ഒരു കമ്പനിയില്‍ കൂടി അദാനി 'കൈവെച്ചു'! 5,888 കോടിയുടെ വമ്പന്‍ ഇടപാടിന് പിന്നിലെ ലക്ഷ്യങ്ങള്‍ ഇവയാണ്

ഐ.ടി.ഡി സിമന്റേഷന്‍ ഓഹരികള്‍ക്ക് വലിയ കുതിപ്പ്

Update:2024-09-20 16:53 IST
ഐ.ടി.ഡി സിമന്റേഷൻ ഇന്ത്യയിലെ പ്രൊമോട്ടറുടെ 46.64 ശതമാനം ഓഹരികൾ സ്വന്തമാക്കാനുള്ള അദാനി ഗ്രൂപ്പിന്റെ ശ്രമങ്ങള്‍ അവസാന ഘട്ടത്തിലെത്തി. നിലവിലെ വിപണി മൂല്യം അനുസരിച്ച് 700 മില്യൺ ഡോളറിന്റെ (5,888.57 കോടി രൂപ) ഇടപാടായിരിക്കും ഇതെന്ന് കണക്കാക്കുന്നു.

നടക്കുക വന്‍ ഏറ്റെടുക്കല്‍

യു.കെയിൽ വേരുകളുള്ള എഞ്ചിനീയറിംഗ്, പ്രൊക്യുർമെന്റ്, കൺസ്ട്രക്ഷൻ (ഇ.പി.സി) കമ്പനിയാണ് ഐടിഡി സിമന്റേഷൻ ഇന്ത്യ. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് മുമ്പ് തന്നെ അവര്‍ക്ക് രാജ്യത്ത് സാന്നിധ്യം ഉണ്ട്. 1931 മുതല്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ 
ഉടമസ്ഥാവകാശം
 അതിനുശേഷം ഒട്ടേറെ തവണ കൈ മാറി.
ഐ.ടി.ഡിയുടെ പ്രൊമോട്ടറായ ഇറ്റാലിയൻ-തായ് ഡെവലപ്‌മെന്റ് പബ്ലിക് കമ്പനിയാണ് ജൂൺ പാദത്തിന്റെ അവസാനം വരെ 46.64 ശതമാനം ഓഹരി കൈവശം വെച്ചിരുന്നത്. 8,107 കോടി രൂപ വിപണി മൂല്യമുളള കമ്പനിയാണ് ഐ.ടി.ഡി സിമന്റേഷൻ.

