1.25 ശതകോടി ഡോളര്‍ ഫണ്ട് നേടി സ്വിഗ്ഗി; മൂല്യം 5.5 ശതകോടി ഡോളറായി

ഓണ്‍ലൈന്‍ ഗ്രോസറി രംഗത്ത് കൂടുതല്‍ നിക്ഷേപം നടത്താനാണ് സ്വിഗ്ഗിയുടെ നീക്കം

Update: 2021-07-21 06:00 GMT

1.25 ശതകോടി ഡോളര്‍ (ഏകദേശം 9325 കോടി രൂപ) നിക്ഷേപം നേടി പ്രമുഖ ഫുഡ് ഡെലിവറി പ്ലാന്റ്‌ഫോമായ സ്വിഗ്ഗി. നിലവില്‍ സ്വിഗ്ഗിയില്‍ നിക്ഷേപമുള്ള പ്രോസസും സോഫ്റ്റ്ബാങ്ക് വിഷന്‍ ഫണ്ട് 2 മാണ് വന്‍നിക്ഷേപം നടത്തിയത്. ഇതോടെ കമ്പനിയുടെ മൂല്യം 5.5 ശതകോടി ഡോളറായി. (ഏകദേശം 41,031 കോടി രൂപ).

ബിസിനസ് എതിരാളിയായ സൊമോറ്റോ 1.3 ശതകോടി ഡോളര്‍ ഐപിഒ വഴി സമാഹരിച്ചതിനു പിന്നാലെയാണ് നിക്ഷേപ വാര്‍ത്ത സ്വിഗ്ഗി പുറത്തു വിട്ടത്. ഫുഡ് ഡെലവറി ബിസിനസിനൊപ്പം കമ്പനിയുടെ ഗ്രോസറി ഡെലിവറി ബിസിനസ് സ്ഥാപനമായ ഇന്‍സ്റ്റാമാര്‍ട്ടിന്റെ പ്രവര്‍ത്തനത്തിനായും പുതിയ ഏറ്റെടുക്കലിനുമായുമാകും കൂടുതല്‍ തുക ചെലവിടുക. മാത്രമല്ല, പിക്ക് അപ്പ് ആന്റ് ഡ്രോപ്പ് സര്‍വീസ് നല്‍കുന്ന സ്വിഗ്ഗി ജെനി കമ്പനിയിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് സ്വിഗ്ഗി മാനേജ്‌മെന്റ് പറയുന്നു.
സൊമാറ്റോയും ഓണ്‍ലൈന്‍ ഗ്രോസറി ബിസിനസില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് അറിയിച്ചിരുന്നു. നിലവില്‍ ഗ്രോഫേഴ്‌സില്‍ 100 ദശലക്ഷം ഡോളര്‍ നിക്ഷേപമുള്ള സൊമാറ്റോ കൂടുതല്‍ ഏറ്റെടുക്കലുകളും നടത്തുമെന്നും അറിയിച്ചിരുന്നു.
ഇതിനു മുമ്പ് 2018 ലാണ് സ്വിഗ്ഗി വന്‍തുക ഫണ്ട് നേടിയിരുന്നത്. അന്ന് 1 ശതകോടി ഡോളറാണ് പ്രോസസിന്റെ നേതൃത്വത്തിലുള്ള നിക്ഷേപകര്‍ സ്വിഗ്ഗിയില്‍ നിക്ഷേപിച്ചത്.
രാജ്യത്തെ 500 നഗരങ്ങളിലെ 1.50 ലക്ഷം റസ്റ്റൊറന്റുകളും ഷോപ്പുകളും സ്വിഗ്ഗിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്.




Tags:    

Similar News