യു.എ.ഇ യില്‍ നിന്ന് തിരികെ വരുമ്പോള്‍ ബാങ്ക് അക്കൗണ്ടില്‍ ചെയ്യേണ്ട കാര്യങ്ങള്‍

നാട്ടിലേക്ക് മടങ്ങുന്നതിന് മുന്‍പ് ബാങ്ക് ബ്രാഞ്ചില്‍ പോയി അക്കൗണ്ട് നിര്‍ത്തലാക്കാനുള്ള അപേക്ഷ നല്‍കുന്നതു മുതല്‍ നിരവധി കാര്യങ്ങള്‍ ശ്രദ്ധിച്ചിരിക്കണം

Update:2023-09-09 10:05 IST

തൊഴില്‍ നഷ്ടപ്പെട്ടോ, മതിയാക്കിയോ യു.എ.ഇ യില്‍ നിന്നും നാട്ടിലേക്ക് മടങ്ങുന്നവര്‍ അവിടെയുള്ള ബാങ്ക് അക്കൗണ്ട് നിര്‍ത്തലാക്കി വന്നില്ലെങ്കില്‍ നാട്ടില്‍ എത്തിയ ശേഷം ബുദ്ധിമുട്ടുകള്‍ നേരിടാം. രജിസ്റ്റര്‍ ചെയ്ത ഇ-മെയില്‍, വാട്‌സാപ്പ് വഴി നാട്ടിലെത്തിയ ശേഷം അക്കൗണ്ട് നിര്‍ത്തലാക്കുന്ന നടപടികള്‍ സ്വീകരിക്കാമെങ്കിലും പലപ്പോഴും ഇതില്‍ തടസ്സം നേരിട്ടേക്കാം. നാട്ടിലേക്ക് പുറപ്പെടുന്നതിന് മുന്‍പ് തന്നെ ക്രെഡിറ്റ് കാര്‍ഡ് ഉള്ളവര്‍ കുടിശ്ശിക അടച്ചു കാര്‍ഡ് തിരിച്ചു നല്‍കിയിരിക്കണം.

വൈദ്യുതി, വെള്ളം എന്നിവയുടെ കരം ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഈടാക്കാന്‍ ആവര്‍ത്തന പേമെന്റ് (automatic payment)നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കില്‍ അത് റദ്ദാക്കണം.

വായ്പകള്‍, ക്രെഡിറ്റ് കാര്‍ഡ് കുടിശ്ശിക അടച്ചു തീര്‍ത്ത ശേഷം ബാധ്യത ഒഴിഞ്ഞതായുള്ള കത്ത് (closure certificate) ബാങ്കില്‍ നിന്ന് വാങ്ങണം. ബാങ്ക് ലോണ്‍ എടുത്തിരിക്കുന്നവര്‍ അത് അടച്ചു തീര്‍ത്തിട്ടില്ലെങ്കില്‍ അവസാനം ജോലി ചെയ്ത കമ്പനിയില്‍ നിന്നും ലഭിക്കേണ്ട ഗ്രാറ്റിവിറ്റിയുള്‍പ്പെടുന്ന ആനുകൂല്യങ്ങള്‍ ലഭിക്കാത്ത സാഹചര്യം വന്നേക്കാം.

എങ്ങനെ അപേക്ഷിക്കണം?

നാട്ടിലേക്ക് മടങ്ങുന്നതിന് മുന്‍പ് ബാങ്ക് ബ്രാഞ്ചില്‍ പോയി അക്കൗണ്ട് നിര്‍ത്തലാക്കാനുള്ള അപേക്ഷ നല്‍കണം. ചില ബാങ്കുകള്‍ ഇത് ഓണ്‍ലൈനായി ചെയ്യാനും അവസരം നല്‍കുന്നുണ്ട്. എമിരേറ്റ്‌സ് തിരിച്ചറിയല്‍ കാര്‍ഡിന്റെ കാലാവധി പൂര്‍ത്തിയാകുന്നതിന് മുന്‍പ് തന്നെ ബാങ്ക് അക്കൗണ്ട് ക്ലോസ് ചെയ്യണം. ഉപയോഗിക്കാത്ത ചെക്ക് ബുക്കുകളും, ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് എന്നിവയും തിരികെ നല്‍കണം. ബാങ്ക് അക്കൗണ്ടില്‍ ഉള്ള പണം പൂര്‍ണമായും പിന്‍വലിച്ച ശേഷമേ അക്കൗണ്ട് നിര്‍ത്തലാക്കാന്‍ ബാങ്കുകള്‍ക്ക് സാധിക്കൂ.

ബാങ്ക് അക്കൗണ്ട് ക്ലോസ് ചെയ്യാനുള്ള അപേക്ഷ നല്‍കി മൂന്ന് മുതല്‍ അഞ്ചു ദിവസത്തിനുള്ളില്‍ ബാങ്ക് നടപടികള്‍ പൂര്‍ത്തീകരിച്ച് രജിസ്റ്റര്‍ ചെയ്ത ഇ-മെയില്‍ ഐ ഡി യിലേക്ക് സ്ഥിരീകരണം അയയ്ക്കും. അക്കൗണ്ടില്‍ ഉള്ള പണം മറ്റ് അക്കൗണ്ടുകളിലേക്ക് കൈമാറാനുള്ള നിര്‍ദേശവും നല്‍കാം. അക്കൗണ്ട് നിര്‍ത്തലാക്കുന്നതിന് ഫീസോ, ചാര്‍ജുകളോ ബാങ്കിന് നല്‍കേണ്ടതില്ല. അക്കൗണ്ട് ക്ലോസ് ചെയ്തില്ലെങ്കില്‍ അത് ആറു മാസത്തിന് ശേഷം മരവിപ്പിക്കപ്പെടും, മെയ്ന്റനന്‍സ് ചാര്‍ജും നല്‍കേണ്ടി വരും. മരവിപ്പിച്ച അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കാന്‍ സാധിക്കില്ല. ആറു മാസത്തിന് ശേഷം നിര്‍ത്തലാക്കുന്ന അക്കൗണ്ടുകള്‍ക്ക് 100 ദിര്‍ഹം ക്ലോഷര്‍ ചാര്‍ജ് ഈടാക്കാറുണ്ട്.

Tags:    

Similar News