ഐ.ടി.ഡിയുടെ പ്രവര്‍ത്തന മേഖല

സമുദ്രങ്ങളില്‍ നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളിലും എഞ്ചിനീയറിംഗ് ജോലികളിലും ഒരുപോലെ മികവു തെളിയിച്ച കമ്പനിയാണ് ഐ.ടി.ഡി സിമന്റേഷൻ ഇന്ത്യ. ഡൽഹി, കൊൽക്കത്ത മെട്രോ പദ്ധതികളുടെ നിര്‍മാണത്തിലും കമ്പനി സഹകരിച്ചിട്ടുണ്ട്. തൂത്തുക്കുടി, ഹാൽദിയ, മുന്ദ്ര, വിഴിഞ്ഞം എന്നിവിടങ്ങളിലെ തുറമുഖങ്ങളിലും ജവഹർലാൽ നെഹ്‌റു പോർട്ട് ട്രസ്റ്റിലും കമ്പനിയുടെ സേവനങ്ങള്‍ പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ഇത് അദാനിക്ക് തന്ത്രപരമായി മെച്ചമുണ്ടാക്കുന്ന ഘടകമാണ്.
കടലിലുളള വാർഫുകൾ, പിയറുകൾ, കണ്ടെയ്‌നർ ടെർമിനലുകൾ, ബർത്തുകൾ, ഓയിൽ ജെട്ടികൾ തുടങ്ങിയവയാണ് കമ്പനി പ്രധാനമായും നിര്‍മിക്കുന്നത്. അദാനിയുടെ ജലവൈദ്യുത പദ്ധതികളിലും കമ്പനി സഹകരിച്ചിട്ടുണ്ട്. അദാനി ഗ്രൂപ്പ് നടത്തുന്ന 594 കിലോമീറ്റർ ഗംഗ എക്‌സ്‌പ്രസ് വേ ടോൾ റോഡ് പദ്ധതിയിലും ഐ.ടി.ഡി സിമന്റേഷൻ പ്രവര്‍ത്തിക്കുന്നുണ്ട്.
ഇടപാട് പൂർത്തിയായാൽ അഹമ്മദാബാദ് ആസ്ഥാനമായുള്ള അദാനി ഗ്രൂപ്പ് ഈ വർഷം നടത്തുന്ന 11ാമത്തെ ഏറ്റെടുക്കലായിരിക്കും ഇത്. മഹാരാഷ്ട്രയില്‍ 10 ബില്യൺ ഡോളറിന്റെ അർദ്ധചാലക ഫാബ്രിക്കേഷൻ പ്ലാന്റില്‍ അദാനി എന്റർപ്രൈസസ് ലിമിറ്റഡ് ഇസ്രായേലിന്റെ ടവർ സെമികണ്ടക്ടേഴ്സുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് ആഴ്ചകള്‍ക്ക് മുമ്പ് സംസ്ഥാന ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് സമൂഹ മാധ്യമമായ എക്സില്‍ പോസ്റ്റ് ചെയ്തതിന് ശേഷമാണ് ഏറ്റെടുക്കല്‍ നടപടികള്‍ ദ്രുതഗതിയില്‍ ആയത് എന്നതും ശ്രദ്ധേയമാണ്.
18,536 കോടി രൂപയുടെ ഓര്‍ഡറുകളാണ് നിലവില്‍ കമ്പനിയുടെ കൈവശമുളളത്. നഗരങ്ങളുടെ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങളിലും അതിവേഗ ഗതാഗത ശൃംഖലകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളിലും കമ്പനി ശ്രദ്ധ നല്‍കുന്നുണ്ട്.

ഓഹരി വന്‍ കുതിപ്പില്‍

മെട്രോ പദ്ധതികൾ, ഹൈവേകൾ, പാലങ്ങൾ, മേൽപ്പാലങ്ങൾ, വ്യാവസായിക നിര്‍മാണങ്ങള്‍, ജലവൈദ്യുതി, അണക്കെട്ടുകൾ, ജലസേചന പദ്ധതികൾ, തുരങ്കം, മാലിന്യം തുടങ്ങി പ്രത്യേക എഞ്ചിനീയറിംഗ് വൈദഗ്ധ്യം ആവശ്യമുളള എല്ലാ ജോലികളിലും ഐ.ടി.ഡി സിമന്റേഷന് സാന്നിധ്യമുണ്ട്. അദാനി ഗ്രൂപ്പിന് താല്‍പ്പര്യമുളള മേഖലകളില്‍ കമ്പനിക്ക് വൈദഗ്ധ്യമുളളത് ഈ ഏറ്റെടുക്കലിന് വേഗത കൂട്ടുന്ന ഘടകങ്ങളിലൊന്നാണ്.
കമ്പനിയുടെ ഓഹരികള്‍ അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്നുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ ഓഹരി വിപണിയില്‍ വലിയ കുതിപ്പാണ് ഐ.ടി.ഡി സിമന്റേഷൻ ഇന്ത്യ ലിമിറ്റഡിന്റെ ഓഹരികൾ നടത്തിയത്. വെളളിയാഴ്ചത്തെ വ്യാപാരത്തില്‍ ഓഹരി 20 ശതമാനം ഉയർന്ന് അപ്പർ സർക്യൂട്ടിലെത്തി. ഒരു ഘട്ടത്തില്‍ 565.60 രൂപയിലാണ് ഓഹരിയുടെ വ്യാപാരം നടന്നത്.
ബി.എസ്.ഇയിൽ ഓഹരിയുടെ കനത്ത ട്രേഡിംഗ് വോളിയമാണ് രേഖപ്പെടുത്തിയത്. കമ്പനിയുടെ ഏകദേശം 6.30 ലക്ഷം ഓഹരികളാണ് വെളളിയാഴ്ച ഉച്ചവരെ കൈ മാറ്റം ചെയ്യപ്പെട്ടത്. 9,628.69 കോടി രൂപയുടെ വിപണി മൂല്യമാണ് ഇതിനു കണക്കാക്കുന്നത്.
Tags:    

Similar News