സൊമാറ്റോ, സ്വിഗ്ഗി എതിരാളികളെ തോല്‍പ്പിക്കാന്‍ ജിയോമാര്‍ട്ട്, സീറോ ഡെലിവറി ചാര്‍ജ്, പുതു തന്ത്രങ്ങളുമായി റിലയന്‍സ്

കമ്പനിയുടെ വിപുലമായ സ്റ്റോറുകളുടെ ശൃംഖല ജിയോ മാര്‍ട്ട് പ്രയോജനപ്പെടുത്തും

Update:2024-10-10 17:03 IST
സാധനങ്ങള്‍ വീടുകളില്‍ എത്തിക്കാന്‍ ഡെലിവറി പ്ലാറ്റ്‌ഫോമുകളെ ആശ്രയിക്കുന്നവര്‍ വര്‍ധിച്ചു വരുകയാണ്. സൊമാറ്റോയുടെ ഉടമസ്ഥതയിലുള്ള ബ്ലിങ്കിറ്റ്, സ്വിഗ്ഗിയുടെ ഇന്‍സ്റ്റാമാര്‍ട്ട്, ബിഗ് ബാസ്കറ്റ് തുടങ്ങിയവാണ് ഈ രംഗത്ത് നിലവില്‍ ആധിപത്യം പുലര്‍ത്തുന്നത്. റിലയൻസ് റീട്ടെയിൽ കൂടി ഈ മേഖലയില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണ്.

വേഗത്തില്‍ സാധനങ്ങള്‍ എത്തിക്കും

ഇതിന്റെ ഭാഗമായി നവി മുംബൈയിലും ബംഗളൂരുവിലും കമ്പനിയുടെ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ജിയോമാർട്ട് പ്രവര്‍ത്തനം ശക്തിപ്പെടുത്തിയിരിക്കുകയാണ്. 10-15 മിനിറ്റ്, 30 മിനിറ്റ് സമയ പരിധിക്കുളളില്‍ ഓർഡര്‍ ചെയ്ത സാധനങ്ങള്‍ ഡെലിവര്‍ ചെയ്യുന്നതിനുളള ശ്രമങ്ങളാണ് ജിയോ മാര്‍ട്ട് നടത്തുന്നത്.
തുടക്കത്തിൽ പലചരക്ക് ഇനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പദ്ധതിയുളളത്. തുടര്‍ന്ന് വസ്ത്ര ഉല്‍പ്പന്നങ്ങളും ഇലക്ട്രോണിക് ഉൽപ്പന്നങ്ങളും ഉൾപ്പെടുത്തി ഡെലിവറി പ്ലാറ്റ്‌ഫോം വിപുലീകരിക്കാനാണ് റിലയൻസിന് പദ്ധതി.
കമ്പനിയുടെ റിലയൻസ് ഡിജിറ്റൽ, ട്രെൻഡ്സ് എന്നിവയുൾപ്പെടെയുള്ള വിപുലമായ സ്റ്റോറുകളുടെ ശൃംഖല ജിയോ മാര്‍ട്ട് പ്രയോജനപ്പെടുത്തുന്നതാണ്.

വിപുലമായ ശൃംഖല പ്രയോജനപ്പെടുത്തും

ഏത് ചെറിയ സാധനങ്ങള്‍ ഓർഡർ ചെയ്താലും ഡെലിവറി ഫീസ്, പ്ലാറ്റ്ഫോം ഫീസ്, സർജ് ഫീസ് എന്നിവ ഒഴിവാക്കി ഉപയോക്താക്കളെ ആകർഷിക്കാനാണ് റിലയൻസ് ലക്ഷ്യമിടുന്നത്. 10,000-12,000 സ്റ്റോക്ക് കീപ്പിംഗ് യൂണിറ്റുകളുടെ വിശാലമായ ശൃംഖലയാണ് റിലയന്‍സിനുളളത്. ഇതുവഴി 5,000 പിന്‍കോഡുകളിലായി പരന്നു കിടക്കുന്ന 1,150 ഓളം ചെറുപട്ടണങ്ങളില്‍ പ്രവര്‍ത്തനം വ്യാപിക്കാനാണ് ഉദ്ദേശമുളളത്.
സൊമാറ്റോ, സ്വിഗ്ഗി തുടങ്ങിയ എതിരാളികള്‍ക്ക് കാര്യമായ സ്വാധീനമില്ലാത്ത ചെറിയ നഗരങ്ങളിലും പട്ടണങ്ങളിലും കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കും.
സൗകര്യപ്രദവുമായ ഡെലിവറികളും വിശാലമായ ഉൽപ്പന്ന തിരഞ്ഞെടുപ്പുകളും വാഗ്ദാനം ചെയ്യുന്നതിലൂടെ അതിവേഗം വളരുന്ന ഡെലിവറി പ്ലാറ്റ്‌ഫോം വിപണിയിൽ കടുത്ത മത്സരം കാഴ്ചവെക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്.
ഉയർന്ന ട്രാഫിക്കുള്ള വലിയ നഗരങ്ങളിൽ 30 മിനിറ്റിനുള്ളിൽ ഓർഡറുകൾ ഡെലിവറി ചെയ്യുന്നതിന് കമ്പനിക്ക് വെല്ലുവിളികൾ ഉണ്ടാകും. എന്നാല്‍ കമ്പനിയുടെ വിപുലമായ സ്റ്റോര്‍ നെറ്റ്‌വർക്ക് പ്രയോജനപ്പെടുത്തി വിപണിയില്‍ സ്വാധീനം ചെലുത്താനാകുമെന്നാണ് കമ്പനി വിലയിരുത്തുന്നത്.
Tags:    

Similar News