എസ്‌ഐപി നിക്ഷേപം എപ്പോഴാണ് പിന്‍വലിക്കേണ്ടത്? എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം?
എസ്‌ഐപി നിക്ഷേപങ്ങള്‍ ഏതാവശ്യത്തിനും എടുത്തുപയോഗിക്കാനുള്ള പണത്തിന്റെ സ്രോതസ്സായി കാണരുത്. നിക്ഷേപിക്കുമ്പോഴും പിന്‍വലിക്കുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
പെട്ടെന്നൊരു നേട്ടമുണ്ടാക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് എസ്‌ഐപികള്‍ മികച്ച ഒരു ഓപ്ഷന്‍ ആകണമെന്നില്ല. എന്നാല്‍ എസ്‌ഐപി എപ്പോഴും ചെറുവരുമാനക്കാരുടെ മികച്ച ധനസമ്പാദന മാര്‍ഗമാണ്.
നിക്ഷേപത്തിനായി വരുമാനത്തില്‍ നിന്നും മാറ്റിവയ്ക്കുന്ന ഒരു തുകയില്‍ ചെറിയൊരു ഭാഗം എസ്.ഐ.പി എന്ന ദീര്‍ഘകാല നിക്ഷേപത്തിനായി മാറ്റിവെയ്ക്കുന്നത് ഭാവിയില്‍ നേട്ടമുണ്ടാക്കുമെന്ന് തന്നെയാണ് ഇതുവരെയുള്ള എസ്‌ഐപിയുടെ കണക്കുകള്‍ തെളിയിക്കുന്നത്.
എങ്ങനെയാണ് എസ്‌ഐപി നിക്ഷേപത്തെ കാണേണ്ടത്. എപ്പോഴാണ് നിക്ഷേപ പോര്‍ട്ട് ഫോളിയോ പരിശോധിക്കേണ്ടത്, എപ്പോഴാണ് പണം പിന്‍വലിക്കേണ്ടത് എന്ന കാര്യങ്ങളില്‍ പലര്‍ക്കും അവ്യക്തതയാണ്.
ആദ്യം തന്നെ പറയട്ടെ, ഓഹരി വിപണിയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളില്‍ പരിഭ്രമിക്കാതെ, നിശ്ചിത സാമ്പത്തിക ലക്ഷ്യം കൈവരിക്കുന്നതുവരെ തുടരേണ്ട ഒരു നിക്ഷേപമാര്‍ഗമാണ് എസ്.ഐ.പി. എന്ന കാര്യം നിക്ഷേപകര്‍ എപ്പോഴും ഓര്‍ക്കണം.
ഓഹരി വിപണിയിലെ ഉയര്‍ച്ച താഴ്ചകള്‍ക്ക് നിങ്ങള്‍ എസ്‌ഐപിയിലൂടെ നിക്ഷേപിച്ചിരിക്കുന്ന ഫണ്ടുകളും വിധേയമാകുന്നു എന്നതിനാല്‍ അനുബന്ധ റിസ്‌കുകളും നിക്ഷേപകരെ ബാധിക്കും. അതിനാല്‍ നിക്ഷേപകര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ നോക്കാം.
ശരിയായ അസറ്റ് അലോക്കേഷന്‍
എസ്‌ഐപി നിക്ഷേപത്തിലെ കാതലായ കാര്യമാണ് ഇത്. കഴിഞ്ഞ വര്‍ഷങ്ങളിലെ മികച്ച പ്രകടനം വിലയിരുത്തി സ്‌മോള്‍- മിഡ്ക്യാപ് ഫണ്ടുകളിലേക്ക് മാത്രം എസ്‌ഐപി നിക്ഷേപകര്‍ ശ്രദ്ധ പതിപ്പിക്കരുത്. വ്യത്യസ്തമായ രീതിയില്‍ ഫണ്ട് ക്രമീകരിക്കേണ്ടതുണ്ട്.
ദീര്‍ഘകാല ഫണ്ടുകള്‍, ഹ്രസ്വകാല ഫണ്ടുകള്‍, ഇവയ്ക്കിടയിലുള്ള മിഡ്- ടേം ഫണ്ടുകള്‍ എന്നിവയുടെ സമ്മിശ്രമായിരിക്കണം അസറ്റ് അലോക്കേഷന്‍. ഒറ്റ വിഭാഗത്തിലായി ഫണ്ടുകള്‍ നിക്ഷേപിക്കുമ്പോള്‍ വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ നേരിട്ട് ബാധിക്കുന്നത് തടയാനാണിത്. വിദഗ്ധ സഹായത്തോടെ വിവിധ വിഭാഗങ്ങളിലെ ഫണ്ടുകള്‍ തെരഞ്ഞെടുക്കുക.
പിന്‍വലിക്കാന്‍ ശരിയായ സമയം എപ്പോള്‍?
