ഒരു ദിവസം ഗൂഗിള്‍ പേ ഉപയോഗിച്ച് എത്ര രൂപ വരെ ചെലവാക്കാം

ബാങ്കുകളും യുപിഐ ആപ്ലിക്കേഷനുകളും അനുസരിച്ച് നിങ്ങള്‍ക്ക് ചെലവഴിക്കാന്‍ സാധിക്കുന്ന തുകയിലും ഇടപാടുകളുടെ എണ്ണത്തിലും വ്യത്യാസം വരാം

Update:2022-12-31 14:12 IST

ഇന്ന് എന്തിനും ഏതിനും യുപിഐ ഇടപാടുകളെ ആശ്രയിക്കുന്നവരാണ് നമ്മള്‍. നാഷണല്‍ പേയ്മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (NPCI) ഒരുദിവസത്തെ യുപിഐ ഇടപാടുകള്‍ക്ക് ഒരു ലക്ഷം രൂപവരെയാണ് പരിധി നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ പലപ്പോഴും ഈ പരിധി വരെ ഇടപാടുകള്‍ നടത്താന്‍ സാധിക്കാറില്ല. അതിന് പല കാരണങ്ങള്‍ ഉണ്ടാവാം.

നിങ്ങളുടെ ബാങ്ക്, ഉപയോഗിക്കുന്ന യുപിഐ ആപ്ലിക്കേഷന്‍ തുടങ്ങിയവയെ ആശ്രയിച്ച് ഈ പരിധിയില്‍ മാറ്റങ്ങള്‍ വന്നേക്കാം. ഉദാഹരണത്തിന് എസ്ബിഐ പോലുള്ള വലിയ ബാങ്കുകള്‍ 1,00,000 രൂപവരെയുള്ള ഇടപാടുകള്‍ അനുവദിക്കുമ്പോള്‍ കനറാ ബാങ്കില്‍ അത് 25,000 രൂപയാണ്.

ഒരു ദിവസം കൈമാറ്റം ചെയ്യാവുന്ന തുകയ്ക്ക് പരിധി ഉള്ളത് പോലെ യുപിഐ ഇടപാടുകളെയും എന്‍പിസിഐ നിയന്ത്രിക്കുന്നുണ്ട്. ഒരാള്‍ക്ക് ദിവസം പരമാവധി 20 യുപിഐ ഇടപാടുകളാണ് നടത്താന്‍ സാധിക്കുക. ബാങ്കുകള്‍ അനുസരിച്ച് ഈ പരിധിയിലും മാറ്റം വരാം.

യുപിഐ ആപ്ലിക്കേഷനുകളും പരിധിയും

ഗൂഗിള്‍ പേ- ഒരു ലക്ഷം രൂപവരെ ദിവസവും ഗൂഗിള്‍ പേ ഉപയോഗിച്ച് കൈമാറ്റ്ം ചെയ്യാം. നേരത്തെ പറഞ്ഞ പോലെ നിങ്ങളുടെ ബാങ്കുകള്‍ അനുസരിച്ച് ഈ തുക കുറയാം. വിവിധ യുപിഐ ആപ്ലിക്കേഷനുകളിലായി ആകെ 10 ഇടപാടുകളാണ് ഒരു ദിവസം ചെയ്യാന്‍ സാധിക്കുക. നിങ്ങള്‍ക്ക് 2000 രൂപയ്ക്ക് മുകളില്‍ പണം ആവശ്യപ്പെട്ട് കൊണ്ടുള്ള റിക്വസ്റ്റ് വന്നാലും ഡെയിലി ലിമിറ്റ് അവസാനിക്കും.

ഫോണ്‍പേ- ഇവിടെയും ഒരു ലക്ഷം രൂപ തന്നെയാണ് പരിധി. ബാങ്കുകള്‍ അനുസരിച്ച് ദിവസവും 10 അല്ലെങ്കില്‍ 20 ഇടപാടുകള്‍ വരെ ഫോണ്‍പേ അനുവദിക്കും. ഗൂഗിള്‍പേയ്ക്ക് സമാനമായി ദിവസം 2000 രൂപവരെയാണ് ഫോണ്‍പേയിലെയും മണി റിക്വസ്റ്റ് പരിധി.

പേയ്ടിഎം- ദിവസവും അയക്കാവുന്ന ആകെ തുക ഇവിടെയും ഒരു ലക്ഷം തന്നെയാണ്. മറ്റ് പ്ലാറ്റ്ഫോമുകളില്‍ നിന്ന് വ്യത്യസ്തമായി ഇവിടെ ഓരോ മണിക്കൂറിനും നിയന്ത്രണങ്ങള്‍ ഉണ്ട്. ആകെ 20 ഇടപാടുകള്‍ ഒരു ദിവസം നടത്താം.അതില്‍ ഒരു മണിക്കൂറില്‍ 5 ട്രാന്‍സാക്ഷനുകള്‍ മാത്രമാണ് സാധിക്കുക. തുക 20,000 രൂപയില്‍ കൂടാനും പാടില്ല.

ആമസോണ്‍പേ- ഇവിടെയും ഒരു ദിവസത്തെ പരിധിയില്‍ മാറ്റമില്ല ( ഒരു ലക്ഷം രൂപ). അതേ സമയം രജിസ്റ്റര്‍ ചെയ്ത് ആദ്യ 24 മണിക്കൂറില്‍ 5000 രൂപയുടെ ട്രാന്‍സാക്ഷന്‍ മാത്രമേ ആമസോണ്‍പേ അനുവദിക്കുന്നുള്ളു. ബാങ്കുകള്‍ അനുവദിക്കുന്നത് പ്രകാരം 20 ഇടപാടുകള്‍ വരെ ദിവസവും സാധ്യമാണ്. 

Tags:    

Similar News