നിങ്ങളുടെ ഭവനവായ്പാ പലിശ നിരക്ക് കുറയാന്‍ ബാങ്കുകളെ സമീപിക്കൂ, ഉടന്‍ തന്നെ!!!
ഭവന വായ്പയുടെ പലിശ നിരക്ക് പലവട്ടം റിസര്‍വ് ബാങ്ക് കുറച്ചിട്ടുണ്ടെങ്കിലും നിലവില്‍ ഭവന വായ്പയുള്ളവര്‍ക്ക് അതി ലഭിക്കാന്‍ ഇത് ചെയ്‌തേ മതിയാകു
നിങ്ങള്‍ക്ക് നിലവില്‍ ഭവന വായ്പയുണ്ടോ? എങ്കില്‍ എത്രയാണ് അതിന്റെ പലിശ നിരക്ക്? പുതുതായി ഭവന വായ്പ എടുക്കുന്നവര്‍ക്ക് ആറര ശതമാനമൊക്കെയാണ് പലിശ നിരക്ക്. നിങ്ങളുടെ ഭവന വായ്പയുടെ പലിശ നിരക്ക് അത്തരം കുറഞ്ഞ നിരക്കിലാണോ? അതോ ഒന്‍പതും പത്തും ശതമാനത്തിലാണോ? ഉയര്‍ന്ന നിരക്കിലാണെങ്കില്‍ ഉടന്‍ തന്നെ നിങ്ങള്‍, വായ്പ എടുത്തിരിക്കുന്ന ബാങ്കുകളെ അല്ലെങ്കില്‍ ഹൗസിംഗ് ഫിനാന്‍സ് കമ്പനികളെ ബന്ധപ്പെടുക. കാരണം, റിസര്‍വ് ബാങ്ക് ഭവന വായ്പ പലിശ നിരക്കില്‍ വരുത്തിയിരിക്കുന്ന ഇളവിന് നിങ്ങള്‍ക്ക് അര്‍ഹതയുണ്ടെങ്കില്‍ പോലും കിട്ടിയിരിക്കണമെന്നില്ല. കുറഞ്ഞ പലിശ നിരക്കിലേക്ക് ഭവന വായ്പ മാറ്റാന്‍ ഉടന്‍ തന്നെ ബാങ്കുകളെ / ഹൗസിംഗ് ഫിനാന്‍സ് കമ്പനികളെ സമീപിക്കുക തന്നെ വേണം.
പ്രഖ്യാപനങ്ങള്‍ കേള്‍ക്കുമ്പോഴുള്ള സന്തോഷം നിങ്ങള്‍ക്ക് ശരിക്കും കിട്ടുന്നുണ്ടോ?
റിസര്‍വ് ബാങ്ക് പലവട്ടം റിപ്പോ നിരക്ക് കുറച്ചപ്പോള്‍ ഭവന വായ്പയിലെ പലിശ നിരക്കിലും കുറവ് വരുത്തിയിട്ടുണ്ട്. ഇത് നിലവില്‍ ഭവന വായ്പ എടുത്തവരെയും ഏറെ സന്തോഷിപ്പിച്ചിരുന്നു. എന്നാല്‍ റിസര്‍വ് ബാങ്ക് പലിശ നിരക്കില്‍ വരുത്തുന്ന കുറവ് പല ബാങ്കുകളും അതിവേഗം അവരുടെ ഉപഭോക്താക്കള്‍ക്ക് നല്‍കാറില്ല.
