എസ്.ബി.ഐയുടെ അമൃത കലശം! ഉയര്‍ന്ന പലിശ വരുമാനം നേടാന്‍ ഒരു സ്‌പെഷ്യല്‍ എഫ്.ഡി പദ്ധതി
മുതിര്‍ന്ന പൗരന്മാര്‍ക്ക് നേടാം അര ശതമാനം അധിക പലിശ
സ്ഥിരനിക്ഷേപങ്ങളോട് (Fixed Deposits/FD) ഇന്നും ഇന്ത്യക്കാര്‍ക്ക് വലിയ പ്രിയമാണ്. കൈയില്‍ ഒരു വലിയസംഖ്യ എത്തിയാല്‍ ആദ്യം ചിന്തിക്കുക ബാങ്കില്‍ എഫ്.ഡി ഇടുന്നതിനെ കുറിച്ചായിരിക്കും. ഒട്ടുമിക്ക ബാങ്കുകളും നിലവില്‍ ഭേദപ്പെട്ട പലിശവരുമാനം എഫ്.ഡി നിക്ഷേപകര്‍ക്ക് നല്‍കുന്നുമുണ്ട്. മുതിര്‍ന്ന പൗരന്മാര്‍ക്കാകട്ടെ മറ്റുള്ളവരേക്കാള്‍ 0.50 ശതമാനം അധിക പലിശയും നേടാം.
എഫ്.ഡി പ്രിയര്‍ക്കായി എസ്.ബി.ഐ അവതരിപ്പിച്ച പ്രത്യേക പദ്ധതിയാണ് അമൃത് കലശ് സ്‌പെഷ്യല്‍ ഫിക്‌സഡ് ഡെപ്പോസിറ്റ് സ്‌കീം (SBI Amrit Kalash special deposit scheme). സാധാരണ എഫ്.ഡി പദ്ധതികളേക്കാള്‍ ഉയര്‍ന്ന പലിശയാണ് ഈ സ്‌പെഷ്യല്‍ പദ്ധതി വാഗ്ദാനം ചെയ്യുന്നത്.
അമൃത് കലശ് എഫ്.ഡി
പദ്ധതിയില്‍ ചേരാനുള്ള സമയം ഈ വര്‍ഷം സെപ്റ്റംബര്‍ 30ലേക്ക് എസ്.ബി.ഐ നീട്ടിയിട്ടുണ്ട്. 400 ദിവസമാണ് നിക്ഷേപ കാലാവധി. സാധാരണ നിക്ഷേപകര്‍ക്ക് 7.10 ശതമാനം പലിശയാണ് വാഗ്ദാനം. മുതിര്‍ന്ന പൗരന്മാര്‍ക്ക് അരശതമാനം അധിക പലിശയും ലഭിക്കും; അതായത് 7.60 ശതമാനം.
മറ്റ് എഫ്.ഡി പദ്ധതികള്‍
എസ്.ബി.ഐയുടെ മറ്റ് സാധാരണ എഫ്.ഡി പദ്ധതികളുടെ പലിശനിരക്ക് 3.5 മുതല്‍ 7 ശതമാനം വരെയാണെന്ന് ബാങ്കിന്റെ വെബ്‌സൈറ്റ് വ്യക്തമാക്കുന്നു. മിതിര്‍ന്ന പൗരന്മാര്‍ക്ക് ഇത് 4 ശതമാനം മുതല്‍ 7.50 ശതമാനം വരെയാണ്.
7-45 ദിവസം മുതലുള്ളത് മുതല്‍ 5-10 വര്‍ഷം വരെ കാലാവധിയുള്ള വിവിധ എഫ്.ഡി പദ്ധതികള്‍ എസ്.ബി.ഐയിലുണ്ട്.