ചെറുകിട സംരംഭങ്ങള്‍ക്കുള്ള ഹെല്‍പ് ഡെസ്‌ക് എല്ലാ ശനിയാഴ്ചയും
സംസ്ഥാന സര്‍ക്കാരും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യയും തമ്മില്‍ ധാരണാപത്രം ഒപ്പുവച്ചു
സംസ്ഥാനത്തെ ചെറുകിട സംരംഭകര്‍ക്ക് (എം.എസ്.എം.ഇ) ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യയുടെ (ഐ.സി.എ.ഐ) നേതൃത്വത്തില്‍ സാമ്പത്തിക ഇടപാടുകളിന്മേല്‍ ഉപദേശങ്ങളും സഹായങ്ങളും ലഭ്യമാക്കാന്‍ സൗജന്യ ഹെല്‍പ് ഡെസ്‌ക് ആരംഭിക്കുന്നു. ഇത് സംബന്ധിച്ച ധാരണാപത്രം ഏപ്രില്‍ ഒന്നിന് കൊച്ചിയിൽ നടന്ന എം.എസ്.എം.ഇ സമ്മിറ്റില്‍ വ്യവസായ മന്ത്രി പി. രാജീവ്, ഐ.സി.എ.ഐ എം.എസ്.എം.ഇ ആന്‍ഡ് സ്റ്റാര്‍ട്ടപ്പ് സമിതി ചെയര്‍മാന്‍ ധീരജ് കുമാര്‍ ഖണ്ടേല്‍വാള്‍ എന്നിവര്‍ തമ്മില്‍ കൈമാറി.
സൗജന്യ സേവനം
എം.എസ്.എം.ഇകള്‍ നേരിടുന്ന ഏറ്റവും പ്രധാന വെല്ലുവിളി ധനകാര്യ ഇടപാടുകള്‍ കൃത്യവും അച്ചടക്കവുമുള്ളതാക്കുക എന്നതാണ്. പല സംരംഭകര്‍ക്കും നിയമങ്ങളെ കുറിച്ച് പോലും അറിവില്ല. ഇത് ആ സംരംഭങ്ങളുടെ പ്രവര്‍ത്തനത്തിന് തടസ്സമാകുന്നു. പല സംരംഭങ്ങളും പാതിവഴിയില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ട സ്ഥിതിയും ഉണ്ടാവാറുണ്ട്.
ഈ പ്രതിസന്ധി ഒഴിവാക്കുകയാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യയുടെ (ഐ.സി.എ.ഐ) സഹകരണത്തിലൂടെ സംസ്ഥാന വ്യവസായ വകുപ്പ് ഉദ്ദേശിക്കുന്നത്.
സംരംഭങ്ങളുടെ രജിസ്‌ട്രേഷന്‍ മുതലുള്ള പിന്തുണ ഐ.സി.എ.ഐ നല്‍കും. മൂലധനം (ഫണ്ടിംഗ്) ഉറപ്പാക്കാന്‍ ബാങ്കുകളുമായി സംവദിക്കും. പദ്ധതി റിപ്പോര്‍ട്ട് (പ്രോജക്ട് റിപ്പോര്‍ട്ട്) തയ്യാറാക്കുക, നിര്‍മ്മാണോപകരണങ്ങള്‍ വാങ്ങുക, അക്കൗണ്ടിംഗ്, ധനകാര്യ സേവനം, നികുതി റിട്ടേണ്‍ സമര്‍പ്പിക്കല്‍ തുടങ്ങിയ സേവനങ്ങളാണ് സൗജന്യമായി ലഭ്യമാക്കുക.
എല്ലാ ശനിയാഴ്ചകളിലും
15 ദിവസത്തിനകം ഹെല്‍പ് ഡെസ്‌കിന്റെ പ്രവര്‍ത്തനത്തിന് തുടക്കമാകുമെന്ന് ഐ.സി.എ.ഐ മുന്‍ കേന്ദ്ര കമ്മിറ്റി അംഗവും എം.എസ്.എം.ഇ സമ്മിറ്റ് പ്രോഗ്രാം കണ്‍വീനറുമായ ബാബു എബ്രഹാം കള്ളിവയലില്‍ പറഞ്ഞു. ഐ.സി.എ.ഐയുടെ സംസ്ഥാനത്തെ 9 ശാഖകളിലും ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തിക്കും.
