100 ബില്യണും കടന്ന് സമ്പന്നരില്‍ ആറാമന്‍, അദാനി ഗ്രീന്‍ ആദ്യ പത്തില്‍
ഭാരതി എയര്‍ടെല്ലിനെയാണ് അദാനി ഗ്രീന്‍ പിന്തള്ളിയത്
രാജ്യത്തെ ഏറ്റവും മൂല്യമുള്ള ആദ്യ പത്ത് കമ്പനികളുടെ പട്ടികയില്‍ ഇടം നേടി അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡ്. അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ ഹോള്‍ഡിംഗ് കമ്പനി (ഐഎച്ച്സി) 3,850 കോടിയുടെ നിക്ഷേപം പ്രഖ്യാപിച്ചതോടെയാണ് അദാനി ഗ്രീനിന്റെ ഓഹരിവില ഉയര്‍ന്നത്.
422,526 കോടിയുടെ വിപണി മൂല്യവുമായി ഭാരതി എയര്‍ടെല്ലിനെ പിന്തള്ളി പത്താമതാണ് നിലവില്‍ അദാനി ഗ്രൂപ്പ്. ഇന്നലെ 20 ശതമാനത്തിന്റെ നേട്ടമാണ് അദാനി ഗ്രീന്‍ നേടിയത്. 416,526 കോടി രൂപയാണ് എയര്‍ടെല്ലിന്റെ വിപണി മൂല്യം. റിലയന്‍സ് (1,765,504 കോടി), ടിസിഎസ് (1,352,532 കോടി), എച്ച്ഡിഎഫ്‌സി ബാങ്ക് (829,724) എന്നിവയാണ് വിപണി മൂല്യത്തില്‍ രാജ്യത്തെ ആദ്യ മൂന്ന് കമ്പനികള്‍.
അദാനി ഗ്രൂപ്പില്‍ 2 ബില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് (15,400 കോടി) ഐഎച്ച്സി നടത്തുന്നത്. അദാനി ഗ്രീന്‍ എനര്‍ജിയെ കൂടാതെ അദാനി ട്രാന്‍സ്മിഷന്‍, അദാനി എന്റര്‍പ്രൈസസ് എന്നിവയിലും കമ്പനി നിക്ഷേപിക്കും. അദാനി ട്രാന്‍സ്മിഷനില്‍ 3,850 കോടി വീതവും അദാനി എന്റര്‍പ്രൈസസില്‍ 7,700 കോടി രൂപയുമാണ് ഐഎച്ച്സി നിക്ഷേപിക്കുക.
100 ബില്യണ്‍ കടന്ന് ഗൗതം അദാനി
121.9 ബില്യണ്‍ ഡോളറിന്റെ ആസ്തി യുമായി ഫോബ്‌സ് റിയല്‍ ടൈം ബില്യണെയര്‍ പട്ടികയില്‍ ആറാമതാണ് അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി. ആസ്തി 100 ബില്യണ്‍ കടന്നപട്ടികയിലെ ഏക ഏഷ്യക്കാരനും ഗൗതം അദാനി തന്നെയാണ്. 7.93 ശതമാനത്തിന്റെ (9 ബില്യണ്‍ ഡോളര്‍) വളര്‍ച്ചയാണ് അദാനിയുടെ ആസ്തിയില്‍ ഉണ്ടായത്. പട്ടികയില്‍ പത്താമതുള്ള റിയലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ മൂകേഷ് അംബാനിയുടെ ആസ്ഥി 99.4 ബില്യണ്‍ ഡോളറാണ്. 262.6 ബില്യണ്‍ ഡോളറിന്റെ സമ്പത്തുള്ള ടെസ്‌ല സിഇഒ ഇലോണ്‍ മസ്‌ക് ആണ് പട്ടികയില്‍ ഒന്നാമന്‍.