അവകാശികളില്ല; ബാങ്കുകളില്‍ കെട്ടിക്കിടക്കുന്നത് 35,000 കോടി

തുക റിസര്‍വ് ബാങ്കിന് കൈമാറി പൊതുമേഖലാ ബാങ്കുകള്‍

Update: 2023-04-04 10:02 GMT

അകവാശികളില്ലാതെ രാജ്യത്തെ മൊതുമേഖലാ ബാങ്കുകളില്‍ 35,012 കോടി രൂപയുടെ നിക്ഷേപം. കുറഞ്ഞത് 10 വര്‍ഷമായി ഇടപാടുകളില്ലാതെ നിര്‍ജീവമായി കിടന്ന അക്കൗണ്ടുകളിലെ തുകയാണിത്. 2020 ഡിസംബറിനും 2023 ഫെബ്രുവരിക്കും ഇടയില്‍ അവകാശികളില്ലാത്ത നിക്ഷേപങ്ങളിലുണ്ടായ വര്‍ദ്ധന 70 ശതമാനമാണ്. 2019 ഡിസംബറിനെ അപേക്ഷിച്ച് തുക ഇരട്ടിയോളം കൂടിയിട്ടുമുണ്ട്.

കേന്ദ്ര ധനസഹമന്ത്രി ഭഗവത് കാരാട് പാര്‍ലമെന്റില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം 2019 ഡിസംബറില്‍ അവകാശികളില്ലാത്ത നിക്ഷേപം 15,000 കോടി രൂപയായിരുന്നു.

എന്തുകൊണ്ട് അവകാശികളില്ല?

അക്കൗണ്ട് ഉടമ മരണപ്പെട്ടതിന് ശേഷം നിര്‍ജീവമായതാണ് ഇത്തരം അക്കൗണ്ടുകളില്‍ ഭൂരിഭാഗവും. കുറഞ്ഞത് രണ്ടുവര്‍ഷം ഇടപാടുകളില്ലാതെ നിര്‍ജീവമായ അക്കൗണ്ടുകളുടെ ഉടമകളെ ബാങ്കുകള്‍ ബന്ധപ്പെടാറുണ്ട്. അക്കൗണ്ടുടമകള്‍ മരണമടഞ്ഞുവെങ്കില്‍ ബന്ധുക്കളെ കണ്ടെത്തി അക്കൗണ്ട് വിവരങ്ങള്‍ കൈമാറും. അക്കൗണ്ടുടമയുടെ ബന്ധുക്കളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ വിഫലമായാല്‍ ഇത്തരം അക്കൗണ്ടുകള്‍ക്ക് അവകാശികളില്ലാതാകും.

പണം റിസര്‍വ് ബാങ്കിന്
പൊതുമേഖലാ ബാങ്കുകളില്‍ 10.24 കോടി അക്കൗണ്ടുകളിലായാണ് അവകാശികളില്ലാതെ 35,012 കോടി രൂപയുണ്ടായിരുന്നത്. ഈ തുക ബാങ്കുകള്‍ റിസര്‍വ് ബാങ്കിന് കൈമാറി. ഏറ്റവുമധികം തുക എസ്.ബി.ഐയിലായിരുന്നു (8,086 കോടി രൂപ). പഞ്ചാബ് നാഷണല്‍ ബാങ്ക് (5,340 കോടി രൂപ), കനറാ ബാങ്ക് (4,458 കോടി രൂപ), ബാങ്ക് ഓഫ് ബറോഡ (3,904 കോടി രൂപ) എന്നിവയാണ് തൊട്ടുപിന്നാലെയുള്ളത്.
Tags:    

Similar News