍ നിക്ഷേപിക്കുമ്പോള്‍ ഇക്വിറ്റി ടാക്‌സേഷന്‍ ലഭിക്കും. ബാലന്‍സ് ഫണ്ട് രണ്ട് കാറ്റഗറിയുണ്ട്. 65 ശതമാനമെങ്കിലും ഇക്വിറ്റിയില്‍ നിക്ഷേപിച്ചാലാണ് ഇക്വിറ്റി ടാക്‌സേഷന്‍ ലഭിക്കുക എന്നത്കൊണ്ട് 65 ശതമാനം ഇക്വിറ്റിയിലും 35 ശതമാനം കടപ്പത്രങ്ങളിലും നിക്ഷേപിക്കുന്ന ഫണ്ടുകളെ ഇക്വിറ്റി ഓറിയന്റഡ് ബാലൻസ് ഫണ്ട് എന്നു പറയും. അതുപോലെ തന്നെ 65 ശതമാനത്തില്‍ താഴെ ഇക്വിറ്റിയില്‍ നിക്ഷേപിക്കുന്ന ബാലൻസ്ഡ് ഫണ്ടുകളെ ഡെബ്റ്റ് ഓറിയന്റഡ് ബാലൻസ്ഡ് ഫണ്ടുകള്‍ എന്നും പറയും. ഇതിലെ വ്യത്യാസമെന്തെന്നാല്‍ ഒന്നാമത്തേതില്‍ ഇക്വിറ്റി ടാക്‌സേഷന്‍ ആയിരിക്കും. രണ്ടാമത്തേതിന് ഡെബ്റ്റ് ടാക്‌സേഷനുമായിരിക്കും.
ഒന്നാമത്തെ ഇക്വിറ്റി ഓറിയന്റഡ് ബാലൻസ് ഫണ്ടിന്റെ പ്രത്യേകതയെന്തെന്നാല്‍ 65 ശതമാനം ഇക്വിറ്റിയും 35 ശതമാനം ഡെബ്റ്റും വരുന്നതുകൊണ്ട് ഇക്വിറ്റിയുടെ ഏകദേശ സ്വഭാവം കാണിക്കുകയും. എന്നാല്‍ 35 ശതമാനത്തോളം ഡെബ്റ്റ് ഉള്ളതുകൊണ്ട് ഫണ്ടിന് താരതമ്യേന സ്ഥിരത കൂടുകയും മാർക്കറ്റ് റിസ്ക് കുറയുകയും ചെയ്യുന്നു. എന്നാൽ ഡെബ്റ്റ് ഓറിയന്റഡ് ബാലൻസ്ഡ് ഫണ്ടുകളുടെ പ്രത്യേകതയെന്തെന്നാല്‍
കൂടുതലും ഡെബ്റ്റായതിനാല്‍ ഫണ്ട് കൂടുതലും ഡെബിറ്റിന്റെ സ്വഭാവം കാണിക്കുകയും എന്നാൽ ഡെബ്റ് ഫണ്ടുകളേക്കാൾ ഒരുപടി കൂടുതൽ റിട്ടേൺസും ലഭ്യമാക്കുന്നു.
എന്താണ് ബാലന്‍സ്ഡ് അഡ്വാന്റേജ് ഫണ്ട് ?
ബാലന്‍സ് ഫണ്ടും ബാലന്‍സ് അഡ്വാന്റേജ് ഫണ്ടും തമ്മിലുള്ള വ്യത്യാസമെന്തെന്നാല്‍, ബാലന്‍സ്ഡ് ഫണ്ടില്‍ ഇക്വിറ്റി നിക്ഷേപവും ഡെബ്റ്റ് നിക്ഷേപവും തമ്മിലുള്ള അനുപാതം ഫിക്‌സ്ഡാണ്. എന്നാല്‍ ബാലന്‍സ്ഡ് അഡ്വാന്റേജ് ഫണ്ടില്‍ കാര്യങ്ങള്‍ ഇങ്ങനെയല്ല. ഇക്വിറ്റിയിലുള്ള നിക്ഷേപ വിഹിതം എത്രയെന്നത്‌ ഓഹരി വിപണിയുടെ സ്വഭാവം അഥവാ valuation അനുസരിച്ച് മാറും. അതായത് മാര്‍ക്കറ്റ് ഉയരങ്ങളിലെത്തുമ്പോള്‍ ഇക്വിറ്റിയുടെ ലാഭം ബുക്ക് ചെയ്തിട്ട് ഇക്വിറ്റിയിലെ നിക്ഷേപം കുറച്ച് ആനുപാതികമായി ഡെബ്റ്റിലെ നിക്ഷേപം കൂട്ടും. മാര്‍ക്കറ്റ് പിന്നീട് തിരുത്തലിലേക്ക് വരുമ്പോള്‍ ഇക്വിറ്റി പ്രൊപ്പോഷന്‍ കൂട്ടി ആനുപാതികമായി ഡെബ്റ്റ് നിക്ഷേപം കുറയ്ക്കുന്നു. ഉപഭോക്താക്കളെ സംബന്ധിച്ച് ഇത് വളരെ റിസ്‌ക് കുറവായിരിക്കും.
