പണത്തിനും നര കയറും! അറിഞ്ഞിരിക്കണം, രൂപയുടെ മൂല്യശോഷണം തടയാനുള്ള ലളിത മാര്‍ഗങ്ങള്‍

വിരമിക്കലിന് ശേഷമുള്ള ജീവിതം ആസ്വാദ്യകരമാക്കുന്നതിനായി മാര്‍ഗങ്ങള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്യേണ്ടതുണ്ട്

Update:2024-10-22 13:10 IST

Image Courtesy: Canva

പൈസയുടെ ഏറ്റവും വലിയ ഭീഷണി പണപ്പെരുപ്പമാണ്. പണത്തിന്റെ നിലവിലെ മൂല്യത്തെ ബാധിക്കുമെന്നത് കൂടാതെ ഉപയോക്താവിന്റെ ഭാവി സമ്പാദ്യത്തിന്റെ മൂല്യം കൂടി പണപ്പെരുപ്പം കുറയ്ക്കുന്നു.
വർഷങ്ങൾക്ക് ശേഷം നിങ്ങളുടെ സമ്പാദ്യം പരിശോധിക്കുമ്പോള്‍, അവയുടെ മൂല്യം ഇന്നത്തേതിനേക്കാൾ വളരെ കുറവാകുന്നതിനെയാണ് പണപ്പെരുപ്പം എന്നു പറയുന്നത്. റിട്ടയർമെൻ്റിനായി ഒരു ഉപയോക്താവ് ഒരുപാട് പണം നീക്കിവെച്ചാലും, പണപ്പെരുപ്പം വർഷങ്ങള്‍ക്കു ശേഷം നിങ്ങളുടെ സമ്പാദ്യത്തിൻ്റെ മൂല്യം താഴ്ത്തിക്കൊണ്ടിരിക്കും.