എല്ലാ ശനിയാഴ്ചകളിലുമാണ് പ്രവര്‍ത്തനം. മൂന്ന് പേരാണ് ഹെല്‍പ് ഡെസ്‌കിലുണ്ടാവുക. രണ്ടുപേര്‍ ഐ.സി.എ.ഐയില്‍ നിന്നായിരിക്കും. ഒരാള്‍ സര്‍ക്കാര്‍ പ്രതിനിധിയും. നിലവില്‍ ഒരുവര്‍ഷത്തേക്കാണ് ഹെല്‍പ് ഡെസ്‌കിന്റെ പ്രവര്‍ത്തനം. വിജയകരമായാല്‍ ഇത് സ്ഥിരം സംവിധാനമാക്കി മാറ്റാനും ആലോചനയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ തന്നെ ആദ്യമായാണ് ഐ.സി.എ.ഐയും ഒരു സംസ്ഥാന സര്‍ക്കാരും സഹകരിച്ച് എം.എസ്.എം.ഇകള്‍ക്കായി ഇത്തരം ഹെല്‍പ് ഡെസ്‌ക് ആരംഭിക്കുന്നത്.
കേരളത്തില്‍ ഒന്നും നടക്കുന്നില്ലെന്ന വിമര്‍ശനങ്ങള്‍ മാറി: മന്ത്രി പി. രാജീവ്
വ്യവസായരംഗത്ത് കേരളത്തില്‍ ഒന്നും നടക്കുന്നില്ലെന്ന പരാതികളും വിമര്‍ശനങ്ങളും ഇപ്പോള്‍ ഇല്ലെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. എം.എസ്.എം.ഇ സമ്മിറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലാണ് ഐ.എന്‍.എസ് വിക്രാന്ത് നിര്‍മ്മിച്ചത്. കേരളത്തിലാണ് അത് നിര്‍മ്മിച്ചതെന്നതിനാല്‍ അത് 'മെയ്ഡ് ഇന്‍ കേരള' ഉത്പന്നമാണ്.
കേരളത്തില്‍ പ്രതിവര്‍ഷം ശരാശരി 10,000 ചെറുകിട സംരംഭങ്ങളാണ് ആരംഭിച്ചിരുന്നത്. സംരംഭക വര്‍ഷം പദ്ധതിയിലൂടെ, എല്ലാ വകുപ്പുകളും സഹകരിച്ച് 2022-23ല്‍ ഒരുലക്ഷം പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ ലക്ഷ്യമിട്ടു. എന്നാല്‍, സാമ്പത്തിക വര്‍ഷം അവസാനിപ്പിച്ചപ്പോഴേക്കും തുടങ്ങിയ പുതിയ സംരംഭങ്ങള്‍ 1.39 ലക്ഷമാണ്. 8,413 കോടി രൂപയുടെ നിക്ഷേപവുമെത്തി. 2.99 ലക്ഷം തൊഴിലവസരങ്ങളും സൃഷ്ടിച്ചു.
പുതു സംരംഭങ്ങളില്‍ 25 ശതമാനവും ഭക്ഷ്യസംസ്‌കരണ മേഖലയിലാണ്. 35 ശതമാനം പുതിയ സംരംഭകരും സ്ത്രീകളാണെന്നതും പ്രത്യേകതയാണ്.
രാജ്യത്ത് ആരംഭിക്കുന്ന സംരംഭങ്ങളില്‍ 30 ശതമാനത്തോളം മാത്രമേ നിലനില്‍ക്കുന്നുള്ളൂ. കേരളത്തില്‍ പുത്തന്‍ സംരംഭങ്ങളുടെ സുസ്ഥിര വളര്‍ച്ച ഉറപ്പാക്കാന്‍ 'സ്റ്റാറ്റിയൂട്ടറി ഗ്രീവന്‍സ് മെക്കാനിസം' ആരംഭിച്ചു. ഐ.സി.എ.ഐയുമായുള്ള സഹകരണവും ഇതിന് നേട്ടമാകും. നിക്ഷേപകര്‍ക്ക് ഇന്‍സെന്റീവുകളുമായി പുതിയ വ്യവസായനയം കൊണ്ടുവന്നു.
മിഷൻ 1000
'മിഷന്‍ 1000' പദ്ധതിയിലൂടെ ആയിരം സംരംഭങ്ങളെ തിരഞ്ഞെടുത്ത് അവയെ മൊത്തം ഒരുലക്ഷം കോടി രൂപ വാര്‍ഷിക വിറ്റുവരവുള്ളവയാക്കി മാറ്റാനും ലക്ഷ്യമിടുകയാണെന്നും മന്ത്രി പറഞ്ഞു.