ഈ ബാങ്കുകളുടെ കാര്‍ഡുണ്ടോ? ആമസോണിലും ഫ്‌ളിപ്കാര്‍ട്ടിലും അടിപൊളി ഓഫറുകള്‍ക്ക് പുറമെ അധികലാഭം നേടാം
കമ്പനികള്‍ പ്രഖ്യാപിച്ച ഓഫറുകള്‍ക്ക് പുറമെ ചില ബാങ്കുകളുടെ ക്രെഡിറ്റ് / ഡെബിറ്റ് കാര്‍ഡുകളുണ്ടെങ്കില്‍ അധികലാഭം നേടാനുള്ള അവസരം
ഏറ്റവും ആകര്‍ഷകമായ ഉത്പന്നങ്ങള്‍ വിലക്കുറവില്‍ അണിനിരത്തി ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളായ ആമസോണിലും ഫ്‌ളിപ്കാര്‍ട്ടിലും ഓഫറുകളുടെ പെരുമഴ. ഈ മാസം 27ന് തുടങ്ങുന്ന ഓഫറുകള്‍ക്കായി അവസാനവട്ട തയ്യാറെടുപ്പുകള്‍ പുരോഗമിക്കുകയാണ്. ആമസോണില്‍ ദ ഗ്രേറ്റ് ഇന്ത്യന്‍ ഷോപ്പിംഗ് ഫെസ്റ്റിവല്‍ എന്ന പേരിലും ഫ്‌ളിപ്കാര്‍ട്ടില്‍ ബിഗ് ബില്യന്‍ ഡേയ്‌സ് എന്ന പേരിലുമാണ് വാര്‍ഷിക സെയില്‍ നടക്കുന്നത്. കമ്പനികള്‍ പ്രഖ്യാപിച്ച ഓഫറുകള്‍ക്ക് പുറമെ ചില ബാങ്കുകളുടെ ക്രെഡിറ്റ് / ഡെബിറ്റ് കാര്‍ഡുകളുണ്ടെങ്കില്‍ അധികലാഭം നേടാനുള്ള അവസരവുമുണ്ട്.
ആമസോണ്‍
മുന്‍നിര ഗ്രൂപ്പുകളുടെ സ്മാര്‍ട്ട്‌ഫോണ്‍, ഫാഷന്‍, ടിവി, ഇലക്ട്രോണിക്‌സ്, ഗ്രോസറി, ലാപ്‌ടോപ് തുടങ്ങി നിരവധി ഉത്പന്നങ്ങള്‍ക്കാണ് ആമസോണ്‍ ഓഫറുകള്‍ പ്രഖ്യാപിച്ചത്. ഔദ്യോഗികമായി തുടങ്ങുന്നതിന് 24 മണിക്കൂര്‍ മുമ്പ് പ്രൈം അംഗങ്ങള്‍ക്ക് ഈ ഓഫറുകള്‍ ലഭ്യമാകും. ആമസോണ്‍ കിക്ക് സ്റ്റാർട്ടർ എന്ന പേരില്‍ ഇതിനോടകം തന്നെ ചില ഉത്പന്നങ്ങള്‍ക്ക് ഓഫറുകള്‍ തുടങ്ങിയിട്ടുണ്ട്. എസ്.ബി.ഐ ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുള്ളവര്‍ക്ക് 10 ശതമാനം കാഷ് ബാക്ക് ലഭിക്കും. ഇതിന് പുറമെ പ്രൈം അംഗങ്ങള്‍ ആമസോണ്‍ പേ, ഐ.സി.സി.ഐ ബാങ്ക് ക്രെഡിറ്റ്കാര്‍ഡ് തുടങ്ങിയ രീതിയില്‍ പണമിടപാട് നടത്തുമ്പോള്‍ 5 ശതമാനവും ഇളവ് ലഭിക്കും.
ഫ്‌ളിപ്കാര്‍ട്ട്
ആമസോണിന് സമാനമായി ഈ മാസം 27ന് തന്നെയാണ് ഫ്‌ളിപ്കാര്‍ട്ടിന്റെയും ബിഗ് ബില്യന്‍ സെയില്‍ തുടങ്ങുന്നത്. 24 മണിക്കൂര്‍ മുമ്പ് ഫ്‌ളിപ്കാര്‍ട്ടിന്റെ പ്രീമിയം ഉപയോക്താക്കള്‍ക്ക് ലഭ്യമായിത്തുടങ്ങും. നിലവിലുള്ള ഓഫറുകള്‍ക്ക് പുറമെ എച്ച്.ഡി.എഫ്.സി ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുകള്‍, ഈസി ഇ.എം.ഐ ഇടപാടുകള്‍ക്ക് 10 ശതമാനം അധിക ഇളവും ലഭിക്കും.
എത്ര ലാഭം?
ഇതെങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് നോക്കാം. ആമസോണിലുള്ള കിക്ക് സ്റ്റാര്‍ട്ടര്‍ ഓഫര്‍ അനുസരിച്ച് 1,26,628 രൂപ എം.ആര്‍.പിയുണ്ടായിരുന്ന ലെനോവോ ലാപ്‌ടോപ്പ് നിലവില്‍ 48,490 രൂപയാണെന്ന് ആമസോണ്‍ വെബ്‌സൈറ്റ് പറയുന്നു. അതായത് 78,138 രൂപ കുറവ്. ഇനി നിങ്ങളുടെ കയ്യില്‍ എസ്.ബി.ഐ കാര്‍ഡുണ്ടെങ്കില്‍ 10 ശതമാനം അതായത് 4,849 രൂപ അധിക ഡിസ്‌കൗണ്ട് ലഭിക്കും. അതായത് ആകെ ലാഭം 87,836 രൂപ !.
അധിക ലാഭം
ഈ ഓഫറുകള്‍ക്ക് പുറമെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി സാധനങ്ങള്‍ വാങ്ങിയാല്‍ വേറെയും ഗുണങ്ങളുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. ഇവ പരിശോധിക്കാം
തവണകളായി അടച്ചാല്‍ മതി
സാധനങ്ങള്‍ വാങ്ങിയ പണം തവണകളായി തിരിച്ചടയ്ക്കാന്‍ കഴിയുമെന്നതാണ് ക്രെഡിറ്റ് കാര്‍ഡുകളുടെ ഉപയോഗം. ഉയര്‍ന്ന വിലയുള്ള സ്മാര്‍ട്ട് ഫോണ്‍, ഇലക്ട്രോണിക്‌സ്, വീട്ടുപകരണങ്ങള്‍ എന്നിവ മാസത്തവണകളായി അടയ്ക്കാന്‍ കഴിയും. ഇതിന് ചെറിയ പലിശ നല്‍കിയാല്‍ മതി. ചില ക്രെഡിറ്റ് കാര്‍ഡുകള്‍ നോ കോസ്റ്റ് ഇ.എം.ഐ സൗകര്യവും നല്‍കാറുണ്ട്.
ക്യാഷ്ബാക്ക് ഓഫറുകള്‍
പല ക്രെഡിറ്റ് കാര്‍ഡുകളും മികച്ച ക്യാഷ്ബാക്ക് ഓഫറുകള്‍ ഇടയ്ക്കിടയ്ക്ക് ഏര്‍പ്പെടുത്താറുണ്ട്. ആകെ ചെലവിട്ട തുകയുടെ 5 ശതമാനമൊക്കെയാണ് ഇത്തരം ക്യാഷ്ബാക്കുകള്‍. ഇത് സാധനങ്ങളുടെ ആകെ വിലയില്‍ കാര്യമായ കുറവുണ്ടാക്കും.
റിവാര്‍ഡ് പോയിന്റുകള്‍
ഓരോ തവണ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങുമ്പോഴും റിവാര്‍ഡ് പോയിന്റുകള്‍ ലഭിക്കും. ഇവ പിന്നീടുള്ള ഷോപ്പിംഗിനോ, യാത്രാചെലവുകള്‍ക്കോ ഉപയോഗിക്കാം.
ക്രെഡിറ്റ് ഹിസ്റ്ററി
വായ്പയെടുത്താല്‍ തിരിച്ചടയ്ക്കാനുള്ള കഴിവുണ്ടോ എന്ന് പരിശോധിക്കുന്നത് ഒരാളുടെ ക്രെഡിറ്റ് സ്‌കോര്‍ നോക്കിയിട്ടാണ്. സിബില്‍ സ്‌കോര്‍ പോലുള്ളവ ഇതിന് ഉദാഹരണമാണ്. ശരിയായ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗത്തിലൂടെയും കൃത്യസമയത്തെ തിരിച്ചടവിലൂടെയും മികച്ച ക്രെഡിറ്റ് ഹിസ്റ്ററി സ്വന്തമാക്കാനും അവസരമുണ്ട്.
ഇടപാടുകള്‍ പ്ലാന്‍ ചെയ്താല്‍ പൊളിക്കും
ശരിക്കും ക്രെഡിറ്റ് കാര്‍ഡുകള്‍ സൗജന്യമായി പണം കൊടുക്കുന്നില്ല. ബില്ല് ജനറേറ്റായത് മുതല്‍ നിശ്ചിതദിവസത്തേക്ക് പലിശ രഹിത വായ്പയാണ് ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കുന്നത്. നിശ്ചിത സമയത്തിനുള്ളില്‍ ക്രെഡിറ്റ് കാര്‍ഡ് ബില്ലടയ്ക്കാന്‍ ശ്രദ്ധിക്കണം. എല്ലാ മാസവും ലഭിക്കുന്ന ശമ്പളം ഉപയോഗിച്ച് ബില്ലടച്ചാല്‍ ബാക്കി ചെലവുകള്‍ ക്രെഡിറ്റ് കാര്‍ഡ് നോക്കിക്കൊള്ളും. കൃത്യമായി പണം കൈകാര്യം ചെയ്യാന്‍ അറിയാമെങ്കില്‍ സംഗതി പൊളിക്കും. ഏറെ ഉപയോഗങ്ങളുള്ള ക്രെഡിറ്റ് കാര്‍ഡുകള്‍ പാരയായി മാറാതിരിക്കാന്‍ ശ്രദ്ധിച്ചാല്‍ മതി.