ഫണ്ടുകളുടെ പ്രകടനത്തെ ആശ്രയിച്ചാണ് ഇതും പറയാന്‍ കഴിയുക. നിങ്ങള്‍ എസ്‌ഐപിയിലൂടെ നിക്ഷേപിച്ചിരിക്കുന്ന വിവിധ ഫണ്ടുകളുടെ പെര്‍ഫോമന്‍സ് വിലയിരുത്തിക്കൊണ്ടേ ഇരിക്കുക. ഒരു വര്‍ഷം തുടര്‍ച്ചയായി നിരീക്ഷിക്കേണ്ടത് വളരെ അത്യാവശ്യമാണ്.
18 മാസത്തിനപ്പുറവും നിങ്ങളുടെ ഫണ്ടുകളുടേത് മോശം പ്രകടനമാണെങ്കില്‍ മികച്ച മറ്റൊരു ഫണ്ടിലേക്ക് പോകണം. എന്നാല്‍ തിരക്ക് പിടിച്ച് തീരുമാനം എടുക്കരുത്. ഇത് മാത്രമല്ല ഫണ്ട് മാറുവാന്‍ കണക്കാക്കേണ്ട ഘടകങ്ങള്‍. കമ്പനികളുടെ വിഹിതം, ഫണ്ട് നിക്ഷേപകരുടെ സ്ഥിതി എന്നിവയെല്ലാം നോക്കേണ്ടതുണ്ട്.
നിങ്ങളുടെ മ്യൂച്വല്‍ ഫണ്ടുകളും മറ്റ് സമാനമായ മ്യൂച്വല്‍ഫണ്ടുകളുമായി താരതമ്യം ചെയ്യുകയും വേണം. മറ്റ് ഫണ്ടുകള്‍ തെരഞ്ഞെടുത്ത് ഇപ്പോഴുള്ളവ മാറ്റുന്നതില്‍ ഏറെ ശ്രദ്ധാലുക്കളായിരിക്കണം. ഇതിനായി വിദഗ്ധ ഉപദേശവും തേടാം.
നല്ല നേട്ടത്തിനായി എത്രകാലം കാത്തിരിക്കണം ?
മികച്ച പ്രകടനമുള്ള ഫണ്ടുകളാണെങ്കിലും അഞ്ച് വര്‍ഷക്കാലത്തേക്കെങ്കിലും എസ്‌ഐപി നിക്ഷേപങ്ങളില്‍ നിന്നും തുക പിന്‍വലിക്കല്‍ ഉചിതമല്ല. എത്ര കാലം എസ്‌ഐപി തുടരുന്നുവോ മികച്ച വരുമാനവും തിരികെ പ്രതീക്ഷിക്കാം. വിപണിയിലെ റിസ്‌കുകളെ അനുസരിച്ച് കുറഞ്ഞത് അഞ്ച് കൊല്ലമെങ്കിലും നിക്ഷേപം തുടരുക.
വിപണിയിലെ ചാഞ്ചാട്ടങ്ങളില്‍ കണ്ണും നട്ട് പെട്ടെന്നുള്ള പിന്‍ വലിക്കല്‍ അരുത്. ചെറിയ തുകയ്ക്ക് കൂടുതല്‍ ഫണ്ടുകള്‍ വാങ്ങാനാണ് അപ്പോള്‍ ശ്രദ്ധിക്കേണ്ടത്. വിപണിയെ ബാധിക്കുന്ന ഘടകങ്ങളെ പഠിക്കാനും വിലയിരുത്താനും വിദഗ്ധ ഉപദേശം സ്വീകരിക്കാനും എസ്‌ഐപി നിക്ഷേപകര്‍ ക്ഷമ കാണിക്കേണ്ടതുണ്ട്.
എസ്‌ഐപി നിക്ഷേപകര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ :
മികച്ച ഫണ്ടുകള്‍ കണ്ടെത്താനും പിന്‍ വലിക്കാനും ഹോം വര്‍ക്ക് കൂടിയേ തീരു.
പവര്‍ ഓഫ് കോംപൗണ്ടിംഗില്‍ വിശ്വസിക്കണം. അതായത് പലതുള്ളി പെരുവെള്ളം എന്നത് തന്നെ.
ചുരുങ്ങിയത് അഞ്ച് വര്‍ഷമെങ്കിലും നിക്ഷേപം തുടരുമെന്ന് തീരുമാനിക്കുക.
ഫണ്ടുകളുടെ നിക്ഷേപ ചരിത്രം, ഫണ്ടിന്റെ അസറ്റ് അലോക്കേഷന്‍ അനുപാതം, നിക്ഷേപങ്ങളുടെ പ്രകടനം എന്നിവയും അറിഞ്ഞിരിക്കണം.
സമാനമായ മ്യൂച്വല്‍ ഫണ്ടുകളുമായി നിങ്ങളുടെ മ്യൂച്വല്‍ ഫണ്ടുകളെ താരതമ്യം ചെയ്യുക.
വിപണിയിലെ ഉയര്‍ച്ച താഴ്ചകളില്‍ പണം പിന്‍വലിക്കലിനു പകരം കൂടുതല്‍ കൂടുതല്‍ മികച്ച ഫണ്ടുകള്‍ കണ്ടെത്താന്‍ ശ്രമിക്കുക.
വിദഗ്ധ ഉപദേശത്തോടെ, കാര്യമായ പഠനത്തോടെ മാത്രം നിക്ഷേപിക്കുക.