നിക്ഷേപങ്ങള്‍ ബുദ്ധിപൂർവം ആസൂത്രണം ചെയ്യുക

നിങ്ങള്‍ റിട്ടയർമെൻ്റ് നിക്ഷേപങ്ങള്‍ ബുദ്ധിപൂർവം ആസൂത്രണം ചെയ്യേണ്ടത് അത്യാവശ്യമാണ്. പണപ്പെരുപ്പത്തിൽ നിന്ന് നിങ്ങളുടെ സമ്പാദ്യം സംരക്ഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയാണ് ഇതിനുളള പോംവഴി. നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെ വിലക്കയറ്റത്തിൽ നിന്ന് സംരക്ഷിക്കാനും നിങ്ങളുടെ സമ്പാദ്യം ഒരു പരിധിവരെ മൂല്യ ശോഷണത്തില്‍ നിന്ന് തടയാനും സ്വീകരിക്കേണ്ട മാര്‍ഗങ്ങളെക്കുറിച്ച് പരിശോധിക്കുകയാണ് ഇവിടെ.
ജോലിയില്‍ നിന്നുളള വിരമിക്കൽ (റിട്ടയര്‍മെന്റ്) എന്നത് ഒരാളുടെ ജീവിതത്തിലെ നിര്‍ണായക സന്ദര്‍ഭമാണ്. അതിനാല്‍ വിരമിക്കലിന് ശേഷമുള്ള ജീവിതം ആസ്വാദ്യകരമാക്കുന്നതിന് തന്ത്രപരമായ സാമ്പത്തിക തീരുമാനങ്ങൾ ആളുകള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്യേണ്ടതുണ്ട്.
വിവിധ തരത്തിലുള്ള ആസ്തികളിൽ നിക്ഷേപം നടത്തുകയാണ് ആദ്യം പരിഗണിക്കേണ്ടത്. ഇക്വിറ്റികൾ, സ്ഥിര നിക്ഷേപം, സ്വത്തുക്കള്‍ തുടങ്ങിയവയില്‍ പണം നിക്ഷേപിക്കാവുന്നതാണ്. രണ്ടാമതായി, പരിമിതമായ റിട്ടേണുകളുളള ഇൻഡെക്‌സേഷന്‍ കുറഞ്ഞ നിക്ഷേപങ്ങൾ (ട്രഷറി ഇൻഫ്ലേഷൻ-പ്രൊട്ടക്റ്റഡ് സെക്യൂരിറ്റീസ് (TIPS) പോലുളളവ) സ്വീകരിക്കാവുന്നതാണ്. മൂന്നാമതായി, വ്യക്തിയുടെ ജീവിതത്തില്‍ എന്തെങ്കിലും അടിയന്തിര പ്രശ്‌നങ്ങൾ സംഭവിക്കുകയാണെങ്കില്‍ മുൻകരുതൽ എന്ന നിലയിൽ ഒരു വര്‍ഷം അല്ലെങ്കിൽ 2 വർഷം നീണ്ടുനിൽക്കുന്ന നിക്ഷേപങ്ങള്‍ക്കായി സമ്പാദ്യത്തിൽ നിന്നുള്ള കുറച്ച് തുക നീക്കിവയ്ക്കേണ്ടതുണ്ട്.
നാലാമത്, കാലാകാലങ്ങളിൽ പണപ്പെരുപ്പത്തിലുണ്ടാകുന്ന മാറ്റങ്ങൾക്ക് അനുസൃതമായി നിങ്ങളുടെ വിരമിക്കൽ പോർട്ട്ഫോളിയോ നിരീക്ഷിക്കുകയും വിലയിരുത്തുകയും മാറ്റങ്ങൾ വരുത്തുകയും ചെയ്യേണ്ടതാണ്.
പോർട്ട്ഫോളിയോയുടെ വൈവിധ്യവൽക്കരണം
പോർട്ട്‌ഫോളിയോയുടെ ഭാഗമായി പണപ്പെരുപ്പത്തെ പ്രതിരോധിക്കുന്ന വൈവിധ്യവൽക്കരണം പരിഗണിക്കാവുന്നതാണ്. ഇതിനായി ഡെറ്റ് നിക്ഷേപങ്ങളിലും ഇക്വിറ്റിയിലും ഇടകലർന്ന് നിക്ഷേപിക്കുന്നത് പണപ്പെരുപ്പത്തിലുണ്ടാകുന്ന ആഘാതങ്ങൾ സമ്പാദ്യത്തിൽ കുറക്കുന്നതിന് സഹായകരമാണ്.
ബജറ്റ് സൂക്ഷ്മമായി പരിശോധിക്കല്‍
വിലക്കയറ്റം ദൈനംദിന ചെലവുകളിൽ വലിയ സ്വാധീനമാണ് ചെലുത്തുക. ഈ സന്ദര്‍ഭങ്ങളില്‍ അനാവശ്യ ചെലവുകൾ വെട്ടിക്കുറയ്ക്കാൻ ആളുകള്‍ ശ്രദ്ധിക്കേണ്ടതാണ്.
പണമായി സൂക്ഷിക്കേണ്ടതില്ല
പണപ്പെരുപ്പ സമയത്ത് വിപണിയിൽ നിന്ന് പിൻവാങ്ങുന്നത് ബുദ്ധിയല്ല. നിങ്ങളുടെ ആസ്തികളിൽ ചിലത് പണമാക്കി മാറ്റാനുളള പ്രവണതയ്ക്ക് കീഴടങ്ങരുത്. വര്‍ഷങ്ങള്‍ക്ക് ശേഷം പണത്തിന്റെ മൂല്യം കുറയാന്‍ സാധ്യതയുളളതിനാല്‍, പണം കൈവശം വയ്ക്കുന്നത് വിപരീതഫലമാണ് ഉണ്ടാക്കുക. അതിനാല്‍ നിക്ഷേപങ്ങള്‍ നിലനിർത്തേണ്ടത് പ്രധാനമാണ്.
അടിയന്തര സമ്പാദ്യം വീണ്ടും വിലയിരുത്തുക
ചില വ്യക്തികള്‍ വർദ്ധിച്ചുവരുന്ന ചെലവുകൾ കണക്കിലെടുത്ത് അടിയന്തിര സാഹചര്യങ്ങളിൽ കൂടുതൽ പണം കൈയിൽ സൂക്ഷിക്കാൻ ആഗ്രഹിച്ചേക്കാം. ഈ സാഹചര്യത്തിൽ സ്ഥിര നിക്ഷപം (ഫിക്സഡ് ഡെപ്പോസിറ്റ്) പോലുളള മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നത് നല്ലതായിരിക്കും. പണപ്പെരുപ്പം കൂടുമ്പോള്‍ ഉയർന്ന പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നത് വരുമാനം ഉയർത്താന്‍ ഇടയാക്കും.
Tags:    

Similar News