ഇതിന് ബാങ്കുകള്‍ ചൂണ്ടിക്കാണിക്കുന്ന കാരണങ്ങള്‍ നിരവധിയാണ്. നിരക്ക് കുറയ്ക്കലിന്റെ മെച്ചം ഇടപാടുകാരിലേക്ക് ശരിയായ വിധം എത്താന്‍ റിസര്‍വ് ബാങ്ക് നടപടികള്‍ സ്വീകരിച്ചിട്ടു പോലും പല ഉപഭോക്താക്കള്‍ക്കും ഗുണം ലഭിച്ചിട്ടില്ല. സ്വകാര്യ മേഖലയിലെ ഹൗസിംഗ് ഫിനാന്‍സ് കമ്പനികളില്‍ നിന്ന് ഭവന വായ്പ എടുത്തവര്‍ക്ക് മാത്രമല്ല പ്രമുഖ പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് വായ്പ എടുത്തവര്‍ക്ക് പോലും ഇതുതന്നെയാണ് സ്ഥിതി. ''ഞാന്‍ രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കില്‍ നിന്നാണ് ഭവന വായ്പ എടുത്തിരിക്കുന്നത്. ഫ്‌ളോട്ടിംഗ് റേറ്റായതിനാല്‍ പലിശ കുറയ്ക്കുമ്പോള്‍ കുറയുമെന്നതായിരുന്നു ധാരണ.
ഒരു വട്ടം പലിശ നിരക്ക് 11.5 ശതമാനത്തിലെത്തി. അപ്പോഴാണ് ബാങ്കിനെ നേരില്‍ സമീപിച്ചത്. അപേക്ഷ നല്‍കി, കുറഞ്ഞ നിരക്കിലേക്ക് മാറ്റാന്‍ വേണ്ട സ്വിച്ച് ഓവര്‍ ഫീസും നല്‍കിയാല്‍ പലിശ കുറയ്ക്കാമെന്ന് അറിയുന്നത് തന്നെ അപ്പോഴാണ്. അങ്ങനെ ചെയ്‌തെങ്കിലും ഇപ്പോഴും പലിശ നിരക്ക് ഒമ്പതര ശതമാനത്തിലാണ്. ഇനിയും ഇക്കാര്യത്തിനായി ബാങ്കിനെ നേരില്‍ സമീപിക്കേണ്ട സ്ഥിതിയിലാണ് ഞാന്‍,'' സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന ഒരു കുടുംബനാഥന്‍ പറയുന്നു.
റിസര്‍വ് ബാങ്ക് പലിശ നിരക്ക് കൂട്ടുമ്പോള്‍ വായ്പ എടുത്തവര്‍ അറിയാതെ തന്നെ വായ്പയുടെ പലിശ നിരക്ക് കൂടും. പക്ഷേ റിസര്‍വ് ബാങ്ക് പലിശ നിരക്ക് കുറയ്ക്കുമ്പോള്‍ ഇങ്ങനെ ഓട്ടോമാറ്റിക്കായി കുറയുന്ന സമ്പ്രദായം കാണാറില്ല. അതുകൊണ്ട് നിങ്ങള്‍ക്ക് നിലവില്‍ ഭവന വായ്പ ഉണ്ടെങ്കില്‍ അതിന്റെ പലിശ നിരക്ക് കുറച്ച് കിട്ടാന്‍ ഉടന്‍ തന്നെ ബാങ്കുകളെ / ഹൗസിംഗ് ഫിനാന്‍സ് കമ്പനികളെ സമീപിക്കണം. ഫോണ്‍/ ഇ മെയ്ല്‍/ ഓണ്‍ലൈന്‍ വഴി ഇക്കാര്യങ്ങള്‍ ചെയ്യാവുന്നതേയുള്ളൂ. ലോക്ക്ഡൗണ്‍ പിന്‍വലിച്ചതിനുശേഷം ഇത് ചെയ്യാന്‍ കാത്തിരിക്കേണ്ട.
ഇത്തരത്തില്‍ ബാങ്കുകളെ ബന്ധപ്പെട്ട് പലിശ നിരക്ക് കുറയ്ക്കാത്തവര്‍ക്ക് ലക്ഷങ്ങളുടെ നഷ്ടമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് ഉടന്‍ തന്നെ ഇത് ചെയ്യുക.