സാധാരണഗതിയില്‍, ബാലന്‍സ്ഡ് അഡ്വാന്റേജ് ഫണ്ടില്‍ ഫണ്ട് മാനേജേഴ്‌സ് പറയുന്നത് എഫ്ഡിയേക്കാള്‍ 3 ശതമാനം അധികം റിട്ടേണാണ്.
നമ്മുടെ നാട്ടില്‍ ഭൂരിഭാഗം പേരും ബാങ്ക് സ്ഥിരനിക്ഷേപത്തെയാണ് ആശ്രയിക്കുന്നത്. താരതമ്യേന ബാങ്ക് സ്ഥിര നിക്ഷേപത്തിന്റെ സുരക്ഷിതത്വവും എന്നാല്‍ അതിനേക്കാള്‍ മൂന്ന് ശതമാനത്തിലേറെയെങ്കിലും നേട്ടവും നല്‍കുന്നതുമാണ് ഈ ഫണ്ടുകളുടെ ആകര്‍ഷണീയത കൂട്ടുന്നത്.
എന്തുകൊണ്ട് ബാലന്‍സ്ഡ് അഡ്വാന്റേജ് ഫണ്ടില്‍ നിക്ഷേപിക്കണം?
ഏറ്റവും കുറഞ്ഞ റിസ്‌കും ഇക്വിറ്റി ടാക്‌സേഷന്റെ ഗുണവും ഇതില്‍ ഒന്നിക്കുന്നു. അതായത് ഓരോ വർഷവും ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള മൂലധന നേട്ടത്തിന്റെ പത്തുശതമാനത്തിനാണ് നികുതി ബാധ്യത വരുന്നത്. ഇപ്പോള്‍ ഓഹരി വിപണി സര്‍വകാല റെക്കോര്‍ഡിലേക്ക് കുതിച്ചുയരുകയും വീണ്ടും താഴേക്ക് വരികയും ചെയ്യുന്നുണ്ട്. ഇതിനിടയില്‍ ഒരു സാധാരണ നിക്ഷേപകന് ഓഹരി വിപണിയുടെ ചലനം നോക്കി നിക്ഷേപിക്കാന്‍ സമയമോ അറിവോ ഉണ്ടാകണമെന്നില്ല. ബാലന്‍സ്ഡ് അഡ്വാന്റേജ് ഫണ്ടിലെ ഫണ്ട് മാനേജര്‍മാര്‍ കൃത്യമായ വിശകലനങ്ങളുടെ അടിസ്ഥാനത്തില്‍ ഓഹരികള്‍ തക്കസമയം വില്‍ക്കുകയും വാങ്ങുകയും വീണ്ടും വില്‍ക്കുകയും എല്ലാം ചെയ്യും. അതായത് വിപണിയുടെ സാധ്യതകള്‍ സാധാരണക്കാര്‍ക്ക് വലിയ റിസ്‌കില്ലാതെ ഉപയോഗിക്കാനാവും.
എസ് ബി ഐ ബാലന്‍സ്ഡ് അഡ്വാന്റേജ് ഫണ്ടിന് 0-100 ശതമാനം വരെ ഇക്വിറ്റിയില്‍ നിക്ഷേപിക്കാമെങ്കിലും വിപണി സാഹചര്യം നോക്കിയാണ് അതിന്റെ ഫണ്ട് മാനേജര്‍മാര്‍ ഇക്വിറ്റി നിക്ഷേപം ക്രമീകരിക്കുന്നത്. അവരുടെ അനുഭവസമ്പത്തും ഗവേഷണവും വിശകലനവുമെല്ലാം സാധാരണ നിക്ഷേപകര്‍ക്ക് നേട്ടമുണ്ടാക്കാന്‍ ഉപകരിക്കും.
(ഫിനാന്‍ഷ്യല്‍ അഡ്വൈസറും കോര്‍പ്പറേറ്റ് ട്രെയ്‌നറുമാണ് ലേഖകന്‍. ഇമെയിൽ: sree@scripon.com ഫോണ്‍: 99955 55026)


Tags:    

Similar News