ലുലു മാള്‍ അഹമ്മദാബാദ് ഈ മാസം അവസാനം, ചെന്നൈയിലും ഉടന്‍
മാളുകള്‍ കൂടാതെ ഹൈപ്പര്‍ മാര്‍ക്കറ്റ് ചെയ്‌നും വ്യാപിപ്പിക്കാന്‍ ലുലു ഗ്രൂപ്പിന് പദ്ധതി; വ്യക്തമാക്കി എം.എ യൂസഫലി
ഇന്ത്യയിലുടനീളം ഷോപ്പിംഗ് മാളുകളും ഹൈപ്പര്‍ മാര്‍ക്കറ്റ് ചെയ്‌നും വ്യാപിപ്പിക്കുകയാണ് ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍. അഹമ്മദാബാദില്‍ പണി പൂര്‍ത്തിയായ ഷോപ്പിംഗ് മാള്‍ ഈ മാസം അവസാനത്തോടെ തുറക്കും. ഇക്കഴിഞ്ഞ ദിവസം ഇന്ത്യ-സൗദി അറേബ്യ ഇന്‍വെസ്റ്റ്‌മെന്റ് ഫോറത്തില്‍ പങ്കെടുക്കവെ എ.എന്‍.ഐയോടാണ് ലുലു ഗ്രൂപ്പ് മാനേജിങ് ഡയറക്റ്റർ എം.എ യൂസഫലി ഇക്കാര്യം വ്യക്തമാക്കിയത്. ചെന്നൈയിലും ഉടന്‍ ലുലു മാളെത്തുമെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി, തിരുവനന്തപുരം,ബംഗളൂരു, ലഖ്നൗ, കോയമ്പത്തൂര്‍ എന്നിവിടങ്ങള്‍ക്ക് ശേഷം ഷോപ്പിംഗ് മാള്‍ സാന്നിധ്യമുള്ള ആറാമത്തെ നഗരമായിരിക്കും അഹമ്മദാബാദ്. അഹമ്മദാബാദിലെ മാളിലെ ജീവനക്കാരില്‍ അധികവും പ്രാദേശിക തലത്തില്‍ നിന്നുള്ളവരായിരിക്കുമെന്നാണ് സൂചന.
Also Read : ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ഐ.പി.ഒ 2024 ആദ്യം
മാളുകള്‍ കൂടാതെ ഹൈപ്പര്‍ മാര്‍ക്കറ്റ് ചെയ്‌നും വ്യാപിപ്പിക്കാന്‍ ലുലു ഗ്രൂപ്പിന് പദ്ധതിയുണ്ട്. നിലവില്‍ 250 ലധികം ഹൈപ്പര്‍മാര്‍ക്കറ്റുകളും സൂപ്പര്‍മാര്‍ക്കറ്റുകളും ലുലു ഗ്രൂപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്നു. കൂടാതെ ജി.സി.സി, ഈജിപ്റ്റ്, ഇന്ത്യ, ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളില്‍ ഉടനീളം ഹൈപ്പര്‍മാര്‍ക്കറ്റ് സാന്നിധ്യമുണ്ട്. 42 വ്യത്യസ്ത രാജ്യങ്ങളിലായി 65,000ത്തോളം ജീവനക്കാര്‍ ലുലു ഗ്രൂപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്നു, കൂടാതെ ആഗോളതലത്തില്‍ 800 കോടി ഡോളറിന്റെ വാര്‍ഷിക വിറ്റുവരവുമുണ്ട്.
കേരളത്തിലും മാളുകള്‍
ഉത്തര്‍പ്രദേശിലും കേരളത്തിലും മാളുകളും സൂപ്പര്‍ മാര്‍ക്കറ്റുകളും വ്യാപിപ്പിക്കാനുള്ള പദ്ധതി നേരത്തെ തന്നെ ലുലു ഗ്രൂപ്പ് പ്രഖ്യാപിച്ചിരുന്നു. കേരളത്തില്‍ അഞ്ച് ചെറിയ മാളുകളുടെ നിര്‍മാണ പ്രവര്‍ത്തനം നടക്കുകയാണ്. നോയിഡയിലെ ഫുഡ് പാര്‍ക്ക് അവസാന ഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങളിലാണ്. ലക്നൗവിലും മൂന്നു ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ പദ്ധതി ഇടുന്നുണ്ട്. ഉത്തര്‍പ്രദേശ് സര്‍ക്കാരുമായി ഷോപ്പിംഗ് മാളുകള്‍ക്കും ഹോട്ടലുകള്‍ക്കുമായാണ് കരാര്‍ ഒപ്പു വച്ചിരിക്കുന്നത്. 4,500 കോടി രൂപ മുതല്‍ മുടക്കില്‍ ആറ് മാളുകളാണ് ഇവിടെ സ്ഥാപിക്കുക